|    Jun 20 Wed, 2018 5:14 pm
FLASH NEWS

റെയില്‍പ്പാത: വയനാടിനെ വീണ്ടും വഞ്ചിച്ചെന്നു സിപിഎം

Published : 27th February 2016 | Posted By: SMR

കല്‍പ്പറ്റ: വയനാടന്‍ ജനതയുടെ ദീര്‍ഘകാല ആവശ്യമായ നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പ്പാതയുടെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ വീണ്ടും വഞ്ചിച്ചെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. 236 കിലോമീറ്റര്‍ നീളം വരുന്ന പാതയ്ക്ക് 6,000 കോടി രൂപ ചെലവ് വരുമെന്നും ഈ തുക ഇബിആര്‍ വഴി കണ്ടെത്തണമെന്നുമാണ് ബജറ്റില്‍ പറയുന്നത്. റെയില്‍വേ ബജറ്റില്‍ ഒരു രൂപ േപാലും നീക്കിവയ്ക്കാനുള്ള ആര്‍ജവം കാട്ടിയില്ല. തുക അനുവദിക്കാതെ നടത്തുന്ന ഈ നീക്കം സ്വകാര്യ ഏജന്‍സികള്‍ക്ക് ലാഭം ഉണ്ടാക്കുനുള്ള ബോധപൂര്‍വമായ ശ്രമമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. റെയില്‍വേയുടെ കാര്യത്തില്‍ ദീര്‍ഘകാലം കോണ്‍ഗ്രസ് സര്‍ക്കാര്‍ വയനാടന്‍ ജനതയെ പറഞ്ഞു പറ്റിച്ചു. ഇതേ നിലപാട്തന്നെയാണ് ബിജെപി സര്‍ക്കാരും പിന്തുടരുന്നതെന്നാണ് ബജറ്റ് പ്രഖ്യാപനം വ്യക്തമാക്കുന്നത്. ഈ പ്രഖ്യാപനത്തിന്റെ പൊള്ളത്തരം സിപിഎം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.
നഞ്ചന്‍കോട് റെയില്‍പ്പാതയ്ക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചു എന്നും ഇതിന്റെ തുടര്‍ച്ചയായി കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നതോടെ റെയില്‍വേ യാഥാര്‍ഥ്യമാവുമെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. എന്നാല്‍, വിഷയത്തില്‍ ആത്മാര്‍ഥമായ ഒരു സമീപനവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണ് റെയില്‍വേ ബജറ്റില്‍ തെളിയുന്നത്. സംസ്ഥാനം 49 ശതമാനം തുക (കമ്പനി രൂപീകരിച്ചോ ഏജന്‍സികള്‍ വഴിയോ) കണ്ടെത്തിയാല്‍ ബാക്കി റെയില്‍വേ അനുവദിക്കുമെന്നു 2016 ജനുവരി 27ന് കേന്ദ്രവുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. 6,000 കോടിയില്‍ 3,000 കോടിയെങ്കിലും സംസ്ഥാനം നീക്കിവയ്ക്കണം. സര്‍ക്കാര്‍ ഇതു നീക്കിവയ്ക്കുമെന്ന ധാരണ യാഥാര്‍ഥ്യ ബോധത്തിന് നിരക്കുന്നതല്ല.
2004ലാണ് നഞ്ചന്‍കോട്-വയനാട് റെയില്‍പ്പാതയുടെ ആദ്യ സര്‍വേ നടന്നത്. 2008ല്‍ അന്നത്തെ മുഖ്യമന്ത്രി വിഎസും റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വിജയകുമാറും കേന്ദ്ര റെയില്‍മന്ത്രി ലാലുപ്രസാദ് യാദവുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഈ പദ്ധതി 2009 ജൂണില്‍ ആസൂത്രണ കമ്മീഷന്‍ അംഗീകരിച്ചു. എന്നാല്‍, തുടര്‍ന്നു വന്ന ബജറ്റുകളിലൊന്നും ഈ പാതയ്ക്ക് പണം വകയിരുത്തിയില്ല. ഇതിന്റെ ദുരന്തഫലമാണ് ഇപ്പോഴും വയനാട്ടുകാര്‍ അനുഭവിക്കുന്നത്. പ്രശ്‌നത്തില്‍ വര്‍ഷങ്ങളായി കേന്ദ്രഭരണം കൈയിലുണ്ടായിട്ടും ഒരു ഇടപെടലും നടത്താതിരുന്ന കോണ്‍ഗ്രസ്സും ഭരണം ലഭിച്ച് രണ്ടു വര്‍ഷം പിന്നിടുന്ന മോദി സര്‍ക്കാരും തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് നടത്തുന്ന രാഷ്ട്രീയ തട്ടിപ്പുകള്‍ ജനം തിരിച്ചറിയുമെന്നും സിപിഎം വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss