|    Sep 26 Wed, 2018 3:57 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

റിസര്‍വ് ബാങ്ക് അനുമതി നല്‍കിയില്ല; കേരളാ ബാങ്ക് പ്രഖ്യാപനം പാളി

Published : 22nd August 2018 | Posted By: kasim kzm

തിരുവനന്തപുരം: റിസര്‍വ് ബാങ്ക് അനുമതി നല്‍കാത്തതിനാല്‍ പിണറായി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ കേരളാ ബാങ്ക് പ്രഖ്യാപനം പാളി. കഴിഞ്ഞ ചിങ്ങം ഒന്നിനു പ്രഖ്യാപനം നടത്താനായിരുന്നു സര്‍ക്കാര്‍ പ്രതീക്ഷിച്ചത്. 14 ജില്ലാ സഹകരണ ബാങ്കുകള്‍ സംസ്ഥാന സഹകരണബാങ്കില്‍ ലയിപ്പിക്കാനുള്ള നീക്കത്തിന് റിസര്‍വ് ബാങ്ക് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. അതേസമയം ആര്‍ബിഐ ഉന്നയിച്ച വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ആറിന് മറുപടി നല്‍കുകയും ഏഴിന് ഉന്നത ഉദ്യോഗസ്ഥരും റിസര്‍വ് ബാങ്ക് റീജ്യനല്‍ ഡയറക്ടറുമായി ആശയവിനിയമം നടത്തിയതായും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. നിലവില്‍ ആര്‍ബിഐ ഉന്നയിച്ച എല്ലാ കാര്യങ്ങളിലും തൃപ്തികരമായ മറുപടിയാണ് സംസ്ഥാനസര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ കേരള ബാങ്ക് രൂപീകരണത്തിനുള്ള തത്വത്തിലുള്ള അംഗീകാരം റിസര്‍വ് ബാങ്കില്‍ നിന്നു നടപടിക്രമങ്ങളുടെ ഭാഗമായി അധികം വൈകാതെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2017 സപ്തംബര്‍ 19നു സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷ ലഭിച്ചെന്നും നടപടിക്രമങ്ങ ള്‍ പുരോഗമിക്കുകയാണെന്നു മാണു റിസര്‍വ് ബാങ്കിന്റെ വിശദീകരണം. ബാങ്ക് ലയനം സംബന്ധിച്ചു റിസര്‍വ് ബാങ്കിനു സമര്‍പ്പിച്ച അപേക്ഷയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പാടില്ലെന്നു സം സ്ഥാ നസര്‍ക്കാര്‍ അറിയിച്ചതായും റിസര്‍വ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു. ലയനത്തിനു ശേഷം സംസ്ഥാന സഹകരണബാങ്കിന്റെ ലൈസന്‍സിലാണു കേരള ബാങ്ക് പ്രവര്‍ത്തിക്കുന്നതെങ്കി ല്‍ അത് നടപടികള്‍ സങ്കീര്‍ണമാക്കും. സംസ്ഥാന സഹകരണ ബാങ്ക് ലയനത്തിനു മുമ്പ് ആധുനിക ബാങ്കിങ് ലൈസന്‍സ് നേടേണ്ടിവരുമെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്. അതേസമയം ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് നബാര്‍ഡ് മുന്നോട്ടുവച്ച ഉപാധികളാണ് റിസര്‍വ് ബാങ്ക് അനുമതി വൈകിപ്പിക്കുന്നതെന്നാണു സൂചന. ബാങ്ക് ലയനത്തിനായി നല്‍കിയ അപേക്ഷ നബാര്‍ഡിന്റെ ശുപാര്‍ശയ്ക്കായി ആര്‍ബിഐ കൈമാറിയിരുന്നു. തുടര്‍ന്നു നബാര്‍ഡ് മുന്നോട്ടുവച്ച ഉപാധികളില്‍ സംസ്ഥാനസര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചുവെന്നു പരിശോധിച്ച ശേഷമേ ബാങ്ക് ലയനത്തിന് ആര്‍ബിഐ അനുമതി നല്‍കുകയുള്ളൂ. അതിനിടെ ബാങ്ക് രൂപീകരണത്തിനുള്ള നടപടിക്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. തിരുവനന്തപുരം ജില്ലാ സഹകരണബാങ്കിന്റെ അഞ്ച് ശാഖകള്‍ പൂട്ടാന്‍ സഹകരണവകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. ബാങ്ക് ലയനം പൂര്‍ത്തിയാവുമ്പോള്‍ ഒരു ജില്ലയില്‍ 20 ശാഖകള്‍ മാത്രമേ പാടുള്ളൂവെന്ന് ഇതുസംബന്ധിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തിരുന്നു. ജില്ലാ ബാങ്കുകള്‍ക്ക് 14 ജില്ലകളിലായി 802 ശാഖകളുണ്ട്. ഇതില്‍ 280 എണ്ണം മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ. ബാങ്ക് രൂപീകരണം നീളുന്നതിനിടയിലും സംസ്ഥാന- ജില്ലാ സഹകരണ ബാങ്കുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഈ വര്‍ഷം തുടക്കംമുതല്‍ പരിശീലനം ആരംഭിച്ചിരുന്നു. കോടിക്കണക്കിനു രൂപയാണ് സഹകരണബാങ്കുകള്‍ പരിശീലനത്തിനായി ചെലവിടുന്നത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss