|    Jan 23 Mon, 2017 12:13 pm
FLASH NEWS

റെയില്‍വേ സേവനങ്ങള്‍ക്ക് ആധാര്‍: 26 കോടി പേര്‍ പുറത്താവും

Published : 11th July 2016 | Posted By: SMR

adar

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: റെയില്‍വേ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം നടപ്പായാല്‍ രാജ്യത്തെ 26 കോടിയോളം ജനങ്ങള്‍ക്ക് റെയില്‍വേ സേവനങ്ങള്‍ അന്യമാവും. യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ജൂണ്‍ 30 വരെയുള്ള കണക്ക് പ്രകാരം 1,280,000,000 ജനസംഖ്യയുള്ള രാജ്യത്ത് 1,026,098,560 പേരാണ് ഇതുവരെ ആധാര്‍ എന്റോള്‍ ചെയ്തിരിക്കുന്നത്. അതായത് ആകെ ജനസഖ്യയുടെ 80.2 ശതമാനം പേര്‍. റെയില്‍വേ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയാല്‍ 20 ശതമാനത്തോളം പേരെ ഇതുബാധിക്കും.
3.5 കോടി ജനസംഖ്യയുള്ള കേരളത്തില്‍ 96 ശതമാനം പേര്‍(3.3 കോടി ) ഇതുവരെ ആധാര്‍ എന്റോള്‍ ചെയ്തിട്ടുണ്ട്. ആധാര്‍ എടുത്തവരുടെ എണ്ണവും സംസ്ഥാന ജനസംഖ്യയും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ അഞ്ചാം സ്ഥാനത്താണ് കേരളം.
എന്നാല്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്(73.5ശതമാനം), ബിഹാര്‍ (63.6), അസം(3.9), ജമ്മു കശ്മീര്‍(62.4), മേഘാലയ(4.6), മണിപ്പൂര്‍(59.4), നാഗാലാന്‍ഡ്(50.9), അരുണാചല്‍പ്രദേശ്(59.8), മിസോറാം(41.4) എന്നിവ 75 ശതമാനത്തില്‍ താഴെ മാത്രമാണ് ആധാര്‍ എന്റോള്‍ ചെയ്തിട്ടുള്ളവരുടെ എണ്ണം. അഞ്ച് വയസ്സില്‍ താഴെ 2,594,734 കുട്ടികളാണ് കേരളത്തിലുള്ളത്. ഇവരില്‍ 689,372 പേര്‍(26.6) ആധാര്‍ കാര്‍ഡ് എടുത്തതായാണ് യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നല്‍കുന്ന വിവരം. അഞ്ചിനും 18നും ഇടയില്‍ പ്രായമുള്ള 7,353481 പേരില്‍ 6,198,584 പേര്‍(84.3 ശതമാനം) കേരളത്തില്‍ ആധാര്‍ കാര്‍ഡ് എടുത്തിട്ടുണ്ട്.
രാജ്യത്തെ ആകെ ജനസംഖ്യയില്‍ അഞ്ച് വയസ്സിന് താഴെയുള്ളവരില്‍ 20.6 ശതമാനവും അഞ്ചിനും 18നും ഇടയില്‍ പ്രായമുള്ളവരില്‍ 63.4 ശതമാനവും 18ന് മുകളില്‍ പ്രായമുള്ളവരില്‍ 97 ശതമാനവും പേരുമാണ് ആധാര്‍ കാര്‍ഡ് എന്റോള്‍ ചെയ്തിട്ടുള്ളത്. സുപ്രിംകോടതിയുടെ വിധികളനുസരിച്ച് നിലവില്‍ ഒരു സേവനത്തിനും ആധാര്‍ നിര്‍ബന്ധമാക്കാനാവില്ല. എന്നാല്‍, 2015 ഒക്ടോബറിലെ വിധിയനുസരിച്ച് പൊതുവിതരണ സംവിധാനം, പാചകവാതകം, തൊഴിലുറപ്പു പദ്ധതി, പെന്‍ഷന്‍ സ്‌കീമുകള്‍, പ്രോവിഡന്റ് ഫണ്ട്, ജന്‍ ധന്‍ യോജന എന്നിവയ്ക്ക് ആധാര്‍ ആവശ്യപ്പെടാം. അതേസമയം, ഈ പദ്ധതികള്‍ക്കും ആധാര്‍ വിവരങ്ങള്‍ നല്‍കണമെന്ന് നിര്‍ബന്ധിക്കാനാവില്ല.
ഈ പദ്ധതികള്‍ വഴിയുള്ള അവകാശങ്ങള്‍ ആധാര്‍ നല്‍കാത്തതിന്റെ പേരില്‍ നിലവില്‍ നിഷേധിക്കാനാവില്ല. ആധാറുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയുടെ അന്തിമവിധി വരുന്നതുവരെയോ പാര്‍ലമെന്റ് ആവശ്യമായ നിയമ നിര്‍മാണം നടത്തുന്നതുവരെയോ ഈ സ്ഥിതി തുടരും.
എന്നാല്‍, ഈ വിലക്ക് നിലനില്‍ക്കെ രണ്ടുഘട്ടമായി റെയില്‍വേ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനാണ് റെയില്‍വേ മന്ത്രാലയത്തിന്റെ നീക്കം. ആദ്യഘട്ടത്തില്‍ റെയില്‍വേ ആനുകൂല്യങ്ങള്‍ക്കും രണ്ടാംഘട്ടത്തില്‍ ടിക്കറ്റുകള്‍ ബുക്കു ചെയ്യുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കാനുമാണ് ആലോചന. മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിയുള്ളവര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കുള്ള ടിക്കറ്റ് നിരക്കിലെ ഇളവിന് ആധാര്‍ നിര്‍ബന്ധമാക്കാനാണ് ആദ്യഘട്ടത്തില്‍ റെയില്‍വേ മന്ത്രാലയം ശ്രമിക്കുന്നത്. റെയില്‍വേ ടിക്കറ്റിനും റിസര്‍വേഷനും ഓണ്‍ലൈന്‍ റിസര്‍വേഷനും ആധാര്‍ നിര്‍ബന്ധമാക്കുന്നതാണ് രണ്ടാംഘട്ടം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 177 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക