|    Dec 17 Sun, 2017 5:46 am
FLASH NEWS
Home   >  Todays Paper  >  page 7  >  

റെയില്‍വേക്ക് മാത്രമായി പ്രത്യേക ബജറ്റ് ഇല്ലാതാവുന്നു; പൊതു ബജറ്റിന് കീഴിലാക്കും

Published : 14th July 2016 | Posted By: SMR

ന്യൂഡല്‍ഹി: റെയില്‍വേക്കു മാത്രമായി പ്രത്യേക ബജറ്റ് ഇല്ലാതാവുന്നു. എല്ലാം പൊതുബജറ്റിനു കീഴിലാക്കാനുള്ള നീക്കത്തിനോട് യോജിച്ച് കേന്ദ്ര റെയില്‍വേമന്ത്രി സുരേഷ് പ്രഭു ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കത്തയച്ചു. റെയില്‍വേ ബജറ്റ് പൊതുബജറ്റില്‍ ചേര്‍ത്താല്‍ മതിയെന്ന് പ്രഭു വ്യക്തമാക്കി. മറ്റു മേഖലയെപ്പോലെ റെയില്‍വേയെ രാഷ്ട്രീയ അതിപ്രസരത്തില്‍ നിന്നു രക്ഷിക്കാനും ദേശീയ ഗതാഗതനയം കൃത്യമായി നടപ്പാക്കാനും കഴിയുമെന്നും മന്ത്രി സൂചിപ്പിച്ചു. നീതി ആയോഗ് അംഗം ബിബേക് ദെബ്രോയിയാണ് റെയില്‍വേ ബജറ്റ് പൊതുബജറ്റിന്റെ ഭാഗമാക്കിയാല്‍ മതിയെന്ന ശുപാര്‍ശ നല്‍കിയത്.
ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) റെയില്‍വേ മന്ത്രാലയത്തോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. നിര്‍ദേശം നടപ്പായാല്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ റെയില്‍വേക്ക് മാത്രമായി പ്രത്യേക ബജറ്റ് അവതരിപ്പിക്കില്ല. എന്നാല്‍, കഴിഞ്ഞമാസം റെയില്‍വേ മന്ത്രി അയച്ച കത്തിന് അരുണ്‍ ജെയ്റ്റ്‌ലി മറുപടി നല്‍കിയിട്ടില്ലെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
സാമ്പത്തിക നഷ്ടമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് റെയില്‍വേക്ക് സ്വന്തമായി പ്രത്യേക ബജറ്റ് വേണ്ടെന്ന് ആലോചിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഇപ്പോഴത്തെ പ്രതിസന്ധി തുടര്‍ന്നാല്‍ ഭാവിയില്‍ ശമ്പളമോ പെന്‍ഷനോ പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയാവും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലയ്ക്കു വരാന്‍ പോവുന്നതെന്നാണ് റെയില്‍വേ മന്ത്രാലയവൃത്തങ്ങള്‍ പറയുന്നത്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടുന്നതിനാല്‍ തൊഴിലാളി സംഘടനകളും പുതിയ നീക്കത്തിന് ഒപ്പമാണ്. റെയില്‍വേബജറ്റ് എന്ന പതിവ് അവസാനിക്കുകയാണെങ്കില്‍ 92 വര്‍ഷമായി തുടരുന്ന രീതിയാവും നിര്‍ത്തലാവുക. 1924- 25 സാമ്പത്തിക വര്‍ഷത്തിലാണ് റെയില്‍വേ ബജറ്റ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss