|    Dec 11 Mon, 2017 8:40 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

റിസര്‍വ് ബാങ്ക് തീരുമാനം കേരളത്തിന് വന്‍തിരിച്ചടി; സഹകരണ മേഖല സ്തംഭിക്കും

Published : 15th November 2016 | Posted By: SMR

ഹനീഫ എടക്കാട്

തിരുവനന്തപുരം: അസാധുവായ പണം സ്വീകരിച്ച് പുതിയ നോട്ടുകള്‍ മാറ്റിനല്‍കാനും നിക്ഷേപമായി സ്വീകരിക്കാനും സഹകരണ ബാങ്കുകള്‍ക്ക് അനുമതിയില്ലെന്ന റിസര്‍വ്ബാങ്ക് തീരുമാനം കേരളത്തിന് വന്‍തിരിച്ചടിയാവും.
സംസ്ഥാനത്ത് നാഷനലൈസ്ഡ് ബാങ്കുകള്‍ക്കൊപ്പം നിക്ഷേപത്തിന്റെയും വായ്പയുടെയും കാര്യത്തില്‍ ഏതാണ്ട് ഒപ്പത്തിനൊപ്പം നില്‍ക്കുന്നതാണ് സഹകരണ ബാങ്കുകള്‍. ഇവയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും നാട്ടിന്‍പുറത്തെ സാമ്പത്തിക ക്രയവിക്രയങ്ങളില്‍ നിര്‍ണായക സ്വാധീനമുണ്ട്. 500, 1000 നോട്ടുകള്‍ പിന്‍വലിക്കല്‍ പ്രഖ്യാപനമുണ്ടായ കഴിഞ്ഞ എട്ടുമുതല്‍ സഹകരണ ബാങ്കുകള്‍ക്ക് നോട്ട് മാറ്റിനല്‍കാന്‍ അനുമതി നല്‍കണമെന്ന് സര്‍ക്കാര്‍ കേന്ദ്രത്തോടും റിസര്‍വ് ബാങ്കിനോടും ശക്തമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും സഹകരണ മന്ത്രിയുമൊക്കെ ഈയാവശ്യം ഉന്നയിച്ച് കത്തയച്ചിരുന്നു. മന്ത്രി എ സി മൊയ്തീനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഈയാവശ്യം ഉന്നയിച്ച് റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം റീജ്യനല്‍ ഡയറക്ടറെ നേരില്‍ക്കണ്ട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. എന്നിട്ടും കേരളത്തിന്റെ പൊതുവായ ആവശ്യം കേന്ദ്രം നിരാകരിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ അസാധുവായ നോട്ട് ഉപഭോക്താക്കളില്‍നിന്ന് നിക്ഷേപമായി സ്വീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ ആയിരക്കണക്കിന് വരുന്ന സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം സ്തംഭിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം വന്നതുമുതല്‍ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാണ്. ഇവിടങ്ങളില്‍ അക്കൗണ്ടുള്ളവര്‍ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും മാത്രമായിരുന്നു എത്തിയിരുന്നത്. അസാധുവായ നോട്ട് നിക്ഷേപിക്കുന്നതിനു വിലക്ക് വന്നതോടെ പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിക്കുമെന്ന ഭീതിയിലാണ് സഹകരണ മേഖല.
പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ഒരു ദിവസം ജില്ലാസഹകരണ ബാങ്കില്‍നിന്ന് പിന്‍വലിക്കാനാവുന്ന തുക കേവലം 24,000 രൂപ മാത്രമാണ്. (കഴിഞ്ഞ ദിവസം വരെ ഇത് 10000വും ആഴ്ചയില്‍ പരമാവധി 20,000 രൂപയുമായിരുന്നു). 24,000 രൂപകൊണ്ട് എത്ര ഉപഭോക്താക്കള്‍ക്ക് പണം നല്‍കാനാവുമെന്ന പ്രതിസന്ധിയാണ് പ്രാഥമിക സഹകരണ സംഘങ്ങള്‍ അഭിമുഖീകരിക്കുന്നത്.
ഇത്തരം പ്രാഥമിക സഹകരണ ബാങ്കിലാണ് നാട്ടിന്‍പുറത്തെ പരമ്പരാഗത മേഖലയില്‍ ജോലിയെടുക്കുന്നവര്‍ക്കും കൂലിപ്പണിക്കാര്‍ക്കുമൊക്കെ അക്കൗണ്ടുള്ളത്. ഇതിനിടെയാണ് നിക്ഷേപം സ്വീകരിക്കുന്നതില്‍നിന്നും സഹകരണ ബാങ്കിനെ മാറ്റിനിര്‍ത്തിയത്. ഇതോടെ അസാധുവായ പണം മാറ്റിക്കിട്ടാനും നിക്ഷേപിക്കാനും ബഹുഭൂരിഭാഗവും നാഷനലൈസ്ഡ് ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കേണ്ടിവരും. സഹകരണ ബാങ്കുകള്‍ക്കെതിരേ സംസ്ഥാന ബിജെപി നേതൃത്വം കടുത്ത ആരോപണം ഉന്നയിക്കുകയും ചില നേതാക്കള്‍ ആദായനികുതി വകുപ്പിന് പരാതി നല്‍കുകയും ചെയ്ത പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്കിന്റെ പുതിയ തീരുമാനം രാഷ്ട്രീയപ്രേരിതമാണോയെന്ന സംശയവും ശക്തിപ്പെടുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക