|    Oct 19 Fri, 2018 12:46 pm
FLASH NEWS

റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം വ്യാപകം

Published : 28th September 2017 | Posted By: fsq

 

മാനന്തവാടി: മെട്രോ നഗരങ്ങളില്‍ മാത്രം കണ്ടുവന്ന ഡിസ്‌കോ ജോക്കി പാര്‍ട്ടികളും മയക്കുമരുന്ന് ഉപയോഗവും ജില്ലയിലെ റിസോര്‍ട്ടുകളിലും ടൂറിസംകേന്ദ്രങ്ങളിലും വ്യാപകമാവുന്നു. പടിഞ്ഞാറത്തറ പ്രദേശത്തെ ഒരു ഹോം സ്‌റ്റേയില്‍ നടന്ന ഡിജെ പാര്‍ട്ടിയില്‍ വ്യാപകമായി മയക്കുമരുന്ന് ഉപയോഗം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ തലനാരിഴയ്ക്കാണ് സംഘാംഗങ്ങള്‍ രക്ഷപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമുഖരുടെ മക്കളായിരുന്നു സംഘത്തിലുണ്ടായിരുന്നതെന്നാണ് സൂചന. മയക്കുമരുന്ന് ഉപയോഗിച്ചുള്ള ഡിജെ പാര്‍ട്ടിയാണ് നടത്തുന്നതെന്നു രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധിക്കാനിറങ്ങുകയായിരുന്നു. എന്നാല്‍, നേരത്തെ പാര്‍ട്ടി നടത്താന്‍ സംഘം തീരുമാനിച്ച റിസോര്‍ട്ടില്‍ അല്ലായിരുന്നു പരിപാടി. ഈ വിവരം പരിശോധനാ സംഘത്തിന് ലഭിച്ചില്ല. ഏറെ നേരത്തെ ഓട്ടത്തിനൊടുവില്‍ ഡിജെ പാര്‍ട്ടി സംഘത്തെ കണ്ടെത്തി പരിശോധന നടത്തിയെങ്കിലും തെളിവ് കിട്ടിയില്ല. സംഘത്തിലെ പലരും ഓടിരക്ഷപ്പെട്ടതായും ചിലരുടെ നാവിനടിയില്‍ നിന്നു ന്യൂജന്‍ മയക്കുമരുന്നെന്ന പേരിലറിയപ്പെടുന്ന സ്റ്റാമ്പ് കണ്ടെത്തുകയും ചെയ്തതായാണ് വിവരം. എന്നാല്‍, കേസെടുക്കാന്‍ മാത്രം മയക്കുമരുന്നുകള്‍ കണ്ടെത്താന്‍ കഴിയാത്തിനെ തുടര്‍ന്ന് ഇവരെ വിട്ടയച്ചു. ന24 മണിക്കൂര്‍ ലഹരി നിലനിര്‍ത്തുന്നതിന് ലേസര്‍ജിക് ആസിഡായ സ്റ്റാമ്പിന് കഴിയുന്നതു കാരണം യുവാക്കള്‍ക്കിടയില്‍ ഇതിന്റെ ഉപയോഗം വ്യാപകമാണെന്ന് എക്‌സൈസിന് വിവരമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയാ ബന്ധത്തിലൂടെയാണ് കൂട്ടായ്മകള്‍ രൂപീകരിച്ച് ജില്ലയില്‍ പാര്‍ട്ടികള്‍ നടത്തുന്നത്. ഇവര്‍ക്ക് കര്‍ണാടകയിലെ മംഗളുരു, ഹാസന്‍, ചിക്ക് മംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു മയക്കുമരുന്നുകള്‍ എത്തിച്ചു നല്‍കാന്‍ പ്രത്യേക സംഘങ്ങള്‍ ഉള്ളതായാണ് വിവരം. ഇതിനു പുറമെ പ്രത്യകാനുമതി സമ്പാദിച്ച് വാങ്ങി സൂക്ഷിക്കുന്ന മദ്യവും ഇത്തരം പാര്‍ട്ടി നടത്തുന്നവര്‍ക്ക് നല്‍കുന്നതായി സൂചനയുണ്ട്. ക്രിസ്മസ്, പുതുവല്‍സരാഘോഷങ്ങള്‍ക്ക് റിസോര്‍ട്ടുകള്‍ അമിത വാടക ഈടാക്കി ഇത്തരം പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ട്. ജില്ലയിലെ മുഴുവന്‍ റിസോര്‍ട്ടുകളും പുതുവല്‍സരാഘോഷത്തിനായി മാസങ്ങള്‍ക്കു മുമ്പുതന്നെ ഓണ്‍ലൈന്‍ വഴി ബുക്കിങ് നടത്തിയാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കാറ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss