|    Jan 25 Wed, 2017 6:53 am
FLASH NEWS

റെയില്‍വേ ബജറ്റില്‍ കൊച്ചിക്ക് കടുത്ത നിരാശ

Published : 26th February 2016 | Posted By: SMR

കൊച്ചി: കേന്ദ്ര റെയില്‍വേ ബജറ്റ് സംസ്ഥാനത്തെ വാണിജ്യ തലസ്ഥാനമെന്നറയിപ്പെടുന്ന കൊച്ചിക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചത്. ഇന്നലെ കേന്ദ്രമന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച ബജറ്റിലും പതിവു പോലെ കൊച്ചിക്ക് ആശ്വസിക്കാന്‍ ഒന്നുമില്ല.
ആവശ്യങ്ങളുടെ നീണ്ടനിര തന്നെ കൊച്ചിയ്ക്കുണ്ടായിരുന്നെങ്കിലും പേരിന് മാത്രമുള്ള പ്രാതിനിധ്യമേ കൊച്ചിക്ക് ലഭിച്ചുള്ളൂ. എറണാകുളം പിഗ്‌ലൈന്‍ നിര്‍മാണത്തിന് മൂന്നരക്കോടി, ശബരിമല റയില്‍ പാതയ്ക്ക് 20 കോടി. മുളന്തുരുത്തി കുറുപ്പുന്തറ 27 കോടി. എറണാകുളം-കുമ്പളം 30 കോടി എന്നിങ്ങനെ നാമമാത്രമായ വിഹിതമാണ് കൊച്ചിയ്ക്ക് ലഭിച്ചത്. കാലടി മുതല്‍ പെരുമ്പാവൂര്‍ വരെ 17 കിലോമീറ്റര്‍ ശബരിപാത പൂര്‍ത്തിയാക്കാനാവശ്യമായ 100 കോടി രൂപയാണു ഇത്തവണ ആവശ്യപ്പെട്ടതെങ്കിലും ലഭിച്ചത് 20 കോടി മാത്രമാണ്.
അങ്കമാലി ശബരി പാത കാലടി വരെ എട്ടു കിലോമീറ്റര്‍ പണി തീര്‍ന്നെങ്കിലും ബാക്കി എന്നു നടക്കുമെന്നു പറയാന്‍ കഴിയാത്ത സ്ഥിതിയാണ്.
ശബരിമല തീര്‍ഥാടകരെ ലക്ഷ്യമാക്കി നിര്‍മിക്കുന്ന പാത റയില്‍വേ കടന്നു ചെന്നിട്ടില്ലാത്ത പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ ഉള്‍പ്പെടെ എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയ്ക്കും ഇടുക്കി ജില്ലയ്ക്കും ഏറെ പ്രയോജനം ചെയ്യുന്നതാണ്.
1566 കോടി രൂപയാണു പുതുക്കിയ എസ്റ്റിമേറ്റ്. എറണാകുളം പൊന്നുരുന്നിയിലും ആലപ്പുഴ വണ്ടാനത്തും ഹാള്‍ട്ട് സ്റ്റേഷനുകള്‍ അനുവദിക്കുക, കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനസ്, ഓള്‍ഡ് റയില്‍വേ സ്റ്റേഷന്‍ എന്നിവ നവീകരിക്കുക, കൊച്ചി സിറ്റി മെമു സര്‍വീസ് കോട്ടയം, തൃശൂര്‍, ആലപ്പുഴ ഭാഗത്തേക്കു ദീര്‍ഘിപ്പിക്കുക, വൈകീട്ടുളള വേണാട് എക്‌സപ്രസിനു ശേഷം കൊച്ചിയില്‍ നിന്നു തിരുവനന്തപുരം ഭാഗത്തേക്കു കോട്ടയം വഴി നിലവില്‍ ട്രെയിനുകളില്ലാത്തതിനാല്‍ രാത്രി ഒന്‍പതിന് പുതിയ തിരുവനന്തപുരം സര്‍വീസ്, എറണാകുളത്തു നിന്നു സേലം, രാമേശ്വരം, ഹൈദരാബാദ് എന്നിവടങ്ങളിലേക്കു ട്രെയിനുകള്‍, ഇടപ്പളളി, കളമശ്ശേരി, തൃപ്പൂണിത്തുറ സ്റ്റേഷനുകളില്‍ കൂടുതല്‍ തീവണ്ടികള്‍ക്ക് സ്റ്റോപ്പ്, സൗത്തില്‍ പോവാത്ത ട്രെയിനുകള്‍ക്ക് തൃപ്പൂണിത്തുറയില്‍ സ്റ്റോപ്പ്, ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ ടെര്‍മിനലായി വികസിപ്പിക്കുക വഴി പ്ലാറ്റ്‌ഫോം കിട്ടാതെ ട്രെയിനുകള്‍ കുമ്പളത്തും അരൂരിലും നോര്‍ത്തിലുമൊക്കെ പിടിച്ചിടുന്നതിന് പരിഹാരം കാണുക, നെടുമ്പാശ്ശേരി റെയില്‍വെ സ്‌റ്റേഷന്‍ തുടങ്ങി നിരവധി ആവശ്യങ്ങളാണ് കൊച്ചിക്കുവേണ്ടി മുന്നോട്ടു വച്ചത്.
പക്ഷെ ഇതില്‍ ഒന്നുപോലും അനുവദിച്ചില്ല. ഒരു ലക്ഷത്തിലധികം പേരാണ് ട്രെയിനില്‍ കൊച്ചി നഗരത്തിലേക്ക് ദിവസവും വന്നിറങ്ങുന്നത്.
അവരുടെ ആവശ്യങ്ങള്‍ നിരാകരിക്കപ്പെട്ടതിലുള്ള കടുത്ത അമര്‍ഷമാണ് യാത്രക്കാരുടെ സംഘടനകള്‍ പ്രകടിപ്പിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 80 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക