|    Oct 19 Fri, 2018 5:02 pm
FLASH NEWS
Home   >  Sports  >  Cricket  >  

റെക്കോഡില്‍ കണ്ണും നട്ട് ഇന്ത്യ

Published : 1st December 2017 | Posted By: vishnu vis

ന്യൂഡല്‍ഹി: ഇന്ത്യ – ശ്രീലങ്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ഡല്‍ഹിയില്‍ നടക്കും. മൂന്ന് മല്‍സര പരമ്പരയില്‍ 1-0 ന് മുന്നിട്ട് നില്‍ക്കുന്ന ഇന്ത്യ ജയത്തോടെ പരമ്പര പിടിക്കാനിറങ്ങുമ്പോള്‍ ആശ്വസിക്കാനൊരു ജയം തേടിയാണ് ശ്രീലങ്ക കളത്തിലിറങ്ങുന്നത്. ലങ്കയ്‌ക്കെതിരായ പരമ്പര നേടിയാല്‍ തുടര്‍ച്ചയായ ഒമ്പത് ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്ന ടീമെന്ന റെക്കോഡ് ഇന്ത്യക്ക് ലഭിക്കും. അതിനാല്‍ തന്നെ ചരിത്ര നേട്ടം എന്തുവിലകൊടുത്തും പിടിച്ചെടുക്കാനുറച്ചാവും കോഹ്‌ലിപ്പട ഇന്നിറങ്ങുക.ഓള്‍റൗണ്ട് കരുത്തോടെ ഇന്ത്യബാറ്റിങും ബൗളിങും ഒരുപോലെ മികവു പുലര്‍ത്തുന്ന ടീമുമായാണ് ഇന്ത്യ മൂന്നാം ടെസ്റ്റിനിറങ്ങുന്നത.് ബാറ്റിങ് സൈഡില്‍ എല്ലാവരും തന്നെ ഫോമിലാണ്. രണ്ടാം ടെസ്റ്റില്‍ മൂന്ന് സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും അടിച്ചുകൂട്ടിയ ഇന്ത്യയുടെ ബാറ്റിങ് നിരയെ തളക്കുക എന്നതു തന്നെയാണ് ലങ്കയെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി. ഓപണിങില്‍  മുരളി വിജയി അവസരത്തിനൊത്ത പ്രകടനമാണ് പുറത്തെടുക്കുന്നത്. രണ്ടാം ടെസ്റ്റില്‍ മുരളി വിജയി ഉജ്ജ്വല സെഞ്ച്വറി നേടിയെങ്കിലും  രണ്ടാം ടെസ്റ്റില്‍ കളിക്കാതിരുന്ന ശിഖര്‍ ധവാന്‍ ടീമിലേക്ക് മടങ്ങിയെത്തിയതോടെ ടീമിലെ സ്ഥാനം സംശയത്തിലാണ്.  മധ്യനിരയില്‍ അജിന്‍ക്യ രഹാനെ തുടര്‍ച്ചയായി പരാജയപ്പെടുന്നതാണ് ഇന്ത്യയുടെ പ്രധാന തലവേദന. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃധിമാന്‍ സാഹയുടെ പ്രകടനവും പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. അതേ സമയം രണ്ടാം ടെസ്റ്റില്‍ അവസരം ലഭിച്ച രോഹിത് ശര്‍മ സെഞ്ച്വറിയോടെ ലഭിച്ച അവസരത്തെ വിനിയോഗിച്ചു.  ബൗളിങില്‍ രവിചന്ദ്ര അശ്വിന്റെ സ്പിന്‍ മാന്ത്രികതയാണ് ഇന്ത്യയുടെ കുന്തമുന.  ഫാസ്റ്റ് ബൗളിങില്‍ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ഇഷാന്ത് ശര്‍മയും കൈയടിക്കര്‍ഹമായ പ്രകടനമാണ് പുറത്തെടുക്കുന്നത്. ആശ്വസിക്കാന്‍ ഒന്നുമില്ലാതെ ശ്രീലങ്കആശ്വസിക്കാന്‍ ഒന്നുമില്ലാതെയാണ് ലങ്കന്‍ നിര മൂന്നാം ടെസ്റ്റിനിറങ്ങുന്നത്. സ്വന്തം നാട്ടില്‍ നാണംകെട്ട് തോറ്റ ലങ്ക പകരം വീട്ടാനുറച്ചാണ് ഇന്ത്യയിലേക്ക് വണ്ടികയറിയതെങ്കിലും തോല്‍വി മാത്രമായിരുന്നു ഫലം. ബാറ്റിങിലും ബൗളിങും ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോലുമാവാത്ത ലങ്കന്‍ നിരയില്‍ പരിചയ സമ്പന്നരായ താരങ്ങളില്ലാത്തതാണ് തിരിച്ചടി. ബാറ്റിങില്‍ ലഹിരു തിരിമനയും ദിനേഷ് ചണ്ഡിമാലും ഏയ്ഞ്ചലോ മാത്യൂസുമുണ്ടെങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. ബൗളിങില്‍ പരിചയ സമ്പന്നനായ രങ്കണ ഹരാത്തിനെ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ശ്രീലങ്ക പുറത്താക്കി. ഫാസ്റ്റ് ബൗളര്‍ സുരങ്ക ലക്മാലും, ഗമേകയും ഷണകയുമെല്ലാം വിജയം നേടിക്കൊടുക്കാന്‍ പ്രാപ്തമായ പ്രകടനമല്ല കളിക്കളത്തില്‍ പുറത്തെടുക്കുന്നത്. പാകിസ്താനെ വിറപ്പിച്ച ടെസ്റ്റ് വീര്യം ഇന്ത്യക്കെതിരേ ഒരു ഘട്ടത്തില്‍ പോലും ഉയര്‍ത്താനാവാതെ ലങ്ക കിതക്കുമ്പോള്‍ ഡല്‍ഹിയിലും ലങ്കയെ കാത്തിരിക്കുന്നത് തോല്‍വി തന്നെയാകാനാണ് സാധ്യത.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss