|    May 23 Wed, 2018 10:47 am
FLASH NEWS

റെയില്‍വേ സ്റ്റേഷന്‍ ടെര്‍മിനല്‍ നിര്‍മാണം അവസാനഘട്ടത്തില്‍

Published : 14th November 2016 | Posted By: SMR

ചങ്ങനാശ്ശേരി: റെയില്‍വേ സ്റ്റേഷന്‍ പുതിയ ടെര്‍മിനലിന്റെ പണികള്‍ അവസാനഘട്ടത്തില്‍. ആധുനിക രീതിയിലുള്ള കെട്ടിടം 2017 ജനുവരി ആദ്യവാരത്തോടെ തുറക്കാന്‍ സാധ്യത. അതിനായി ദ്രുതഗതിയില്‍ ബാക്കി പണികള്‍ നടന്നുവരികയാണ്. 2016 ജനുവരിയോടെ പണികള്‍ പൂര്‍ത്തിയാക്കാനായിരുന്നു ആദ്യ നീക്കം. പിന്നീട് പണികള്‍ നീണ്ടുപോവുകയും ജൂണോടെ തുറന്നു കൊടുക്കാനും കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ സാന്നിധ്യത്തില്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് ചങ്ങനാശ്ശേരി ടിബിയില്‍ ചേര്‍ന്ന റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും മറ്റു വകുപ്പു മേധാവികളുടേയും യോഗം തീരുമാനിച്ചിരുന്നു. ഇതിനായി പണികള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണെന്നും റെയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം ചീഫ്്് എന്‍ജിനീയര്‍ യോഗത്തെ അറിയിച്ചിരുന്നു. 2015 ജൂണ്‍ 20ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവായിരുന്നു ഇതിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. റെയില്‍വേ സ്റ്റേഷന്റെ ഒരു ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന നിലവിലെ കെട്ടിടം സ്റ്റേഷന്റെ മധ്യഭാഗത്തേക്കു മാറ്റി സ്ഥാപിക്കണമെന്നു വര്‍ഷങ്ങളായി ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ശ്രമ ഫലമായാണ്്് മധ്യഭാഗത്തേക്കു മാറ്റി പുതിയത് സ്ഥാപിക്കാന്‍ തീരുമാനമായത്. സ്റ്റേഷന്‍ കെട്ടിടത്തിന് ഏഴു കോടിയും ഇലക്ട്രിക്കല്‍ ജോലികള്‍ക്കു നാലു കോടിയും ഉള്‍പ്പെടെ 11 കോടിയാണ് ഇതിന്റെ നിര്‍മാണ ചെലവ്. 18 മാസങ്ങള്‍ കൊണ്ട് പണികള്‍ പൂര്‍ത്തീകരിക്കാനാണ് ഉദേശിക്കുന്നതെങ്കിലും വിവിധ കാരണങ്ങളാല്‍ പണികള്‍ നീണ്ടുപോവുകയായിരുന്നു. സ്റ്റേഷന്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് പ്ലാറ്റ്‌ഫോമിലേക്കു മാറിക്കയറാന്‍ നിലവിലുള്ള ഒരു മേല്‍പ്പാലം കൂടാതെ ഒന്നുകൂടി സ്റ്റേഷനില്‍ നിര്‍മിക്കും.നിലവില്‍ ചെങ്ങന്നൂര്‍-ചിങ്ങവനം പാതയിരട്ടിപ്പിക്കല്‍ ജോലിയില്‍ ഉള്‍പ്പെടുത്താതെ അധികമായിട്ടാണ് പുതിയ കെട്ടിടത്തിന്റെ പണികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പുതിയ സ്റ്റേഷനില്‍ കൂടുതലായി മൂന്നു വാട്ടര്‍ കൂളറുകള്‍ സ്ഥാപിക്കും.ഇതില്‍ രണ്ടെണ്ണം രണ്ടാമത്തെ പ്ലാറ്റ്്‌ഫോമിലാകും സ്ഥാപിക്കുക.നിലവില്‍ ഒരു റിസര്‍വേഷന്‍ കൗണ്ടറാണുള്ളത്. അതു കൂടാതെ ഒന്നുകൂടി പുതിയ കെട്ടിടത്തില്‍ ഉണ്ടാകും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ അഞ്ചു റിസര്‍വേഷന്‍ കൗണ്ടറുകള്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കും. ബി കാറ്റഗറിയില്‍പ്പെട്ട റെയില്‍വേ സ്റ്റേഷന്‍ എന്ന നിലയില്‍ 550 മീറ്റര്‍ നീളത്തില്‍ മൂന്നു പ്ലാഫോമുകളാകും നിര്‍മിക്കുക.വിഐപി ലോഞ്ച്, സ്റ്റേഷന്‍ മാസ്റ്റര്‍ റൂം, സ്റ്റേര്‍, ബുക്കിങ് ഓഫിസ്, ക്യൂ സംവിധാനം, വെയിറ്റിങ് ഹാള്‍, സ്ത്രീകള്‍ക്കായി പ്രത്യേക ഇരിപ്പിടവും ശൗച്യായലയങ്ങളും എസ്ടിഡി, ഇന്‍ഫര്‍മേഷന്‍, സൂപ്പര്‍വൈസര്‍ റൂം, ടിക്കറ്റ് വെന്റിങ് മെഷീന്‍, അംഗ വൈകല്യമുള്ളവര്‍ക്ക് ടിക്കറ്റെടുക്കാന്‍ പ്രത്യേക സംവിധാനം തുടങ്ങിയവയും പുതിയ ടര്‍മിനലില്‍ ഉണ്ടാവും. നിലവിലുള്ള ഓഫിസ് കെട്ടിടത്തില്‍ പിആര്‍എഫ് ഔട്ട് പോസ്റ്റേ്, കുടിവെള്ള ശുദ്ധീകരണപ്ലാന്റ്, ജനറേറ്റര്‍ മുറി, പാഴ്‌സല്‍ ഓഫിസ്, ബാറ്ററി റൂം എന്നിവ പ്രവര്‍ത്തിപ്പിക്കും. കൂടാതെ വികസനത്തിന്റെ ഭാഗമായി ഗുഡ് ഷെഡ് റോഡും വീതികൂട്ടുന്ന ജോലികളും നടന്നു വരുന്നു. നീലനിറത്തിലുള്ള ഗാല്‍വനൈസ്ഡ് റൂഫിങാവും പുതിയ പ്ലാറ്റ് ഫോമില്‍ ഇടുക. കെട്ടിടം ഒഴികെയുള്ള ഭാഗത്ത്് ടാറിങ് നടത്തും. പുതിയ റെയില്‍വേ ടെര്‍മിനല്‍ പണിപൂര്‍ത്തിയാവുന്നതോടെ ചങ്ങനാശ്ശേരിയില്‍ കൂടുതല്‍ യാത്രക്കാര്‍ എത്താനും അതുവഴി നഗരത്തിന്റെ വികസനം ത്വരിതഗതിയിലാവുമെന്നുമാണ് പ്രതീക്ഷ. പഴയ കെട്ടിടം പൊളിച്ചുമാറ്റാതെ അതും വിവിധ ഓഫിസുകള്‍ക്കായി പ്രയോജനപ്പെടുത്താനുമാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്. വാഴൂര്‍ റോഡില്‍ ബൈപാസ് ജങ്ഷനിലെ മേല്‍പ്പാലം കഴിഞ്ഞ ദിവസം ഗതാഗതത്തിനായി തുറന്നതോടെ ഡിസംബര്‍ ആദ്യവാരം പഴയ പാലവും പൊളിക്കും. അതോടെ ഈ ഭാഗത്തെ ഇരട്ടപാത നിര്‍മാണവും ആരംഭിക്കും. അതുകൂടി പൂര്‍ത്തിയാകുന്നതോടെ ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനു പുതിയ മുഖമാവും കൈവരിക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss