|    Jan 18 Wed, 2017 7:16 am
FLASH NEWS

റെഡ്‌ക്രോസ് അഴിമതി; ക്രൈംബ്രാഞ്ച് അന്വേഷണ ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയില്‍

Published : 17th July 2016 | Posted By: SMR

തിരുവനന്തപുരം: ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി കേരള ഘടകത്തിലെ അഴിമതി ക്രൈംബ്രാഞ്ചിന് വിടണമെന്ന ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയില്‍. ഗവര്‍ണറുടെ നിര്‍ദേശപ്രകാരം അന്വേഷണം നടത്തിയ ഡോ. എം ബീനയുടെ ശുപാര്‍ശയാണ് എല്‍ഡിഎഫ് സര്‍ക്കാരിന് മുമ്പിലെത്തിയത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നടപടിയാവാതെ കിടന്ന ശുപാര്‍ശയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പരിഗണയ്‌ക്കെത്തിയത്.
പണം വാങ്ങി അനധികൃത നിയമനങ്ങള്‍, റെഡ്‌ക്രോസിന്റെ സ്വത്ത് പണയപ്പെടുത്തി വാഹനങ്ങള്‍ വാങ്ങല്‍, സ്വകാര്യ പ്രസില്‍ സ്റ്റാമ്പ് അച്ചടിച്ചതില്‍ കോടികളുടെ അഴിമതി, സംഭാവനകളിലെ വെട്ടിപ്പ്, ജില്ലാ, സംസ്ഥാന ഓഫിസുകൡലെ അറ്റകുറ്റപ്പണികളിലെ അഴിമതി തുടങ്ങിയവയിലൂടെ കോടിക്കണക്കിനു രൂപ ഭരണസമിതി തട്ടിയെടുത്തുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കോണ്‍ഗ്രസ് നേതാക്കളായ സുനില്‍ സി കുര്യന്‍, ചെമ്പഴന്തി അനില്‍ എന്നിവര്‍ ചെയര്‍മാനും ജനറല്‍ സെക്രട്ടറിയുമായിരിക്കവെയാണു വെട്ടിപ്പ് നടന്നത്. ഇരുവരെയും സംരക്ഷിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ അന്വേഷണ റിപോര്‍ട്ട് മുക്കിയത്. ഗവര്‍ണറുടെ നിര്‍ദേശപ്രകാരം കഴിഞ്ഞദിവസം ഇന്ത്യന്‍ റെഡ്‌ക്രോസ് കേരള ഘടകം ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയിരുന്നു. തിരുവനന്തപുരം കലക്ടര്‍ ബിജു പ്രഭാകറിനാണ് അഡ്മിനിസ്‌ട്രേറ്റീവ് ചുമതല. ഇന്നലെ ജില്ലാ ഓഫിസുകളുടെ ഭരണം അതാത് കലക്ടര്‍മാര്‍ ഏറ്റെടുത്തു. കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ അക്കൗണ്ടില്‍ നിന്ന് 4.75 ലക്ഷം രൂപ അനധികൃതമായി പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ചില ജില്ലാ ഓഫിസുകളില്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി എന്നിവരുടെ ബന്ധുക്കളും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമാണു ഭരിക്കുന്നതെന്നും അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയ ശേഷം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
സുനില്‍ സി കുര്യന്‍, ചെമ്പഴന്തി അനില്‍ എന്നിവരുടെ ഭരണസമിതിക്കെതിരേ ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി കേന്ദ്ര ഘടകമാണ് ഗവര്‍ണര്‍ക്കു പരാതി നല്‍കിയത്. 2015 ഒക്ടോബറില്‍ ആയിരുന്നു ഇത്.
അന്വേഷണം നടത്തണമെന്ന് ഗവര്‍ണര്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദ്യം ഗവര്‍ണറുടെ ഉത്തരവ് അവഗണിച്ചു. അതോടെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം കര്‍ശനമായി ഇടപെട്ടു. ഗത്യന്തരമില്ലാതെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഡോ. എം ബീനയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തയ്യാറായത്. വ്യാപക അഴിമതി നടന്നതായുള്ള റിപോര്‍ട്ടാണ് അവര്‍ സമര്‍പ്പിച്ചത്. വിജിലന്‍സിനെക്കൊണ്ട് ത്വരിതപരിശോധന നടത്തണമെന്നും ക്രൈംബ്രാഞ്ചിന് കേസ് കൈമാറണമെന്നും ഡോ.എം ബീനയുടെ റിപോര്‍ട്ടിലുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക