|    Jun 26 Mon, 2017 9:02 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

റിസര്‍വ് ബാങ്ക് റീജ്യനല്‍ ഡയറക്ടറുമായി ചര്‍ച്ച നടത്തി

Published : 15th November 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ 1551 പ്രാഥമിക സഹകരണ സംഘങ്ങള്‍ നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച് സഹകരണ മന്ത്രി എ സി മൊയ്തീന്‍ റിസര്‍വ് ബാങ്ക് റീജ്യനല്‍ ഡയറക്ടര്‍ എസ് എം എന്‍ സ്വാമിയുമായി ചര്‍ച്ച ചെയ്തു. ഗ്രാമതല സഹകരണ ബാങ്കുകളിലെ പണത്തിന്റെ ഒഴുക്കു നിലച്ചതോടെ ജനജീവിതം ദുരിതപൂര്‍ണമായതായി മന്ത്രി ഡയറക്ടറെ അറിയിച്ചു.
പണം പിന്‍വലിക്കുന്നതിന് വ്യക്തികള്‍ക്ക് ബാധകമാക്കിയ നിയന്ത്രണങ്ങള്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും ഏര്‍പ്പെടുത്തിയ റിസര്‍വ് ബാങ്ക് നടപടി പിന്‍വലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര ഓഫിസുമായി ചര്‍ച്ച ചെയ്ത് തീരുമാനമറിയിക്കാമെന്ന് റീജ്യനല്‍ ഡയറക്ടര്‍ മറുപടി നല്‍കി. റിസര്‍വ് ബാങ്ക് ജനറല്‍ മാനേജര്‍ ബി ശിവകുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഗിരീഷ്, സഹകരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പി വേണുഗോപാല്‍, സഹകരണ സംഘം രജിസ്ട്രാര്‍ ലളിതാംബിക ചര്‍ച്ചയില്‍ പങ്കെടുത്തു.
അതേസമയം, 500, 1000 നോട്ട് പിന്‍വലിച്ചതോടെ സംസ്ഥാനത്ത് നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് ഏഴിന നിര്‍ദേശങ്ങളുമായി യുഡിഎഫ് നേതാക്കള്‍ റിസര്‍വ് ബാങ്ക് റീജ്യനല്‍ ഡയറക്ടറെ കണ്ടു. യുഡിഎഫിന്റെ അടിയന്തര യോഗത്തിന് ശേഷം ഇന്നലെ ഉച്ചതിരിഞ്ഞാണ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി, സി പി ജോണ്‍, എം എം ഹസന്‍ എന്നിവരടങ്ങിയ സംഘം എസ് എം എന്‍ സ്വാമിയെ കണ്ടത്.
500 രൂപയുടെ നോട്ടുകള്‍ എല്ലാ ബാങ്കുകളിലും അടിയന്തരമായി എത്തിക്കുക, 10, 20, 50, 100 എന്നീ തുകകള്‍ക്കുള്ള നോട്ടുകള്‍ എല്ലാ ബാങ്കു ശാഖകളിലും എടിഎമ്മുകളിലും ലഭ്യമാക്കുക, 24 മണിക്കൂറും എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള പണലഭ്യത ഉറപ്പാക്കുക, പ്രാഥമിക സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും 500, 1000ന്റെ പഴയ നോട്ടുകള്‍ മാറ്റി നല്‍കാനുള്ള അനുമതി നല്‍കുക, അസാധുവാക്കപ്പെട്ട നോട്ടുകള്‍ സ്വീകരിക്കാന്‍ ഹോട്ടല്‍, മീന്‍ മാര്‍ക്കറ്റുകള്‍, ഭക്ഷ്യ മാര്‍ക്കറ്റുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, കണ്‍സ്യൂമര്‍ സ്‌റ്റോറുകള്‍ എന്നിവയ്ക്കും അനുമതി നല്‍കുക, ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ആവശ്യത്തിന് നോട്ട് സംസ്ഥാനത്ത് എത്തിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക