|    Jul 28 Fri, 2017 2:40 am
FLASH NEWS

റെയില്‍വേ ജീവനക്കാരന്റെ കൊലപാതകം: മൂന്നുപേര്‍ പിടിയില്‍

Published : 10th July 2016 | Posted By: SMR

കുളത്തൂപ്പുഴ: അന്യസംസ്ഥാനക്കാരനായ റെയില്‍വേ കരാര്‍ ജോലിക്കാരനെ വാടക കെട്ടിടത്തിന്റെ പടിക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹപ്രവര്‍ത്തകരായ മൂന്നുപേര്‍ പോലിസിന്റെ പിടിയിലായി. ഇടമണ്‍ റീച്ചിലെ റെയില്‍വേ കരാറുകാരനായ തിരുനല്‍വേലി രാധാപുരം കാമരാജപുരം തെരുവില്‍ ഇസകിമുത്തുവി(39) നെയാണ് കഴിഞ്ഞ മൂന്നിന് ഇടമണില്‍ ബിഎസ്എന്‍എല്‍ ഓഫിസ് കെട്ടിടത്തിന് മുകളിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇയാളുടെ സഹപ്രവര്‍ത്തകരായ തിരുനല്‍വേലി ശ്രീനിവാസനഗര്‍ സ്വദേശി മാരിയപ്പന്‍ (53), തിരുനല്‍വേലി കുറിച്ചി സുബ്രമണ്യപുരം യാദവപുരം സ്വദേശി ആള്‍വാര്‍ (23), തെങ്കാശി സാമ്പവര്‍വടകര കീഴേ പൊയ്കയില്‍ ഗണേശന്‍ (25) എന്നിവരാണ് കഴിഞ്ഞ ദിവസം പോലിസ് പിടിയിലായത്.

സംഭവത്തെ കുറിച്ച് പോലിസ് പറയുന്നതിങ്ങനെ: പുനലൂര്‍-ചെങ്കോട്ട റെയില്‍വേ ഗേജ് മാറ്റത്തിന്റെ ഭാഗമായി ഇടമണ്‍ റീച്ചില്‍ തൊഴിലാളികളെ എത്തിച്ചു നല്‍കുന്ന കരാറുകാരാണ് ഇസകിമുത്തുവും മാരിയപ്പനും. റെയില്‍വേ ജോലിക്കെത്തിയ ഇരുപത്തഞ്ചോളം അന്യസംസ്ഥാന തൊഴിലാളികളോടൊപ്പം ഇവര്‍ ഇടമണ്ണില്‍ ബിഎസ്എന്‍എല്‍ ഓഫിസ് കെട്ടിടത്തിനു മുകളിലെ നിലകളിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. സംഭവദിവസം മാരിയപ്പനും കൂട്ടാളികളും തങ്ങളുടെ കിടപ്പുമുറിയിലിരുന്നു മദ്യപിക്കുകയും ശേഷം രാത്രി പതിനൊന്നോടെ മുകളിലത്തെ നിലയിലെത്തിയ മാരിയപ്പന്‍ ഇസകിമുത്തുവുമായി പണമിടപാട് സംബന്ധിച്ച് സംസാരിക്കുകയും വഴക്കണ്ടാവുകയും ചെയ്തു.
വാക്കുതര്‍ക്കത്തിനിടെ സമീപത്തു കിടന്നിരുന്ന മദ്യകുപ്പി ഉപയോഗിച്ച് ഇസകിമുത്തുവിന്റെ തലക്കുപിന്നില്‍ അടിയ്ക്കുകയും നിലത്തുവീണ ഇസകിമുത്തു മിനിട്ടുകള്‍ക്കുള്ളില്‍ മരണപ്പെടുകയും ചെയ്തുവത്രെ. തുടര്‍ന്ന് നേരം പുലരുന്നതിനു മുമ്പായി ആള്‍വാര്‍, ഗണേശന്‍ എന്നിവരുടെ സഹായത്തോടെ മൃതദേഹം പടിക്കെട്ടിലെത്തിച്ചു ചാരിയിരുത്തിയ ശേഷം യാതൊന്നും സംഭവിക്കാത്തതുപോലെ പിറ്റേദിവസം ഓരോ കാരണങ്ങള്‍ പറഞ്ഞ് മൂവരും തങ്ങളുടെ നാടുകളിലേക്ക് മടങ്ങുകയും ചെയ്തു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടുന്നതിനു സഹായിച്ചതെന്ന് പോലിസ് പറഞ്ഞു. ശനിയാഴ്ച പുനലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക