|    Nov 13 Tue, 2018 9:32 pm
FLASH NEWS

റെയില്‍വേ സ്റ്റേഷനിലെ കൊലപാതകം: 30 പേരെ ചോദ്യം ചെയ്തു

Published : 14th December 2017 | Posted By: kasim kzm

പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ണൂര്‍ താഴെചൊവ്വ തിലാനൂരിലെ നൗഫല്‍ (42) കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സിഐ എം പി ആസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം 30ഓളം പേരെ ചോദ്യം ചെയ്തു. കണ്ണൂര്‍, പയ്യന്നൂര്‍ സ്വദേശികളില്‍ നിന്നാണ് വിശദമായ മൊഴി ശേഖരിച്ചത്. നൗഫലിന്റെ മൊബൈല്‍ഫോണ്‍ നമ്പര്‍ കഴിഞ്ഞ ആഗസ്ത് മാസം മുതല്‍ പ്രവര്‍ത്തനരഹിതമാണെന്ന് സൈബര്‍ സെല്ലിന്റെ പരിശോധനയില്‍ വ്യക്തമായി. നൗഫലിന്റെ ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ആഗസ്തിനു ശേഷം ഇയാളുടെ പേരില്‍ സിം കാര്‍ഡ് എടുക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ സുഹൃത്തുക്കളാരെങ്കിലും പുതിയ കണക്ഷന്‍ എടുത്തുകൊടുത്തിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം തുടരുകയാണ്. ടവറുകള്‍ കേന്ദ്രീകരിച്ച് നൗഫലിന്റെ നമ്പറിലേക്ക് വന്ന കോളുകളും പുറത്തേക്ക് വിളിച്ചതും മറ്റും പരിശോധിക്കുന്നുണ്ട്. കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം നൗഫല്‍ പോയിരുന്ന പയ്യന്നൂര്‍ കൊറ്റിയിലെ ഹോട്ടലിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചു. ഇതില്‍നിന്നു ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇതുപ്രകാരം കണ്ണൂരിലും പയ്യന്നൂരിലുമുള്ള ഏതാനും പേര്‍ നിരീക്ഷണത്തിലാണ്. ഇവരെ കേന്ദ്രീകരിച്ചാണു അന്വേഷണം പുരോമഗിക്കുന്നത്. ചോദ്യംചെയ്തവരെ വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുക്കാനും ആലോചനയുണ്ട്. ഇതിനകം ബന്ധുക്കളുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. രണ്ടു മക്കളുള്ള നൗഫലിന് കുറച്ചുകാലമായി വീടുമായി കാര്യമായ ബന്ധമില്ലെന്നാണ് ലഭിച്ച വിവരം. കുടുംബസ്വത്തിലെ ഓഹരി വിറ്റുകിട്ടിയ മൂന്ന് ലക്ഷത്തോളം രൂപ ബാങ്കിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരുലക്ഷത്തോളം മാത്രമേ ഉള്ളൂവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. മുഖത്ത് അടിയേറ്റ തരത്തിലുള്ള പോറലുമായി കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് 7.30 മുതല്‍ നൗഫല്‍ പയ്യന്നൂര്‍ റെയില്‍വേ പ്ലാറ്റ്‌ഫോമിലും പരിസരത്തും മറ്റും ചുറ്റിത്തിരിയുന്നത് ചിലര്‍ ശ്രദ്ധിച്ചിരുന്നു. പിറ്റേന്നു രാവിലെയാണു ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ പാഴ്‌സല്‍ ഗേറ്റിനടുത്ത് മരിച്ച നിലയില്‍ കണ്ടത്. പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നു തെളിഞ്ഞത്. നൗഫല്‍ കുഴഞ്ഞുവീണ് മരിച്ചതായുള്ള തോന്നലുണ്ടാക്കി രക്ഷപ്പെടാമെന്നുള്ള കണക്കുകൂട്ടലിലാണ് പ്രതികള്‍ ശ്വാസം മുട്ടിച്ചുള്ള കൊലപാതകം നടത്തിയതെന്നാണ് പോലിസിന്റെ നിഗമനം

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss