|    Nov 21 Wed, 2018 3:04 am
FLASH NEWS
Home   >  Todays Paper  >  page 7  >  

റിസര്‍വ് ബാങ്ക് : സര്‍ക്കാരിനെ പ്രകോപിപ്പിച്ചത് കരുതല്‍ പണം നല്‍കാത്തത്‌

Published : 7th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണറും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തിന് കാരണം ആര്‍ബിഐയിലെ കരുതല്‍ പണം സര്‍ക്കാരിന് നല്‍കാത്തതെന്ന് റിപോര്‍ട്ട്. റിസര്‍വ് ബാങ്ക് കരുതല്‍ പണമായി സൂക്ഷിച്ചുവച്ച 9.6 ലക്ഷം കോടിയില്‍ 3.6 ലക്ഷം കോടി രൂപ നല്‍കണമെന്ന ധനകാര്യ മന്ത്രാലയത്തിന്റെ ആവശ്യം റിസര്‍വ് ബാങ്ക് നിരസിച്ചതാണ് കേന്ദ്രസര്‍ക്കാരിനെ ചൊടിപ്പിച്ചതെന്നാണ് റിപോര്‍ട്ടുകള്‍.
തിരഞ്ഞെടുപ്പ് പ്രമാണിച്ച് കരുതല്‍ പണമെടുത്ത് ധൃതിപെട്ട് ജനകീയ പദ്ധതികള്‍ നടപ്പാക്കാനുള്ള ധനമന്ത്രാലയത്തിന്റെ നീക്കം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ തടഞ്ഞതാണ് സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലുണ്ടായ ഭിന്നതയുടെ മൂലകാരണം. കരുതല്‍ പണം റിസര്‍വ് ബാങ്കുമായി ഒരുമിച്ച് കൈകാര്യം ചെയ്യാനുളള പദ്ധതിയായിരുന്നു ധനകാര്യ മന്ത്രാലയം മുന്നോട്ടുവച്ചത്. എന്നാല്‍, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ പൂര്‍ണമായി തകര്‍ക്കുന്ന നീക്കമാവും ഇതെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ ആശയം റിസര്‍വ് ബാങ്ക് തടഞ്ഞതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. നിലവില്‍ റിസര്‍വ് ബാങ്ക് സര്‍ക്കാരിനു കരുതല്‍പണം കൈമാറുന്ന രീതി ആര്‍ബിഐ ഏകപക്ഷീയമായി തീരുമാനിച്ചതാണെന്നും ഇത് യുക്തിസഹമല്ലെന്നുമാണ് സര്‍ക്കാരിന്റെ വാദം.
കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് ഇതിനുള്ള ചട്ടങ്ങള്‍ തയ്യാറാക്കിയത്. എന്നാല്‍ ചട്ടങ്ങള്‍ തയ്യാറാക്കിയ യോഗത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളെ വിളിച്ചില്ല. ശാസ്ത്രീയമല്ലാത്ത രീതിയില്‍ മൂലധന ആവശ്യത്തിനുള്ള കണക്ക് റിസര്‍വ് ബാങ്ക് പെരുപ്പിച്ച് കാണിക്കുകയാണ്. അമേരിക്ക, ബ്രിട്ടണ്‍ തുടങ്ങിയ വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളേക്കാള്‍ 28 ശതമാനം അധികം കരുതല്‍പണമാണ് റിസര്‍വ് ബാങ്ക് സൂക്ഷിച്ചുവച്ചിരിക്കുന്നത് തുടങ്ങിയവയാണ് സര്‍ക്കാരിന്റെ പരാതി. റിസര്‍വ് ബാങ്കിന് ഇത്രയും കരുതല്‍പണത്തിന്റെ ആവശ്യമില്ലെന്നും അതില്‍നിന്ന് 3.6 ലക്ഷം കോടി തങ്ങള്‍ക്ക് നല്‍കണമെന്നുമായിരുന്നു കേന്ദ്ര ധനമന്ത്രാലയത്തിന്റെ ആവശ്യം. സര്‍ക്കാരിന്റെ ഈ ആവശ്യം റിസര്‍വ് ബാങ്ക് തള്ളുകയായിരുന്നു.
2017ല്‍ കരുതല്‍ പണത്തില്‍ നിന്ന് 50,000 കോടി രൂപ റിസര്‍വ് ബാങ്ക് കേന്ദ്രസര്‍ക്കാരിന് നല്‍കിയിരുന്നു. 2016ല്‍ 30,659 കോടി രൂപയും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ തുക കൈമാറുന്നത് വലിയ സാമ്പത്തികദുരന്തമായി മാറുമെന്നും അര്‍ജന്റീനയിലെ കേന്ദ്രബാങ്ക് കരുതല്‍ തുകയില്‍ നിന്ന് 600 കോടി ഡോളര്‍ സര്‍ക്കാരിനു നല്‍കിയതോടെ നേരിട്ട കനത്ത സാമ്പത്തികത്തകര്‍ച്ച ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്ക് ധനമന്ത്രാലയത്തെ ബോധ്യപ്പെടുത്തി. ഇതാണ് കേന്ദ്രവും റിസര്‍വ് ബാങ്കും തമ്മില്‍ കൊമ്പുകോര്‍ക്കാന്‍ ഇടയാക്കിയത്.
റിസര്‍വ് ബാങ്കിന്റെ കരുതല്‍ പണം ഇന്ത്യന്‍ വിപണി പിടിച്ചുനിര്‍ത്തുന്നതിനാണ് ഉപയോഗിക്കാറുള്ളത്. അച്ചടിക്കുന്ന നോട്ടുകളില്‍ നിശ്ചിത തുക കരുതലായി ശേഖരിച്ചാണ് റിസര്‍വ് ബാങ്ക് വിപണി നിയന്ത്രിക്കുക. റിസര്‍വ് ബാങ്കിന്റെ ഈ നടപടിയാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സന്തുലനപ്പെടുത്തുന്നത്. അതിനാല്‍ ഈ പണത്തില്‍ സര്‍ക്കാര്‍ കൈവച്ചാല്‍ അത് ഇന്ത്യന്‍ സമ്പദ്ഘടന തകരാന്‍ കാരണമാവുമെന്നന്നതിനാലാണ് റിസര്‍വ് ബാങ്ക് കേന്ദ്രസര്‍ക്കാര്‍ ആവശ്യം നിരസിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss