|    Sep 23 Sat, 2017 11:49 pm
FLASH NEWS

റെയില്‍വേ പാളത്തില്‍ വിള്ളലുകള്‍ തുടര്‍ക്കഥ

Published : 1st October 2016 | Posted By: Abbasali tf

സുധീര്‍ കെ ചന്ദനത്തോപ്പ്
കൊല്ലം: റെയില്‍വേ പാളത്തില്‍ വിള്ളലുകള്‍ ഉണ്ടാകുന്നത് തുടര്‍ക്കഥയാകുമ്പോള്‍ ഭീതിയോടെ ട്രെയിന്‍ യാത്രയെ സമീപിക്കുകയാണ് യാത്രക്കാര്‍. ഇന്നലെ ചാത്തിനാംകുളത്ത് റെയില്‍വേ ട്രാക്കിലാണ് അവസാനമായി വിള്ളല്‍ കണ്ടെത്തിയത്. ഇതുവഴി നടന്നുപോയ യാത്രക്കാര്‍ കണ്ടതിനാലാണ് അപകടം ഒഴിവായത്. ഇവര്‍ അടുത്തുള്ള റെയില്‍ ഗീറ്റ് കീപ്പറെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ അധികൃതരെത്തി നന്നാക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നാലാം തവണയാണ് ഈ ഭാഗത്ത് റെയില്‍ ട്രാക്കില്‍ വിള്ളലുണ്ടാകുന്നത്. ഇവിടെ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ കല്ലുംതാഴത്ത് 2014 ഒക്ടോബര്‍ 27ന് റെയില്‍വേ പാളത്തില്‍ ഒന്നരമീറ്ററോളം ഭാഗം പൊട്ടി അടര്‍ന്നുമാറിയിരുന്നു. റെയില്‍വേ പാളങ്ങള്‍ തമ്മില്‍ യോജിപ്പിക്കുന്ന ഭാഗത്താണ് വിള്ളലുണ്ടായത്. അപകടത്തില്‍ നിന്നും വേണാട് എക്‌സ്പ്രസിലെ യാത്രക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വേണാടിന്റെ അവസാനത്തെ ബോഗി കടന്നുപോയതോടെയാണ് പൊട്ടലുണ്ടായി പാളത്തിന്റെ ഒരു ഭാഗം ഇളകിതെറിച്ചത്. ഈഭാഗം ട്രെയിനില്‍ കുരുങ്ങി കുറെദൂരം പോകുകയും ചെയ്തു. റെയില്‍വേ അധികൃതരെത്തി ഇളകി തെറിച്ച ഭാഗം പെറുക്കിയെടുത്ത് വിള്ളല്‍ വീണ ഭാഗം അടയ്ക്കുകയായിരുന്നു. യോജിപ്പിക്കുന്ന ഭാഗത്ത് ഇത്തരം അകല്‍ച്ചകള്‍ ഉണ്ടാകാറുള്ളതായി റെയില്‍വേ അധികൃതര്‍ പറയുന്നു. സമാനമായ നിലയിലാണ് ഇന്നലെ ചാത്തിനാംകുളത്തും വിള്ളല്‍ ഉണ്ടായത്. പാളങ്ങള്‍ തമ്മില്‍ യോജിപ്പിച്ചിരിക്കുന്ന ഭാഗത്താണ് ഇന്നലേയും വിള്ളല്‍ ഉണ്ടായത്.  ആറുദിവസം മുമ്പ് വര്‍ക്കലയ്ക്കും ഇടവയ്ക്കും ഇടയില്‍ റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു. വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ട രണ്ട് കുട്ടികള്‍ അക്കാര്യം റെയില്‍വെ ഗേറ്റ്ഗീപ്പറുടെ ശ്രദ്ധയിപ്പെടുത്തിയതിനെ തുടര്‍ന്നാണ് അപകടം ഒഴിവായത്. കഴിഞ്ഞ ഒക്ടോബര്‍ 30ന് പടിഞ്ഞാറെ കല്ലട കോതപുരം തലയിണക്കാവ് ക്ഷേത്രത്തിനും വെട്ടിയതോടിനും ഇടയില്‍ പാളം വിട്ടുമാറിയിരുന്നു. ഒരുമാസത്തിനിടെ ജില്ലയിലെ കരുനാഗള്ളിയില്‍ മാത്രം നടന്നത് നിരവധി ട്രെയിന്‍ അപകടങ്ങളാണ്. വ്യത്യസ്തമായ അപകടങ്ങളില്‍ രണ്ട് ജീവന്‍ നഷ്ടപെട്ടപ്പോള്‍ രണ്ടിടങ്ങളില്‍ റെയില്‍വേയുടെ അശ്രദ്ധയാണ്  ദുരന്തങ്ങള്‍ക്ക് വഴിവെച്ചത്. കഴിഞ്ഞ 20ന് അര്‍ധരാത്രിയാണ് കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടയ്ക്കും ഇടയില്‍ മാരാരിത്തോട്ടത്ത് വച്ച് ചരക്ക് ട്രെയിന്‍ പാളം തെറ്റിയത്. രാസവളവുമായി തൂത്തുക്കുടിയില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്നു ട്രെയിന്‍. പാളത്തിന്റെയും ബോഗികളുടേയും കാലപ്പഴക്കമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടര്‍ന്ന് ഉയര്‍ന്ന വോള്‍ട്ടേജുള്ള റെയില്‍വേ വൈദ്യുത കമ്പി പൊട്ടി വീണെങ്കിലും അപകടമൊന്നും ഉണ്ടായില്ല. രാത്രിയായതിനാല്‍ സമീപത്തെ റോഡില്‍ യാത്രക്കാരില്ലാത്തതും അപകട തീവ്രത കുറച്ചു. തൊട്ടു മുന്‍പ് അപകടം നടന്ന പാളത്തില്‍ക്കൂടി നിരവധി യാത്രക്കാരുമായി ഒരു പാസഞ്ചര്‍ ട്രെയിന്‍ കടന്നു പോയിരുന്നു.ഇതേ ദിവസം തന്നെയാണ് ട്രെയിനില്‍ നിന്നും ചാടി ഇറങ്ങിയ മകള്‍ മരിച്ചതും വീട്ടമ്മക്ക് ഗുരുതര പരുക്ക് പറ്റിയതും. കരുനാഗപ്പള്ളി റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം. സ്‌റ്റേഷനില്‍നിന്നു നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്നു ചാടി ഇറങ്ങിയ വീട്ടമ്മ പ്ലാറ്റ്‌ഫോമില്‍ തലയടിച്ചു വീഴുകയും  തൊട്ടുപിന്നാലെ ഇറങ്ങാന്‍ ശ്രമിച്ച മകള്‍ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍പ്പെട്ട് ചതഞ്ഞരഞ്ഞു മരിക്കുകയുമായിരുന്നു. കരുനാഗപ്പള്ളി രവീഷ് ഭവനത്തില്‍ രവീന്ദ്രന്റെ മകള്‍ സൂര്യ(22) ആണ് മരിച്ചത്. മാതാവ് സതി(52) യെ ഗുരുതരപരുക്കുകളോടെ കരുനാഗപ്പള്ളിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ആഗ്‌സ്ത് 31നാണ് തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പോയ തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ഓച്ചിറയില്‍ സ്‌റ്റേഷന്‍ ഹോം സിഗ്‌നല്‍ തെറ്റിച്ച് മുന്നോട്ട് പോയത്. പെട്ടെന്ന് സിഗ്‌നല്‍ തെറ്റിയാണ് വണ്ടി മുന്നോട്ട് പോയതെന്ന് മനസിലായ ലോക്കോ പൈലറ്റ് ഉടന്‍ ബ്രേക്ക് ചെയ്തു. ട്രെയിന്‍ നിര്‍ത്താതെ മുന്നോട്ട് പോവുകയായിരുന്നുവെങ്കില്‍ സ്‌റ്റേഷന് സമീപമുള്ള റെയില്‍വേ ഗേറ്റ് കടന്നു പോകുമായിരുന്നു. റെയിവേ സ്‌റ്റേഷന്‍ മാസ്റ്റര്‍ സിഗ്‌നല്‍ നല്‍കിയെങ്കില്‍ മാത്രമേ ഈ റെയില്‍വേ ഗേറ്റ് അടക്കുകയുള്ളൂ.  തുറന്ന ഗേറ്റില്‍ കൂടി ഏറെ വാഹനങ്ങള്‍ ആ സമയം കടന്നു പോകുന്നുണ്ടായിരുന്നു. ട്രെയിന്‍ വരുന്നതറിയാതെ കടന്നു പോകുന്ന വാഹനങ്ങില്‍ ട്രെയിന്‍ ഇടിച്ച് വന്‍ ദുരന്തമുണ്ടാവുമായിരുന്നു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. കഴിഞ്ഞ 17ന് മാവേലിക്കര തഴക്കര ഇറവങ്കര മലമുറ്റത്ത് ഗോപാലകൃഷ്ണന്റെ മകന്‍ വിഷ്ണു (25) ഓച്ചിറ  ചുനാട് റോഡിലെ റെയില്‍വേ ഗേറ്റിന് സമീപം ട്രെയിനില്‍ നിന്നും വീണ് മരിച്ചത്. പാലക്കാട് അത്താണി ഹോസ്പിറ്റലിലെ ജീവനക്കാരനായ വിഷ്ണു തിരുവനന്തപുരത്ത് നിന്നും വഞ്ചിനാട് എക്‌സ്പ്രസില്‍ മാവേലിക്കരക്ക് വരുമ്പോഴായിരുന്നു ദാരുണമായ അന്ത്യം. അതേസമയം, റെയില്‍ പാളത്തില്‍ തുടര്‍ച്ചയായി വിള്ളലുണ്ടാകുന്നതിനു പിന്നില്‍ ട്രെയിന്‍ ഗതാഗതത്തിലുണ്ടായ വര്‍ധനയും കാരണമാകുന്നുണ്ട്. സിംഗിള്‍ ലൈനിലൂടെ 20 വണ്ടികള്‍ മാത്രം ഓടിക്കാന്‍ പൊതു അനുമതിയുണ്ടായിരിക്കെ ഇരട്ടിയോളം വണ്ടികളാണ് ഓടിക്കുന്നത്.  ട്രെയിനുകളുടെ എണ്ണം വര്‍ധിച്ചതോടെ ഓരോ മണിക്കൂര്‍ ഇടവിട്ടുള്ള റെയില്‍ പരിശോധന പ്രായോഗികമല്ലെന്നായി. ഒരാഴ്ചയ്ക്കിടെ തിരുവനന്തപുരം ഡിവിഷന് കീഴില്‍ രണ്ടിടത്താണ് പാളത്തില്‍ വിള്ളലുകള്‍ ഉണ്ടായത്. തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ നിലവിലുള്ള പാളങ്ങള്‍ ഏറെയും തേഞ്ഞു സുരക്ഷിതമല്ലാതായിട്ടുണ്ട്.  എറണാകുളം മുതല്‍ കായംകുളം വരെ ട്രെയിനുകള്‍ക്കു ശരാശരി 90 കിലോമീറ്ററാണ് വേഗം അനുവദിച്ചിരിക്കുന്നത്. പാത നേരിടുന്ന സുരക്ഷാ ഭീഷണിയെത്തുടര്‍ന്നു ചങ്ങനാശേരി-കോട്ടയം-മുളന്തുരുത്തി റൂട്ടില്‍ 50-60 കിലോമീറ്റര്‍ മാത്രമാണു വേഗമെടുക്കുന്നത്. ടീ ഗാര്‍ഡന്‍, മെമു, ഗുരുവായൂര്‍ വണ്ടികളും കൂടുതല്‍ ഗുഡ്‌സ് ട്രെയിനുകളും അടുത്തയിടെ ഓടിത്തുടങ്ങിയതോടെ ട്രാഫിക്കില്‍ വന്‍ വര്‍ധനവാണുള്ളത്. നിലവില്‍ സ്ഥാപിതശേഷിയേക്കാള്‍ 55 ശതമാനം അധികം വണ്ടികളാണ് തിരുവനന്തപുരം ഡിവിഷനിലെ സിംഗിള്‍ ലൈനിലൂടെ മാത്രം ഓടുന്നത്. ട്രാഫിക് തിരക്ക് വര്‍ധിച്ചതിനാല്‍ റൂട്ടില്‍ വൈദ്യുതി ലൈനുകളുടെ അറ്റകുറ്റപ്പണി കൃത്യസമയത്തു പൂര്‍ത്തിയാക്കാന്‍ ഇലക്ട്രിക്കല്‍ വിഭാഗവും ബുദ്ധിമുട്ടുന്നു. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള 202 സ്ഥലങ്ങളില്‍ പാളത്തില്‍ നേരത്തെ പ്രശ്‌നം കണ്ടെത്തിയിരുന്നു. കാലപ്പഴക്കത്താല്‍ തേയ്മാനം വന്നും കൂടുതല്‍ സമ്മര്‍ദം ഏറ്റുമാണ് പാളങ്ങളില്‍ വിള്ളലും പൊട്ടലും ഉണ്ടാകുന്നത്. പുതിയ പാളങ്ങള്‍ ഇല്ലെന്ന് പറഞ്ഞാണ് ഇവ മാറ്റാത്തത്. റെയില്‍വേ ബജറ്റില്‍ കേരളത്തിന് അനുവദിക്കുന്ന ഫണ്ടിലെ കുറവും ഉദ്യോഗസ്ഥ അലംഭാവവും പാളംമാറ്റാത്തതിന് കാരണമാണ്. 25 വര്‍ഷമാണ് റെയില്‍പാളത്തിന്റെ ശരാശരി ആയുസ്സെങ്കില്‍ കേരളത്തില്‍ ഉപയോഗിക്കുന്നത് 40 വര്‍ഷമാണ്. തേയ്മാനം സംഭവിക്കുമ്പോള്‍ മുറിച്ചു മാറ്റി  വെല്‍ഡ് ചെയ്യും. പാളങ്ങളുടെ അപകടസാധ്യത കണ്ടെത്താനായി നടത്തിയ അള്‍ട്രാസോണിക് പരിശോധ റിപ്പോര്‍ട്ട് അവഗണിക്കുന്നതും തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.പാളവും വാഗണും കോച്ചുകളും പാലങ്ങളും സിഗ്‌നല്‍ സംവിധാനവും കാലോചിതമായി മാറ്റാന്‍ തയ്യാറാവാതെ റെയില്‍വേ കേരളത്തോട് കടത്തു അവഗണനയാണ് കാണിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക