|    Jan 25 Wed, 2017 6:56 am
FLASH NEWS

റെയില്‍വേ ബജറ്റ്: കേരളത്തില്‍ യാത്രാദുരിതം തുടരും

Published : 26th February 2016 | Posted By: SMR

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: കേന്ദ്ര റെയില്‍വേ ബജറ്റില്‍ കേരളത്തെ തഴഞ്ഞത് സംസ്ഥാനത്ത് ട്രെയിന്‍ യാത്രാദുരിതം വര്‍ധിപ്പിക്കും. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അവതരിപ്പിച്ച രണ്ട് ബജറ്റുകളിലും ഒരു ട്രെയിന്‍പോലും കേരളത്തിന് അനുവദിച്ചിട്ടില്ല. യാത്രയ്ക്കായി റെയില്‍വേയെ ഏറ്റവും കുടുതല്‍ ആശ്രയിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തിന് പുതിയ ഒരു ട്രെയിന്‍ പോലും അനുവദിക്കാത്തത് യാത്രാദുരിതം ഇരട്ടിയാക്കും. ഓടിക്കാനുള്ള പാതയില്ലെന്ന വാദമാണ് കേരളത്തിന് പുതിയ ട്രെയിന്‍ അനുവദിക്കാതിരിക്കുന്നതിനു കാരണമായി റെയില്‍വേ ചൂണ്ടിക്കാട്ടുന്നത്.
കേരളത്തിന്റെ ട്രാക്ക് ഉപയോഗം 140 ശതമാനം വരെ എത്തിനില്‍ക്കുന്നുവെന്നാണ് റെയില്‍വേയുടെ കണക്ക്. ഷൊര്‍ണൂര്‍-എറണാകുളം റൂട്ടിലാണ് ഏറ്റവും തിരക്ക്. അതുകൊണ്ട് പുതിയ വണ്ടികള്‍ സാധ്യമല്ലെന്നാണ് റെയില്‍വേയുടെ വാദം. ഇത് ശുദ്ധ അസംബന്ധമാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. സ്‌റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പഴഞ്ചന്‍ സിഗ്‌നല്‍ സംവിധാനമാണ് കേരളത്തിലുള്ളത്. ഒരു വണ്ടി സ്‌റ്റേഷന്‍ വിട്ട് അടുത്ത സ്‌റ്റേഷനില്‍ എത്തിയാല്‍ മാത്രമേ പിറകില്‍ വരുന്ന വണ്ടിക്ക് സിഗ്‌നല്‍ കിട്ടൂ. അതായത് മുന്നിലെ വണ്ടി അടുത്ത സ്‌റ്റേഷനില്‍ എത്തുന്നതുവരെ രണ്ടാമത്തെ വണ്ടിക്ക് ഓടാനാവില്ല. ഈ സിഗ്‌നല്‍ സംവിധാനമനുസരിച്ച് മണിക്കൂറില്‍ മൂന്നു വണ്ടികള്‍ മാത്രമേ ഒരു ലൈനില്‍ ഓടിക്കാനാവൂ. ദിവസം ഒരു ലൈനില്‍ 72 വണ്ടികള്‍ മാത്രം.
ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം നടപ്പാക്കിയാല്‍ മണിക്കൂറില്‍ പത്ത് ട്രെയിന്‍ വരെ ഓടിക്കാനാവും. മുംബൈ വിക്ടോറിയ ടെര്‍മിനലില്‍ 900 ട്രെയിനും ചര്‍ച്ച്‌ഗേറ്റില്‍ 1200 ട്രെയിനുകളും ദിവസവും സര്‍വീസ് നടത്തുന്നുണ്ട്. മെട്രോ നഗരങ്ങളില്‍ എല്ലാം എബിഎസ് സിഗ്‌നല്‍ സംവിധാനമുണ്ട്. ഷൊര്‍ണൂര്‍-എറണാകുളം റൂട്ടില്‍ എബിഎസ് നടപ്പാക്കിയാല്‍ ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടി ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയും. പിന്നെ ട്രാക്ക് സാന്ദ്രത ഒരു പ്രശ്‌നമാവില്ല. ഓട്ടോമാറ്റിക് സിഗ്‌നല്‍ നടപ്പാക്കാന്‍ ഒരു കിലോമീറ്ററിന് 10 ലക്ഷം ചെലവുവരും. ഷൊര്‍ണൂര്‍- എറണാകുളം റൂട്ടില്‍ 20 കോടി ചെലവാക്കിയാല്‍ എത്ര വേണമെങ്കിലും വണ്ടി ഓടിക്കാന്‍ കഴിയും. നിലവില്‍ എക്‌സ്പ്രസ്-മെയില്‍ സര്‍വീസുകളുടെ ശരാശരി വേഗം 80 കിലോമീറ്റര്‍ ആക്കുമെന്ന് ഇന്നലത്തെ ബജറ്റില്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ പ്രഖ്യാപനം കേരളത്തിന് കാര്യമായ ഗുണം ചെയ്യില്ല.
പഴഞ്ചന്‍ സിഗ്നല്‍ സംവിധാനം ഉപയോഗിക്കുന്നത് തന്നെയാണ് ഇതിനു കാരണം. അതേസമയം, സിഗ്നല്‍ സംവിധാനം ആധുനികവല്‍ക്കരണത്തിന് കാര്യമായ ഫണ്ട് ബജറ്റില്‍ മാറ്റിവയ്ക്കാത്ത സാഹചര്യത്തില്‍ ഈ പ്രശ്‌നങ്ങള്‍ ഇനിയും തുടരും. ട്രാക്ക് സാന്ദ്രത മാറ്റിനിര്‍ത്തിയാല്‍ കൂടുതല്‍ പാതയില്ലാത്തതാണ് റെയില്‍വേ പ്രശ്‌നമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ഇതിനും കാര്യമായ ഫണ്ട് ഇത്തവണത്തെ ബജറ്റില്‍ മാറ്റിവച്ചിട്ടില്ല. പുനലൂര്‍-ചെങ്കോട്ട ഗേജുമാറ്റത്തിന് 101 കോടിയും ചെങ്ങന്നൂര്‍-ചിങ്ങവനം ഭാഗത്തെ പാത ഇരട്ടിപ്പിക്കലിന് അഞ്ച് കോടിയും മുളന്തുരുത്തി-കറുപ്പന്തറ ഭാഗത്തേക്ക് 26 കോടിയും ചിങ്ങവനം-ചെങ്ങന്നൂര്‍ 35 കോടി, കുമ്പളം-തുറവൂര്‍ 35 കോടി, അമ്പലപ്പുഴ-ഹരിപ്പാട് 78 കോടി, കോഴിക്കോട്-മംഗലാപുരം പാതയ്ക്ക് രണ്ട് കോടിയുമാണ് ഇന്നലത്തെ ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്.
എറണാകുളം-കായംകുളം റൂട്ടില്‍ കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കല്‍ ഇപ്പോഴും പാതി വഴിയിലാണ്. ആകെയുള്ള 117 കിലോമീറ്റര്‍ പാതയില്‍ 51 കിലോമീറ്ററാണ് പാത ഇരട്ടിപ്പിച്ചത്. ആലപ്പുഴ വഴി പാത ഇരട്ടിപ്പിക്കലിനു പൂര്‍ണമായും ഭരണാനുമതി ലഭ്യമാക്കി പണി തുടങ്ങണമെങ്കില്‍ ഇനിയും കാത്തിരിക്കണം. എറണാകുളം-ഷൊര്‍ണൂര്‍ പാത നാലു വരിയാക്കാന്‍ സര്‍വേ നടന്നെങ്കിലും ഒന്നും സംഭവിച്ചില്ല.
കോട്ടയം വഴി 126 ശതമാനവും ആലപ്പുഴ വഴി 108 ശതമാനവുമാണു ട്രാക്ക് വിനിയോഗം. കോട്ടയം റൂട്ടില്‍ കുറുപ്പന്തറ മുതല്‍ ചിങ്ങവനം വരെ 26 കിലോമീറ്റര്‍ ഇരട്ടപ്പാതയ്ക്കായി ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. കോട്ടയത്തു പുതിയ തുരങ്കത്തിനു മാത്രം 100 കോടി രൂപയാണു ചെലവു കണക്കാക്കുന്നത്. പാതയ്ക്കായി സ്ഥലമേറ്റെടുക്കാന്‍ രണ്ടു കൊല്ലം മുമ്പു വേണ്ടിയിരുന്നത് 110 കോടി രൂപയും.
എറണാകുളം – കായംകുളം റൂട്ടില്‍ ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കലിന് കായംകുളം-ഹരിപ്പാട് സെക്ഷന്‍ ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായെങ്കിലും മറ്റു ഭാഗങ്ങളില്‍ പണി നടക്കുന്നില്ല. അമ്പലപ്പുഴ മുതല്‍ തുറവൂര്‍ വരെ പാത ഇരട്ടിപ്പിക്കലിന് ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ല. എറണാകുളം മുതല്‍ കുമ്പളം വരെ പാത ഇരട്ടിപ്പിക്കലും ഉപേക്ഷിച്ച മട്ടാണ്. സംസ്ഥാന സര്‍ക്കാര്‍ പാത ഇരട്ടിപ്പിക്കലിന്റെ പകുതി ചെലവു വഹിക്കുമെങ്കില്‍ മാത്രം പദ്ധതി പൂര്‍ത്തിയാക്കിയാല്‍ മതിയെന്ന നിലപാടിലാണ് റയില്‍വേ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 84 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക