|    Jan 19 Thu, 2017 2:25 pm
FLASH NEWS

റെയില്‍വേ സ്റ്റേഷനില്‍ സ്വകാര്യ ബസ്സുകള്‍ക്ക് വിലക്ക്

Published : 9th December 2015 | Posted By: SMR

ആലപ്പുഴ: റെയില്‍ സ്റ്റേഷനില്‍ സ്വകാര്യ ബസ്സുകള്‍ റെയില്‍ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിന് സ്റ്റേഷന്‍ പരിധിയില്‍ നിരോധനം. കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് സമീപത്തെ റെയില്‍വേ ക്രോസിന് മുന്നില്‍ സര്‍വീസ് അവസാനിപ്പിക്കേണ്ട സ്ഥിതിയാണിപ്പോള്‍. ഇതുമൂലം ബസ്സില്‍ കയറണമെങ്കില്‍ അരക്കിലോമീറ്ററിലധികം നടക്കുകയോ ഓട്ടോയിലെത്തുകയോ വേണം.
ദിനം പ്രതി ട്രെയിന്‍ യാത്ര നടത്തുന്ന ഉദ്യോഗസ്ഥരെയും വിദ്യാര്‍ഥികളെയും ഇതര സ്ഥലങ്ങളില്‍ വിവിധ ജോലികള്‍ക്കായി പോവുന്നവരെയുമാണ് ഏറെ കഷ്ടപ്പെടുത്തുന്നത്. കൃത്യസമയത്ത് സ്‌റ്റേഷനിലെത്തി ട്രെയിനില്‍ കയറാന്‍ റെയില്‍വേയുടെ പുതിയ നിഷേധ നയം മൂലം യാത്രക്കാര്‍ക്ക് കഴിയാതായിരിക്കുന്നു.
അയല്‍ സംസ്ഥാനങ്ങളിലേക്കും സംസ്ഥാന തലസ്ഥാനത്തേക്കും അത്യാവശ്യങ്ങള്‍ക്ക് പോവേണ്ടിവരുന്നവരും മെഡിക്കല്‍ കോളജ്, ആര്‍ സി സി തുടങ്ങി ആശുപത്രികളില്‍ എത്തേണ്ട രോഗികളെയും റെയില്‍വേയുടെ നടപടി വിഷമിപ്പിക്കുകയാണ്. മണ്ണഞ്ചേരി, കലവൂര്‍, ഇരട്ടക്കുളങ്ങര തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള നൂറോളം സര്‍വീസുകളാണ് ദിനംപ്രതി റെയില്‍വേ സ്റ്റേഷനിലേക്കുള്ളത്. ഏതാനും കെഎസ്ആര്‍ടിസി സര്‍വീസുകളും നടത്തുന്നുണ്ട്.
റെയില്‍വേ അധികൃതരുടെ പുതിയ തീരുമാനം ആയിരക്കണക്കിന് യാത്രക്കാരെയാണ് വലച്ചിരിക്കുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് റെയില്‍വേ സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. റെയില്‍വേ റോഡിലേക്ക് പ്രവേശനം തടയാന്‍ റോഡിന് കുറുകെ ഇരുമ്പ് പാനലുകള്‍ നിരത്തിയിരിക്കുകയാണ്. ഇത് മൂലം റെയില്‍വേ സ്റ്റേഷനിലെത്താന്‍ യാത്രക്കാര്‍ ഓട്ടോറിക്ഷയെ ആശ്രയിക്കണം. കുറഞ്ഞ ദൂരമായതിനാല്‍ ഓട്ടോക്കാരും എത്തില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. യാത്രക്കാര്‍ അവരുടെ ലഗേജുകളും കുട്ടികളുമായി ബസ്സിറങ്ങി നടന്നുപോകുന്ന കാഴ്ച വളരെ ദയനീയമാണ്.
ആലപ്പുഴയില്‍ ട്രെയിന്‍ എത്തിയ നാള്‍ മുതല്‍ തുടര്‍ന്ന് വരുന്ന സര്‍വീസിനും യാത്രയ്ക്കുമാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ റെയില്‍വേ അധികൃതര്‍ വിലക്കേര്‍പ്പിടുത്തിയിരിക്കുന്നത്. ഇതിനെതിരേ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് പ്രക്ഷോഭത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു.
ബസ്സുടമകളും ജീവനക്കാരും പല തവണ സ്റ്റേഷന്‍ അധികാരികളെ കണ്ട് പരാതി പറഞ്ഞെങ്കിലും ഒരു പ്രശ്‌നവുമില്ല, എല്ലാം ഉടനെ പരിഹരിക്കുമെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
റെയില്‍വേ സ്റ്റേഷന്‍ വരെ സര്‍വീസ് നടത്തി വന്നിരുന്ന നിലവിലെ സ്ഥിതി തുടരണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. ബസ്സുടമകളുടെ സംഘടനയായ കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (കെബിടിഎ) പ്രശ്‌നങ്ങളില്‍ ഇടപെട്ട് അധികാരികളെ സമീപിച്ചിട്ടുണ്ട്.
ജനങ്ങളെയും യാത്രക്കാരെയും വെല്ലുവിളിച്ചും വിനോദസഞ്ചാരികള്‍ക്കും രോഗികള്‍ക്കും തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതികൂലമായി ബാധിച്ചിരിക്കുന്ന യാത്രാക്ലേശം പരിഹരിക്കാന്‍ ജനപ്രതിനിധികള്‍ അടിയന്തരമായി ഇടപെടണമെന്ന് ജില്ലാ പ്രസിഡന്റ് പി ജെ കുര്യന്‍, സെക്രട്ടറി എസ് നവാസ്, ഷാജിലാല്‍, എസ് എം നാസര്‍, നവാസ് പാറായില്‍ ആവശ്യപ്പെട്ടു. സ്വകാര്യ ബസ്സുകള്‍ക്കെതിരേ എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക