|    Apr 27 Thu, 2017 6:27 pm
FLASH NEWS

റുവാണ്ടയിലെ തുത്‌സി വംശഹത്യ: കത്തോലിക്കാ സഭ കുറ്റസമ്മതം നടത്തി മാപ്പുപറഞ്ഞു

Published : 22nd November 2016 | Posted By: SMR

കിഗാലി: 1994ലെ തുത്‌സി വംശഹത്യയില്‍ റുവാണ്ടയിലെ കത്തോലിക്കാ സഭ കുറ്റസമ്മതം നടത്തി മാപ്പുപറഞ്ഞു. 18 വര്‍ഷം മുമ്പ് നടന്ന റുവാണ്ടന്‍ വംശഹത്യാകാലത്ത് എട്ടുലക്ഷത്തോളം തുത്‌സികളെയും മിതവാദികളായ ഹുതു വിഭാഗക്കാരെയുമായിരുന്നു തീവ്ര നിലപാടുകാരായ ഹുതു വിഭാഗക്കാര്‍ കൊലപ്പെടുത്തിയത്. കൂട്ടക്കൊലയില്‍ സഭാംഗങ്ങളും പങ്കാളികളാവുകയും സഹായിക്കുകയും ചെയ്തതായും അവരുടെ ചെയ്തികളില്‍ മാപ്പുപറയുന്നതായും റുവാണ്ടയിലെ കത്തോലിക്കാ ബിഷപ്പുമാര്‍ കഴിഞ്ഞദിവസം പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
സഭ ചെയ്ത എല്ലാ തെറ്റായ കാര്യങ്ങള്‍ക്കും ഞങ്ങള്‍ മാപ്പുചോദിക്കുന്നു. തങ്ങള്‍ ചെയ്ത എല്ലാതരത്തിലുമുള്ള തെറ്റുകള്‍ക്ക് എല്ലാ ക്രിസ്ത്യാനികളുടെയും പേരില്‍ മാപ്പുചോദിക്കുന്നു. ദൈവത്തിന്റെ കല്‍പനകള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കണമെന്ന പ്രതിജ്ഞ ലംഘിച്ച സഭാംഗങ്ങളുടെ പേരില്‍ ഖേദിക്കുന്നതായും കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനത്തില്‍ സഭാനേതൃത്വം അഭിപ്രായപ്പെട്ടു. രാജ്യത്തെ എല്ലാ പള്ളികളിലും പ്രസ്താവന വായിച്ചുകേള്‍പ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
വംശഹത്യക്കാലത്ത് നിരവധിപേര്‍ കൊല്ലപ്പെട്ടത് വൈദികരുടെയും പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും കൈകള്‍ കൊണ്ടാണെന്ന് ആക്രമണങ്ങളെ അതിജീവിച്ചവര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. തങ്ങള്‍ക്കെതിരായ കലാപത്തില്‍ നിന്നു രക്ഷപ്പെടാനായി ക്രിസ്ത്യന്‍ പള്ളികളില്‍ അഭയം തേടിയവരും ഇത്തരത്തില്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി റുവാണ്ടന്‍ സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചു.
വംശഹത്യയില്‍ സഭ തങ്ങളുടെ പങ്ക് വെളിപ്പെടുത്തി മാപ്പുപറയണമെന്ന് സര്‍ക്കാരും വംശഹത്യയെ അതിജീവിച്ചവരുടെ സംഘടനകളും നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അപ്പോഴെല്ലാം പള്ളി അധികൃതര്‍ വ്യക്തിപരമായി നടത്തിയതാണ് കുറ്റകൃത്യങ്ങള്‍ എന്നു പറയുന്ന നിലപാടായിരുന്നു കത്തോലിക്കാ നതൃത്വം സ്വീകരിച്ചിരുന്നത്. റുവാണ്ടയിലെ വംശീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു ഗുണകരമാവുന്ന ഒരു മാറ്റമായാണ് ബിഷപ്പുമാരുടെ മാപ്പു പറയുന്ന നടപടി വിലയിരുത്തപ്പെടുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day