|    Oct 22 Mon, 2018 7:48 pm
FLASH NEWS

റീജ്യനല്‍ ഡയറി ലാബ് ഉദ്ഘാടനത്തിന് തയ്യാറായി; ഉദ്യോഗസ്ഥ തസ്തികകള്‍ ഇനിയുമായില്ല

Published : 13th August 2016 | Posted By: SMR

കാസര്‍കോട്: സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ ധനസഹായത്തോടെ മൂന്ന് കോടി രൂപ ചെലവില്‍ കുമ്പളയില്‍ നിര്‍മാണം പൂര്‍ത്തിയായ റീജ്യണല്‍ ഡയറി ലാബ് ഉദ്ഘാടനത്തിന് തയ്യാറായി. 2013 ഫെബ്രുവരിയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിട്ട കെട്ടിടം കഴിഞ്ഞ മാര്‍ച്ചിലാണ് പൂര്‍ത്തിയായത്. ഇതര സംസ്ഥാനത്ത് നിന്നും കടന്നുവരുന്ന പാലും പാലുല്‍പ്പന്നങ്ങളുടെയും ഗുണനിലവാരം പരിശോധിക്കാന്‍ അത്യാധുനിക രീതിയില്‍ ദേശീയ നിലവാരത്തിലുള്ള പാല്‍ പരിശോധന കേന്ദ്രമാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്.
60 ലക്ഷത്തോളം രൂപ ചെലവില്‍ അന്താരാഷ്ട്ര ഗുണനിലവാരമുള്ള പരിശോധന ഉപകരണങ്ങളും ഡിജിറ്റല്‍ സാങ്കേതിക വിദ്യകളും ഈ സ്ഥാപനത്തിന് വേണ്ടി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ വിപണനം നടത്തുന്ന വിവിധ തരം പാലും പാലുല്‍പ്പന്നങ്ങളുടെയും പരിശോധന, ക്ഷീര സംഘങ്ങളില്‍ നിന്നും ശേഖരിക്കുന്ന സാംപിളുകള്‍ അന്തര്‍ സംസ്ഥാന മില്‍ക്ക് ടാങ്ക് ലോറികളില്‍ നിന്നും ശേഖരിക്കുന്ന സാംപിളുകള്‍, ക്ഷീരകര്‍ഷകരും പാല്‍ ഉപഭോക്താക്കളും കൊണ്ടുവരുന്ന സാംപിളുകള്‍ എന്നിവ പരിശോധിക്കുന്നതോടൊപ്പം ക്ഷീര വികസന വകുപ്പിന്റെ ജില്ലയിലെ ഗുണനിലവാര നിയന്ത്രണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സാംപിള്‍ ശേഖരിക്കാന്‍ മൊബൈല്‍ ഡയറി ലാബും അനുവദിച്ചിട്ടുണ്ട്.
ഇതിനായി കാസര്‍കോട് പാക്കേജ് വഴി 10 ലക്ഷം രൂപ ചിലവഴിച്ച് വാഹനവും അനുവദിച്ചിരുന്നു. കൂടാതെ ഇതേ പാക്കേജില്‍ ഉള്‍പ്പെടുത്തി 1.64 കോടി രൂപ ക്ഷീര പരിശീലന കേന്ദ്രത്തിനുള്ള ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്താനായി അനുവദിച്ചിട്ടുണ്ട്. കെട്ടിട നിര്‍മാണത്തിന്റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി.
ഡയറി ലാബിന്റെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും നാളിതുവരെയായി ഉദ്യോഗസ്ഥ തസിതികകള്‍ സൃഷ്ടിക്കാത്തത് കാരണം പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ലാബില്‍ ഉദ്യോഗസ്ഥരെ നിയമിച്ച് പ്രവര്‍ത്തനം ആരംഭിച്ചാല്‍ മാത്രമേ പാല്‍ പരിശോധന നടത്താനുള്ള എന്‍എബിഎല്ലിന്റെ അംഗീകാരം ലഭിക്കുകയുള്ളൂ. കൂടാതെ ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ചുമതലകള്‍ നിര്‍വഹിക്കാനുള്ള തസ്തികകളും സൃഷ്ടിച്ചിട്ടില്ല.
മേല്‍ തസ്തികകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകള്‍ സംസ്ഥാന ക്ഷീര വികസന വകുപ്പില്‍ നിന്നും ധനകാര്യ വകുപ്പിലേക്ക് മാസങ്ങള്‍ക്ക് മുമ്പ് തന്നെ കൈമാറിയിട്ടുണ്ട്. ഇത് ധനകാര്യ വകുപ്പിന്റെ സജീവ പരിഗണനയിലാണ്. പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം ജില്ലയില്‍ ഒഴിഞ്ഞു കിടന്ന ക്ഷീര വികസന ഓഫിസര്‍മാരുടെ ഒഴിവുകള്‍ ഏതാണ്ട് നികത്തിയിട്ടുണ്ടെങ്കിലും മഞ്ചേശ്വരം യൂനിറ്റില്‍ ഓഫിസറെ നിയമിച്ചിട്ടില്ല.
ക്ഷീര പരിശോധന കേന്ദ്രം ആരംഭിക്കുന്നതോടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ക്ഷീര സംഘം ജീവനക്കാര്‍, ക്ഷീര കര്‍ഷകര്‍, സംഘം ഭരണ സമിതി അംഗങ്ങള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍, സംരംഭകര്‍, പാല്‍ ഉപഭോക്താക്കള്‍, പാല്‍ വിപണനം നടത്തുന്ന സ്ഥാപനങ്ങള്‍, ഡയറി പ്ലാന്റിലെ ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ക്ഷീര മേഖലയിലെ നൂതന പ്രവണതകള്‍, ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ എന്നിങ്ങനെ ചര്‍ച്ചാ ക്ലാസും പരിശീലന ക്ലാസും നടത്താന്‍ സാധിക്കും. നിലവില്‍ ഇത്തരം സൗകര്യങ്ങള്‍ക്ക് കോഴിക്കോട് ബേപ്പൂരിനടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്.
കാസര്‍കോട് ജില്ലയില്‍ 143 ക്ഷീര സഹകരണ സംഘങ്ങളില്‍ നിന്നും പതിനായിരത്തോളം ക്ഷീര കര്‍ഷകര്‍  പ്രതിദിനം 60,000 ലിറ്റര്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്നു. ക്ഷീര സംഘത്തില്‍ മാത്രം എത്തിക്കുന്ന പാലാണിത്. ഗാര്‍ഹിക, പ്രാദേശിക ഉല്‍പാദനം ഏതാണ് 40,000 ലിറ്റര്‍ വരെയാണ്. ജില്ലയിലെ പാലുല്‍പ്പാദനം 2010വരെ 30,000 ലിറ്റര്‍ മാത്രമായിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ പാലുല്‍പ്പാദനത്തില്‍ നൂറ് ശതമാനം വരെ വര്‍ദ്ധനവുണ്ട്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന തലത്തില്‍ ശരാശരി വര്‍ദ്ധനവ് ഏഴ് ശതമാനമായിരുന്നപ്പോള്‍ ജില്ലയില്‍ മാത്രം 20 ശതമാനം വര്‍ദ്ധനവുണ്ട്. മില്‍മ മലബാര്‍ മേഖല യൂനിയനില്‍  സംഭരിക്കുന്ന പാലില്‍ ഏറ്റവും ഗുണ നിലവാരമുള്ള പാല്‍ഉല്‍പ്പാദിപ്പിക്കുന്നതില്‍ വയനാട് ജില്ലക്ക് തൊട്ട് പിറകില്‍ കാസര്‍കോടിന് രണ്ടാം സ്ഥാനത്താണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss