|    Mar 19 Mon, 2018 6:27 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

റൂണി ഗോളില്‍ ഡെവിള്‍സ് സൂപ്പര്‍

Published : 18th January 2016 | Posted By: SMR

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മുന്‍ ചാംപ്യന്‍മാരുടെ ക്ലാസിക്കില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം. ഗ്ലാമര്‍ ടീമായ ലിവര്‍പൂളിനെയാണ് അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റര്‍ വീഴ്ത്തിയത്. 78ാം മിനിറ്റില്‍ ക്യാപ്റ്റന്‍ വെയ്ന്‍ റൂണിയുടെ വകയായിരുന്നു മാഞ്ചസ്റ്ററിന്റെ വിജയഗോള്‍.
ജയത്തോടെ മാഞ്ചസ്റ്റര്‍ അഞ്ചാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു. വിജയത്തോടെ മാഞ്ചസ്റ്റര്‍ കോച്ച് ലൂയിസ് വാന്‍ഗാല്‍ പുറത്താക്കല്‍ ഭീഷണിയില്‍ നിന്ന് തല്‍ക്കാലത്തേക്ക് രക്ഷപ്പെട്ടു. മല്‍സരത്തില്‍ ആധിപത്യം നേടിയ ലിവര്‍പൂളിനെതിരേ കിട്ടിയ ഗോളിനുള്ള ഒരേയൊരു അവസരം തന്നെ ലക്ഷ്യത്തിലെത്തിച്ചാണ് ഡെവിള്‍സ് വിജയകൊടി നാട്ടിയത്.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന മല്‍സരങ്ങളില്‍ മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍പ്പന്‍ ജയം കരസ്ഥമാക്കിയപ്പോള്‍ നിലവിലെ കിരീട വിജയികളായ ചെല്‍സി സമനിലയുമായി തടിതപ്പി. സിറ്റി എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ക്രിസ്റ്റല്‍ പാലസിനെ തുരത്തിയപ്പോള്‍ ഇഞ്ചുറിടൈമില്‍ ഒരു മിനിറ്റ് മാത്രം ബാക്കിനില്‍ക്കേ ക്യാപ്റ്റന്‍ ജോണ്‍ ടെറി നേടിയ ഗോളില്‍ ചെല്‍സി 3-3ന് എവര്‍ട്ടനെതിരേ സമനില കൊണ്ട് രക്ഷപ്പെടുകയായിരുന്നു.
എന്നാല്‍, ആസ്റ്റന്‍ വില്ലക്കെതിരായ (1-1) സമനിലയോടെ ലെസ്റ്റര്‍ സിറ്റി വീണ്ടും പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് കയറി. പാലസിനെതിരേ ഇരട്ട ഗോള്‍ നേടിയ സെര്‍ജിയോ അഗ്വേറോയാണ് സിറ്റിക്ക് ഹോംഗ്രൗണ്ടില്‍ തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്. ഫാബിയന്‍ ഡെല്‍ഫും ഡേവിഡ് സില്‍വയുമാണ് സിറ്റിയുടെ മറ്റു സ്‌കോറര്‍മാര്‍.
എവര്‍ട്ടനെതിരേ ഹോംഗ്രൗണ്ടില്‍ തോല്‍വി വഴങ്ങുമെന്ന ഘട്ടത്തില്‍ നിന്നാണ് ടെറിയിലൂടെ ചെല്‍സി സമനില പിടിച്ചത്. 50ാം മിനിറ്റില്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയതിന് ടെറിയുടെ പ്രായശ്ചിത്തം കൂടിയായിരുന്നു ഇത്. കെവിന്‍ മിറാലസും റാമിയോ ഫൂനസ് മോറിയുമാണ് എവര്‍ട്ടനു വേണ്ടി സ്‌കോര്‍ ചെയ്തത്.
ചെല്‍സിക്കു വേണ്ടി ടെറിയെ കൂടാതെ ഡിയേഗോ കോസ്റ്റയും സെക് ഫെബ്രഗസും ഗോള്‍ മടക്കി. ഷിന്‍ജി ഒകാസാക്കിയിലൂടെ മുന്നിലെത്തിയ ലെസ്റ്ററിന് വില്ലയ്‌ക്കെതിരേ രണ്ടാം ഗോള്‍ നേടാന്‍ പെനാല്‍റ്റിയിലൂടെ അവസരം ലഭിച്ചെങ്കിലും റിയാദ് മഹരാഷ് കിക്ക് പാഴാക്കുകയായിരുന്നു.
യുവന്റസും നാപ്പോളിയും മുന്നോട്ട്
റോം: ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ യുവന്റസും ഒന്നാംസ്ഥാനക്കാരായ നാപ്പോളിയും മുന്നേറ്റം തുടരുന്നു. യുവന്റസ് 4-0ന് ഉഡിനെസിനെയും നാപ്പോളി 3-1ന് സാസുവോലോയെയുമാണ് തോല്‍പ്പിച്ചത്. ഇന്റര്‍മിലാന്‍ 1-1ന് അറ്റ്‌ലാന്റെയോട് സമനില വഴങ്ങി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss