|    Oct 21 Sun, 2018 7:47 pm
FLASH NEWS

റെയില്‍വേ കമാനം നവീകരിച്ചാല്‍ പട്ടാമ്പിയില്‍ ഗതാഗത കുരുക്കഴിയും

Published : 14th September 2017 | Posted By: fsq

 

പട്ടാമ്പി: റെയില്‍വേ സ്‌റ്റേഷന് പടിഞ്ഞാറ് വശത്തെ കമാനം ശാസ്ത്രീയമായി നവീകരിച്ചാല്‍ പട്ടാമ്പി നഗരത്തിലെ ഗതാഗത കുരുക്ക് പരിഹാരമാവുമെന്ന് വിലയിരുത്തല്‍. മുന്‍ കാലങ്ങളില്‍ പട്ടാമ്പി നഗരത്തിലെ തീരാശാപമായ ഗതാഗത കുരുക്ക് അഴിക്കാന്‍ പല ഘട്ടങ്ങളിലായി നിരവധി ട്രാഫിക്ക് പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കിയിരുന്നു. അതിനു പുറമെ നിരവധി പദ്ധതികള്‍ കടലാസില്‍ ഉറങ്ങുകയും ചെയ്യുന്നു.  കമാനം റോഡ് നവീകരിച്ചാല്‍ മേലേ പട്ടാമ്പി പാലക്കാട്-പെരിന്തല്‍മണ്ണ റോഡ് ജങ്ഷനില്‍ നിന്ന് ടൗണിലെ ഗതാഗത കുരുക്കില്‍ പെടാതെ പോലിസ് സ്‌റ്റേഷന് പിന്നിലെ റോഡില്‍ കൂടി മിനി സിവില്‍ സ്‌റ്റേഷന്‍, താലൂക്ക് ആസ്ഥാന ആശുപത്രി, ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, താലൂക്ക് ആസ്ഥാന ആയൂര്‍വേദ, ഹോമിയോ ആശുപത്രി, റെയില്‍വേ സ്‌റ്റേഷന്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥലങ്ങളില്‍ എത്താന്‍ എളുപ്പത്തില്‍ എത്താന്‍ കഴിയും. അതുപോലെ ടൗണിലേ കുരൂക്കില്‍ പെടാതെ പള്ളിപ്പുറം റോഡിലും തുടര്‍ന്ന് ഗുരുവായൂര്‍ റോഡിലും എത്താന്‍ സാധിക്കും. കമാനത്തിന്റെ ഇരുവശവും വീതികൂട്ടിയും അടിഭാഗം ടാറിങ്ങോ അല്ലെങ്കില്‍ കോണ്‍ക്രീറ്റോ ചെയ്തു രണ്ടുഭാഗവും അഴുക്കു ചാലുകളും നിര്‍മിച്ചാല്‍ ചെറിയ വാഹനങ്ങള്‍ക്ക് സുരക്ഷിതമായി കടന്ന് പോകാന്‍ കഴിയും. അതല്ലെങ്കില്‍ അടിഭാഗത്ത് ദ്വാരങ്ങളുളള ഉരുക്ക് സ്ലാബുകള്‍ നിരത്തിയാലും വെളളക്കട്ട് ഒഴിവാക്കുവാന്‍ സാധിക്കും. 2007 ല്‍ പട്ടാമ്പി ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ആയിരുന്ന കാശി വിശ്വനാഥന്റെ നേതൃത്വത്തില്‍ ആദ്യത്തെ യുപിഎ മന്ത്രിസഭയില്‍ റെയില്‍വേ വകുപ്പ് മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവിന് ഇത് സംബന്ധിച്ച് നിവേദനം നല്‍കിയിരുന്നു. മന്ത്രി ലാലു നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഉന്നതതല ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ചു പരിശോധന നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കി. ലാലു പ്രസാദ് റെയില്‍വേ മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ എല്ലാം നിശ്ചലമായി.   മുമ്പ് പടിഞ്ഞാറുളള കവാടത്തിന്റെ നടുവിലായി ഒരു വണ്ണമുളള തൂണ്‍ നാട്ടി വാഹന സഞ്ചാരം തടഞ്ഞിരുന്നു. യാത്രക്കാരുടെ നിരന്തര അപേക്ഷയെ തുടര്‍ന്ന് റെയില്‍വേ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതെടുത്ത് മാറ്റി. അതിനിടെ പട്ടാമ്പി ഗ്രാമപ്പഞ്ചായത്ത് റെയില്‍വേയുടെ സമ്മതമില്ലാതെ മുകളിലൂടെ വാഹനങ്ങള്‍ പോകാനും അടിഭാഗത്ത് കൂടി വെള്ളമൊഴുകിപ്പോകാനും വേണ്ടി പാര്‍ശ്വഭിത്തികള്‍ കെട്ടി സ്ലാബിടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇരുഭാഗത്തും പാര്‍ശ ഭിത്തികള്‍ കെട്ടിയ തറിഞ്ഞ റെയില്‍വേ ഇടപെട്ട് തുടര്‍ നടപടികള്‍ നിറുത്തി വെപ്പിച്ചു. ഇപ്പോള്‍ ഈ റോഡിലൂടെ ഒരടിയോളം ഖനത്തില്‍ അഴുക്ക് വെള്ളം ഒഴുകിപ്പോകുന്നു. കമാനം ശാസ്ത്രീയമായി ഉപയോഗിച്ചാല്‍ ഗതാഗത കുരുക്ക് അഴിയുമെന്നാണ് ഡ്രൈവര്‍മാരും യാത്രക്കാരും പറയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss