|    Oct 19 Fri, 2018 10:57 pm
FLASH NEWS

റൂബല്ല പ്രതിരോധ യജ്ഞം മൂന്ന് മുതല്‍; 3,21,309 കുട്ടികള്‍ക്ക് കുത്തിവയ്പ്പ് നല്‍കും

Published : 29th September 2017 | Posted By: fsq

 

കാസര്‍കോട്: ജില്ലയില്‍ മീസില്‍സ് (അഞ്ചാം പനി), റുബല്ല (മുന്നാം പനി) പ്രതിരോധ കുത്തിവെപ്പ് ഒക്‌ടോബര്‍ മൂന്ന് മുതല്‍ നവംബര്‍ 24 വരെ നടക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒമ്പത് മാസത്തിനും 15 വയസിനുമിടയിലുള്ള 3,21,309 കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കും.  സ്‌കൂളുകളിലും അങ്കണവാടികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുമായിട്ടാണ് കുത്തിവെപ്പ് നല്‍കുന്നത്. ഇതിനായി ഏഴ് ബ്ലോക്കുകളിലായി 273 ജൂനിയര്‍ നഴ്‌സുമാരെ സജ്ജീകരിച്ചിട്ടുണ്ട്. ഒരു നഴ്‌സിന് നൂറ് ഇഞ്ചക്ഷന്‍ നല്‍കാന്‍ കഴിയും. പ്രതിരോധ കുത്തിവെപ്പിനുള്ള മരുന്ന് എറണാകുളത്ത് നിന്ന് ഉടന്‍ എത്തും. കുത്തിവെപ്പ് സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് സംശയ നിവാരണത്തിനായി പിടിഎ മീറ്റിങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ട്. മീസല്‍സ് അഥവാ അഞ്ചാം പനി രോഗം കുട്ടികളില്‍ വയറിളക്കം, ന്യു മോണിയ, മസ്തിഷ്‌ക്ക വീക്കം എന്നിവ കാരണം മരണമുണ്ടാകും. മീസല്‍സ് വലിയവരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നില്ലെങ്കിലും രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് അത് വലിയ ആരോഗ്യ പ്രശ്‌നങ്ങളാണുണ്ടാക്കുന്നത്. ലോകത്ത് ഒരോ വര്‍ഷവും മീസല്‍സ് രോഗം കാരണം രണ്ട് വയസിന് താഴെയുളള 1,50,000 കുട്ടികളാണ് മരിക്കുന്നത്. അതില്‍ നാല്‍പത് ശതമാനം ഇന്ത്യയിലാണ്. റുബല്ല രോഗം (ജര്‍മ്മന്‍മീസല്‍സ്) രോഗം ഗര്‍ഭിണിയായ സ്ത്രീകളെ ബാധിക്കുന്നതിലൂടെ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ബധിരത, അന്ധത, ബുദ്ധിമാന്ദ്യം, ഹൃദയവൈകല്യം എന്നിവയുണ്ടാക്കാറുണ്ട്. ഒരിക്കല്‍ വന്നാല്‍ അത് പ്രതിരോധം സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ 90 ശതമാനം ഗര്‍ഭിണികള്‍ക്ക് ഈ രോഗം വന്നാല്‍ അത് കുട്ടികളുടെ ജീവന് വലിയ ഭീഷണിയാണുണ്ടാക്കുന്നത്.കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ 95 ശതമാനം കുട്ടികള്‍ക്ക് ഈ രണ്ട് രോഗങ്ങള്‍ക്കുമുള്ള വാക്‌സിന്‍ നല്‍കി കഴിഞ്ഞു. ഇതു പോലെ കേരളത്തിലും വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ജില്ലാതല ഉദ്ഘാടനം മൂന്നിന് രാവിലെ പത്തിന് പള്ളിക്കര സെന്റ് ആന്‍സ്് യുപി സ്‌കൂളില്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. ഇ മോഹന്‍,  ഡോ. മുരളീധര നെല്ലുരായ, ഡോ. ജിതേന്ദ്രറൈ, പി എസ് സുജ, മുഹമ്മദ് സദാം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ വി സുഗതന്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss