|    Jan 18 Wed, 2017 7:29 pm
FLASH NEWS

റിസോര്‍ട്ടിന്റെയും സ്റ്റുഡിയോയുടേയും മറവില്‍ കള്ളനോട്ട് ഇടപാട്; നടനും റിസോര്‍ട്ട് ഉടമയുമടക്കം അന്തര്‍സംസ്ഥാന കള്ളനോട്ട് സംഘം പിടിയില്‍

Published : 4th June 2016 | Posted By: SMR

ആറ്റിങ്ങല്‍: സംസ്ഥാനത്ത് കള്ളനോട്ടുവിതരണം നടത്തുന്ന സീരിയല്‍ നടനും റിസോര്‍ട്ട് ഉടമയും സ്ത്രീയും ഉള്‍പ്പെടെയുള്ള അന്തര്‍സംസ്ഥാന കള്ളനോട്ടു സംഘം പിടിയില്‍. വര്‍ക്കലയില്‍ റിസോര്‍ട്ട് നടത്തുന്ന ശങ്കരമുക്ക് മണമ്പൂര്‍ ഐലാഷ് വീട്ടില്‍ ജയന്തന്‍ (46), തൃശൂര്‍ ആമ്പല്ലൂര്‍ ചിറ്റയാന്‍ വീട്ടില്‍ പ്രദീപ്(38), ചാത്തന്നൂര്‍ ചൂരപൊയ്ക ഇലോഹിം വീട്ടില്‍ ജോസ് തോമസ്(60), കിളിമാനൂര്‍ ആറ്റൂര്‍ അന്‍സാരി മന്‍സിലില്‍ അന്‍സാരി(37), വര്‍ക്കല ചെറുന്നിയൂര്‍ കുന്നിന്‍പുറത്ത് വീട്ടില്‍ ഷിനു കൃഷ്ണന്‍ (36) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍ നിന്നും 1,25,000 രൂപയോളം മൂല്യമുള്ള കള്ളനോട്ടുകള്‍ കണ്ടെടുത്തു. 500 രൂപയുടെ 250 ഓളം കള്ളനോട്ടുകളാണ് കണ്ടെടുത്തത്.
സംഘത്തിലെ പ്രധാനിയായ ചെറുന്നിയൂര്‍ അയന്തി വലിയമേലതില്‍ ക്ഷേത്രത്തിനു സമീപം എല്‍എസ് നിവാസില്‍ മഞ്ജു(45) വിനെ രണ്ടു ദിവസം മുമ്പ് കള്ളനോട്ട് കൈമാറുന്നതിനിടെ അറസ്റ്റ് ചെയ്തിരുന്നു. ആറ്റിങ്ങല്‍ മൂന്നുമുക്കിനു സമീപമുള്ള ഒരു ഹോട്ടലില്‍ നിന്നും മഞ്ജുവും രണ്ടാം പ്രതിയായ പ്രദീപും 50 രൂപയ്ക്ക് ഭക്ഷണം വാങ്ങിയശേഷം കള്ളനോട്ടു നല്‍കുകയായിരുന്നു.
സംശയം തോന്നിയ കടയുടമ നിരീക്ഷിച്ചതില്‍ ഇവര്‍ സമീപത്തുള്ള കടകളില്‍ നിന്നും ഇത്തരത്തില്‍ തട്ടിപ്പുനടത്തുന്നതായി കണ്ടെത്തി. ഇവര്‍ അറിയിച്ചതനുസരിച്ച് പോലിസ് നടത്തിയ തുടരന്വേഷണത്തിലാണ് മഞ്ജു പിടിയിലായതും ഇവരുടെ കൈയില്‍ നിന്നും പത്തോളം കള്ളനോട്ടുകള്‍ കണ്ടെത്തിയതും. ഇവരില്‍ നിന്നാണ് മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. തൃശൂര്‍ ജില്ലയിലെ പോലിസ് ഉദ്യോഗസ്ഥന്റെ ഭാര്യയായ മഞ്ജു ഇയാളുമായി പിണങ്ങി പ്രദീപുമൊത്ത് രണ്ട് വര്‍ഷത്തോളമായി വിവിധ സ്ഥലങ്ങളില്‍ താമസിച്ചുവരികയാണ്.
കോട്ടയം സ്വദേശികളായ മറ്റു പ്രതികള്‍ വഴി ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കള്ളനോട്ട് കേരളത്തില്‍ എത്തിച്ച് വിതരണം ചെയ്തിരുന്നത്. ഒരു ലക്ഷം രൂപയുടെ യഥാര്‍ഥ നോട്ട് നല്‍കുമ്പോള്‍ മൂന്നിരട്ടി കള്ളനോട്ടുകള്‍ ലഭിച്ചിരുന്നതായും രണ്ടുവര്‍ഷം ഏകദേശം 20 ലക്ഷം രൂപയോളം കള്ളനോട്ടുകള്‍ കേരളത്തില്‍ വിതരണം ചെയ്തിട്ടുള്ളതായും ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. മൂന്നാം പ്രതി അന്‍സാരി സിനിമാ, സീരിയല്‍ നടനും പ്രൊഡ്യൂസറുമാണ്. ഇയാള്‍ ചാത്തന്നൂരില്‍ കണ്‍സ്ട്രക്ഷന്‍ ജോലിക്കായി വീട് വാടകയ്‌ക്കെടുത്ത് ഇയാളുടെ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന ജോസ് തോമസ് വഴിയും ജോലിക്കാരായ അന്യസംസ്ഥാന തൊഴിലാളികള്‍ വഴിയുമാണ് കള്ളനോട്ട് കൈമാറിയിരുന്നത്.
അഞ്ചാം പ്രതി ഷിനുകൃഷ്ണന്‍ മണമ്പൂരില്‍ നടത്തുന്ന കൈലാസ് എന്ന സ്റ്റുഡിയോയിലും വര്‍ക്കലയിലുള്ള അറ്റ്‌മോസ്ഫിയര്‍ എന്ന റിസോര്‍ട്ടിന്റേയും മറവിലാണ് കള്ളനോട്ട് വിതരണം നടത്തിയിരുന്നത്. ആറാം പ്രതിയായ ഷിനു വര്‍ക്കലയില്‍ റിസോര്‍ട്ട് നടത്തിയാണ് കള്ളനോട്ട് വിതരണം ചെയ്തിരുന്നതെന്നും പോലിസ് പറയുന്നു.
തിരുവനന്തപുരം റൂറല്‍ എസ്പി ഷെഫിന്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി ചന്ദ്രശേഖരപിള്ള ഡിവൈഎസ്പി അജിത്കുമാര്‍, ആറ്റിങ്ങല്‍ സിഐ സുനില്‍കുമാര്‍, ആറ്റിങ്ങല്‍ എസ്‌ഐ എസ് ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
സംഘത്തില്‍പ്പെട്ട മറ്റുപ്രതികളെയും കള്ളനോട്ടിന്റെ ഉറവിടത്തേയും സംബന്ധിച്ച് അന്വേഷിക്കാന്‍ ഷാഡോ പോലിസ് ഉള്‍പ്പെട്ട സംഘം കോയമ്പത്തൂര്‍, തെങ്കാശി, ബാംഗ്ലൂര്‍ എന്നീ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിവരികയാണ്. കഴിഞ്ഞമാസം ആറ്റിങ്ങല്‍ പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ കള്ളനോട്ട് ഇടപാടു നടത്തിയ പത്തോളം പേരെ നിര്‍മാണസാമഗ്രികളുള്‍പ്പടെ ആറ്റിങ്ങല്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 146 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക