|    Mar 28 Tue, 2017 9:33 pm
FLASH NEWS

റെയില്‍വേ ബജറ്റ് പൊതുബജറ്റിനോട് ലയിപ്പിച്ചു ; ഇനി ഒറ്റ ബജറ്റ്

Published : 22nd September 2016 | Posted By: mi.ptk

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: റെയില്‍വേ ബജറ്റ് കേന്ദ്ര പൊതുബജറ്റിനോട് ലയിപ്പിക്കാനുള്ള തീരുമാനത്തിന് ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് എന്നിവര്‍ അടങ്ങിയ ഉന്നതതല സമിതി യോഗം റെയില്‍വേ ബജറ്റ് പൊതുബജറ്റുമായി ലയിപ്പിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. 92 വര്‍ഷം നീണ്ട സമ്പ്രദായമാണ് ഇതോടെ ഇല്ലാതായത്. 1924 മുതലാണ് പ്രത്യേക റെയില്‍ ബജറ്റ് അവതരിപ്പിച്ചു തുടങ്ങിയത്. ബ്രിട്ടിഷ് ഭരണകാലത്ത് ആരംഭിച്ച സമ്പ്രദായം മാറ്റണമെന്ന് നീതി ആയോഗ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യത്തില്‍ അഭിപ്രായം അറിയിക്കാന്‍ ഈ മാസം 30 വരെ പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ അവസരം നല്‍കിയിട്ടുണ്ട്. 2017-18ലെ ബജറ്റ് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. റെയില്‍വേ മന്ത്രിക്കു പകരം ധനമന്ത്രി തന്നെയായിരിക്കും ഇനി പൊതുബജറ്റിനോടൊപ്പം റെയില്‍വേ ബജറ്റും അവതരിപ്പിക്കുക. എന്നാല്‍, റെയില്‍വേ ബജറ്റിനുള്ള തയ്യാറെടുപ്പുകളും മറ്റും നടത്തുന്നത് പഴയപോലെ തുടരും. ഇനി മുതല്‍ രണ്ടു ബജറ്റുകളും സംയോജിപ്പിച്ച് അവതരിപ്പിക്കുമെന്ന് ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. റെയില്‍ ബജറ്റിന്റെ സ്വയംഭരണാവകാശം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുബജറ്റ് അവതരിപ്പിക്കുന്നത് അടുത്ത വര്‍ഷം മുതല്‍ ഒരു മാസം നേരത്തേയാക്കാനും കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ ഫെബ്രുവരി അവസാനത്തിനു പകരം ഫെബ്രുവരി ഒന്നിന് ആയിരിക്കും ബജറ്റ് അവതരണം. ബജറ്റിനുള്ള ഒരുക്കങ്ങള്‍ ഒക്ടോബര്‍ ആദ്യം തുടങ്ങും. രാജ്യത്തിന്റെ സാമ്പത്തിക റിപോര്‍ട്ട് സഭയുടെ മേശപ്പുറത്തു വയ്ക്കുന്നത് ഫെബ്രുവരി 7ല്‍ നിന്ന് ജനുവരി 7ലേക്കു മാറ്റും. ഫെബ്രുവരിയില്‍ അവതരിപ്പിക്കുന്ന ബജറ്റ് മാര്‍ച്ച് 31ഓടെ പാസാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും. ബജറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കാന്‍ ചെലവുകളുടെ തരംതിരിക്കല്‍ ഒഴിവാക്കാനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. ബജറ്റിന്റെയും അക്കൗണ്ടുകളുടെയും പദ്ധതി-പദ്ധതിയേതര തരംതിരിവ് ഇനി ഉണ്ടാവില്ല. ഒരു വകുപ്പെന്ന നിലയില്‍ റെയില്‍വേ അതിന്റെ തനതു വ്യക്തിത്വം നിലനിര്‍ത്തുകയും വാണിജ്യസംരംഭം എന്ന നിലയില്‍ പ്രവര്‍ത്തനം തുടരുകയും ചെയ്യും. റെയില്‍വേയുടെ റവന്യൂ ചെലവുകള്‍, പ്രവര്‍ത്തന ചെലവുകള്‍, ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍കല്‍ തുടങ്ങിയവ റെയില്‍വേ തന്നെ തുടര്‍ന്നും നല്‍കും. പ്രതീക്ഷിക്കുന്ന മൂലധനമായ 2.27 ലക്ഷം കോടി രൂപയില്‍ റെയില്‍വേ വാര്‍ഷിക ലാഭവിഹിതം നല്‍കേണ്ടതില്ല. ഇതിന്റെ ഫലമായി 2017-18 മുതല്‍ റെയില്‍വേക്ക് ലാഭവിഹിത ബാധ്യതയുണ്ടായിരിക്കില്ല.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day