|    Oct 20 Fri, 2017 11:53 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

റൂളിങ്ങിനെ നിരന്തരം വിമര്‍ശിക്കുന്നത് ആശാസ്യമല്ലെന്ന് സ്പീക്കര്‍

Published : 30th September 2016 | Posted By: SMR

തിരുവനന്തപുരം: നിയമസഭയ്ക്ക് അകത്തും പുറത്തും ചെയറിന്റെ റൂളിങ്ങിനെ പ്രതിപക്ഷനേതാവ് നിരന്തരം വിമര്‍ശിക്കുന്നത് ആശാസ്യമല്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. നിയമസഭയില്‍ ദീര്‍ഘകാലമായി പാരമ്പര്യമുള്ളയാളാണ് പ്രതിപക്ഷനേതാവ്. അദ്ദേഹം സ്പീക്കര്‍ക്കെതിരായ സ്ഥിരം വിമര്‍ശകനായി മാറുന്നത് ഖേദകരമാണ്. പ്രതിപക്ഷത്തിന്റെയും പ്രതിപക്ഷനേതാവിന്റെയും എല്ലാ അവകാശങ്ങളും സംരക്ഷിക്കാനുള്ള ബാധ്യത ചെയറിനുണ്ട്. അത് നിര്‍വഹിച്ചുകൊണ്ടാണ് ചെയര്‍ പ്രവര്‍ത്തിക്കുന്നത്.
കീഴ്‌വഴക്കങ്ങള്‍ യാന്ത്രികമായി നടപ്പാക്കാനുള്ളതല്ല, സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. ചോദ്യോത്തരവേളയില്‍ പ്രതിപക്ഷനേതാവിനെ സംസാരിക്കാന്‍ അനുവദിക്കത്തക്ക തരത്തിലുള്ള അടിയന്തരസാഹചര്യം ബോധ്യപ്പെടാത്ത പശ്ചാത്തലത്തിലാണ് അനുമതി നിഷേധിച്ചത്. സഭാനടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്നത് ശരിയല്ല. പ്രതിപക്ഷം നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നത്. ചെയറിന്റെ നടപടികളെ സ്ഥിരമായി അകത്തും പുറത്തും ചോദ്യംചെയ്യുന്ന സമീപനം ശരിയല്ലെന്നും സ്പീക്കര്‍ റൂളിങ് നല്‍കി.
എന്നാല്‍, ഇഎംഎസ് പ്രതിപക്ഷനേതാവായിരുന്ന കാലത്ത് ചോദ്യോത്തരവേളയില്‍ സംസാരിക്കാന്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന്‍ അനുവദിച്ച കാര്യം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഓര്‍മിപ്പിച്ചു. അന്ന് എംഎല്‍എമാര്‍ നിരാഹാരം കിടക്കുന്ന വിഷയമാണ് ചോദ്യോത്തരവേളയ്ക്കു മുമ്പ് ഇഎംഎസ് ഉന്നയിച്ചത്. മറ്റ് നാലുപേരെയും സംസാരിക്കാന്‍ അനുവദിച്ചു. ഇതിനുശേഷമാണ് ചോദ്യോത്തരവേള ആരംഭിച്ചത്. അന്ന് റൂളൊന്നും നോക്കിയില്ല.
ഇഎംഎസ് ഇരിക്കുന്ന അതേ സീറ്റിലിരുന്നാണ് താനും ഇക്കാര്യം ഉന്നയിച്ചത്. വിഎസ് പ്രതിപക്ഷനേതാവായിരുന്നപ്പോഴും നിരവധി തവണ സംസാരിക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെ വ്യക്തിപരമായി അധിക്ഷേപിച്ചപ്പോള്‍ രണ്ടുതവണ മാത്രമാണ് വിഎസിന്റെ മൈക്ക് ഓഫാക്കിയത്.
പ്രതിപക്ഷത്തിന്റെ അവകാശം സംരക്ഷിക്കാന്‍ സ്പീക്കര്‍ക്ക് ബാധ്യതയുണ്ട്. ഇഎംഎസിന്റെ മാതൃകയെങ്കിലും അദ്ദേഹം കാണിക്കണം. തന്റെ വിമര്‍ശനത്തിനെതിരേ സ്പീക്കറുടെ ഓഫിസ് പ്രസ്താവന ഇറക്കിയതുകൊണ്ടാണ് ഇത്രയും കാര്യം പറഞ്ഞതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക