|    Jan 24 Tue, 2017 6:43 pm
FLASH NEWS

റെയില്‍വേ ബജറ്റ് ഇന്ന്: വികസനത്തിന്റെ ചൂളംവിളിതേടി റെയില്‍വേ സ്റ്റേഷനുകള്‍

Published : 25th February 2016 | Posted By: SMR

കാസര്‍കോട്/കാഞ്ഞങ്ങാട്: ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന റെയില്‍വേ ബജറ്റ് ഉറ്റുനോക്കുകയാണ് ജില്ലയിലെ ജനങ്ങള്‍. അവഗണനയില്‍പെട്ട് കിടക്കുന്ന ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളുടെ സമഗ്ര വികസനവും കാണിയൂര്‍പാത യാഥാര്‍ഥ്യമാവുമെന്ന പ്രതീക്ഷയും യാത്രക്കാരിലുണ്ട്.
എ ക്ലാസ് റെയില്‍വേ സ്‌റ്റേഷനായി ഉയര്‍ത്തിയിട്ട് വര്‍ഷങ്ങളായെങ്കിലും ജില്ലാ ആസ്ഥാനമായ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്റെ പരാധീനതകള്‍ തീരുന്നില്ല. ഇരുപതിലധികം ജീവനക്കാര്‍ ഉണ്ടെങ്കിലും ഇവര്‍ക്കൊന്നും റെയില്‍വേ ഇതുവരെ ക്വാട്ടേഴ്‌സ് അനുവദിച്ചിട്ടില്ല. ഇതു കൂടാതെയുള്ള നാലു സിഗ്‌നല്‍സ് ജീവനക്കാര്‍ക്ക് പഴയ ക്വാട്ടേഴ്‌സ് ഉണ്ടെങ്കിലും ഓടുകളിളകി വീഴാറായി നില്‍ക്കുകയാണ്.
പുതിയ ക്വാട്ടേഴ്‌സ് നിര്‍മിക്കാന്‍ ഒന്നര വര്‍ഷം മുമ്പ് നടപടിയെടുത്തെങ്കിലും കെട്ടിട നിര്‍മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. വനിത ജീവനക്കാര്‍ വാടകക്ക് സ്വകാര്യ ക്വാട്ടേഴ്‌സിലാണ് താമസം.
ഇലക്ട്രിക്ക് സ്റ്റാഫില്ലാത്തത് കാരണം ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ ലൈറ്റില്ലാത്തതോ, എസിക്കോ പ്രശ്‌നമുണ്ടെങ്കില്‍ അത് റിപയര്‍ ചെയ്ത് ശരിയാക്കി കൊടുക്കാന്‍ കഴിയുന്നില്ല. കൊങ്കണ്‍ പാതയിലൂടെ മൂംബൈയിലേക്കും ഡല്‍ഹിയിലേക്കും പോകുന്ന പല സൂപ്പര്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്കും സ്‌റ്റോപ്പില്ല. രാജധാനി, ബിക്കാനിര്‍കോയമ്പ്ധൂര്‍, ദാദര്‍ കൊച്ചുവേളി, തുരുന്തോ എക്‌സ്പ്രസ് ട്രെയിനുള്‍ക്കും ദൈ്വവാര ട്രെയിനുകള്‍ക്കുമാണ് കാസര്‍കോട് സ്‌റ്റോപ്പില്ലാത്തത്. യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യങ്ങളായ മൈസൂര്‍രാമേശ്വരം, മംഗളൂരു ഹൈദ്രാബാദ് ട്രെയിനുകള്‍ ഇതുവരെയും സര്‍വീസ് തുടങ്ങിയിട്ടില്ല.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബജറ്റില്‍ തുക ഉള്‍ക്കൊള്ളിച്ച് പ്രാഥമിക സര്‍വേ നടത്തിയ കാഞ്ഞങ്ങാട് കാണിയൂര്‍ പാതയ്ക്ക് ഈ ബജറ്റിലെങ്കിലും തുക വകകൊള്ളിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ മലയോര വാസികള്‍.
ജില്ലയിലെ മലയോര പ്രദേശങ്ങളുടെ സമഗ്ര പുരോഗതിക്ക് വഴിതുറക്കുന്ന പാതയ്ക്ക് വേണ്ടി പി കരുണാകരന്‍ എംപി മുന്‍കൈയെടുത്ത് ജില്ലയിലും സുള്ള്യയിലും കര്‍മ്മസമിതികള്‍ രൂപീകരിച്ചു.
സ്ഥലമെടുപ്പ് ഉള്‍പ്പെടെ 1100 കോടി രൂപ ചെലവ് വരുന്ന പാതയ്ക്ക് സ്ഥലം ഏറ്റെടുത്ത് നല്‍കുമെന്ന് കേരള സര്‍ക്കാരും കര്‍ണാടക സര്‍ക്കാരും കേന്ദ്ര റെയില്‍വേ മന്ത്രാലയത്തെ അറിയിച്ചിരുന്നു. പാതയ്ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ 50 കോടി രൂപയാണ് മുടക്കേണ്ടത്. പാത ആദായകരമായിരിക്കുമെന്ന് ഫീഷ്യബിള്‍ സര്‍വേയില്‍ വ്യക്തമായിട്ടുമുണ്ട്. കഴിഞ്ഞ ബജറ്റിലാണ് പാതയുടെ സര്‍വേ നടത്താന്‍ അനുമതി നല്‍കിയത്.
യുപിഎ സര്‍ക്കാരിന്റെ അവസാന ബജറ്റിലാണ് പാതയുടെ കേരളത്തിലൂടെ കടന്ന് പോകുന്ന 45 കിലോമീറ്റര്‍ സര്‍വേ നടത്തിയത്. കര്‍ണാടകയിലെ 51 കിലോമീറ്ററിന്റെയും സര്‍വേ ഇപ്പോള്‍ പൂര്‍ത്തിയായിട്ടുണ്ട്.
നിര്‍മാണത്തില്‍ യാതൊരു സാങ്കേതിക തടസ്സവുമില്ലാത്ത രൂപത്തിലാണ് റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുള്ളത്. റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പാതയ്ക്ക് ഫണ്ട് അനുവദിക്കുമെന്ന് കര്‍മ്മസമിതിക്ക് ഉറപ്പ് നല്‍കിയതാണ് ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാക്കുന്നത്. ദേശീയ പാതയില്‍ സംസ്ഥാനത്തുള്ള ഏക ലെവല്‍ ക്രോസായ പള്ളിക്കരയില്‍ മേല്‍പ്പാലം നിര്‍മിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ അനുമതി നല്‍കിയിരുന്നു.
എന്നാല്‍ ഹൈദരാബാദിലുള്ള ഒരു കമ്പനിയെ സ്‌കെച്ച് നിര്‍മിക്കാന്‍ ഏല്‍പിച്ചിട്ടുണ്ടെങ്കിലും സര്‍വേ പ്രവര്‍ത്തനങ്ങള്‍ പോലും പൂര്‍ത്തിയായിട്ടുല്ല. കുമ്പള, മഞ്ചേശ്വരം, കോട്ടിക്കുളം, നീലേശ്വരം, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തിനും ബജറ്റില്‍ ഫണ്ട് വകയിരുത്തുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത റെയില്‍വേ സ്റ്റേഷനുകളാണ് ജില്ലയിലെ ഭൂരിഭാഗവും. റെയില്‍വേ വൈദ്യുതീകരണവും ഈ ഭാഗത്ത് പൂര്‍ത്തിയായിട്ടില്ല. മംഗളൂരു-കണ്ണൂര്‍ സെക്ടറില്‍ പുതിയ ട്രെയിന്‍ അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ബൈന്ദൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ സമയം മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 105 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക