|    Dec 18 Tue, 2018 1:22 am
FLASH NEWS
Home   >  Editpage  >  Editorial  >  

റിസര്‍വ് ബാങ്കിന് മേല്‍ സമ്മര്‍ദം

Published : 20th November 2018 | Posted By: kasim kzm

റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ യോഗങ്ങള്‍ സാധാരണനിലയില്‍ ധനകാര്യ, ഫിനാന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മാത്രമാണ് ശ്രദ്ധിക്കാറുള്ളത്. പക്ഷേ, ഇത്തവണ റിസര്‍വ് ബാങ്കിന്റെ ബോര്‍ഡ് യോഗം വലിയ മാധ്യമശ്രദ്ധയാണ് ആകര്‍ഷിച്ചത്.
അതിന് ഒരു കാരണം, ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ സര്‍ക്കാരിന്റെ കൈകടത്തല്‍നയങ്ങളില്‍ പ്രതിഷേധിച്ച് സ്ഥാനം രാജിവയ്ക്കുമെന്ന മട്ടില്‍ വന്ന ചില വാര്‍ത്തകളാണ്. റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ കഴിഞ്ഞയാഴ്ച നടത്തിയ ഒരു പ്രഭാഷണത്തില്‍, ബാങ്കിന്റെ സ്വയംഭരണ സ്വഭാവത്തിനു മേല്‍ നടക്കുന്ന കടന്നാക്രമണങ്ങളെ സംബന്ധിച്ചു സൂചിപ്പിച്ചിരുന്നു. അത് സമ്പദ്ഘടനയില്‍ കടുത്ത പ്രതിസന്ധികള്‍ക്കു കാരണമാവുമെന്നാണ് അദ്ദേഹം മുന്നറിയിപ്പു നല്‍കിയത്. തന്റെ നിലപാടുകള്‍ക്ക് ഗവര്‍ണറുടെ പിന്തുണയുണ്ട് എന്നും അദ്ദേഹം പ്രസംഗത്തില്‍ വ്യക്തമാക്കുകയുണ്ടായി.
കോണ്‍ഗ്രസ് ഭരണത്തില്‍ ഗവര്‍ണറായി വന്ന രഘുറാം രാജനെ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ടുവന്നയാളാണ് ഇപ്പോഴത്തെ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. നോട്ട് റദ്ദാക്കല്‍ പോലുള്ള ഭ്രാന്തന്‍നയം ഏകപക്ഷീയമായി സര്‍ക്കാര്‍ ബാങ്കിനുമേല്‍ അടിച്ചേല്‍പ്പിച്ച വേളയില്‍ പുതിയ ഗവര്‍ണര്‍ അതിനെതിരേ ഒരക്ഷരം പറയാതെ മൗനിയാവുകയായിരുന്നു. അത്തരമൊരു നീക്കം സാമ്പത്തികമേഖലയില്‍ ഒരു നേട്ടവും ഉണ്ടാക്കില്ലെന്ന നിലപാട് അന്നുതന്നെ റിസര്‍വ് ബാങ്ക് സ്വീകരിച്ചിരുന്നു. സര്‍ക്കാരിന് അത്തരമൊരു റിപോര്‍ട്ട് ബാങ്ക് നല്‍കുകയും ചെയ്തു. എന്നിരുന്നാലും പരസ്യമായ ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കുന്ന നയമാണ് ഗവര്‍ണര്‍ സ്വീകരിച്ചത്.
ഇപ്പോള്‍ കൂടുതല്‍ ഗുരുതരമായ പ്രതിസന്ധികളാണ് റിസര്‍വ് ബാങ്ക് നേരിടുന്നത്. ധനകാര്യമേഖലയില്‍ ഏതു പ്രതിസന്ധിയും നേരിടണമെങ്കില്‍ അതിന് അവശ്യമായ സാമ്പത്തികശക്തി റിസര്‍വ് ബാങ്കിനുണ്ടാവണം. അതു സാധ്യമാവുന്നത് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള കരുതല്‍ധനം കൊണ്ടാണ്. ഇപ്പോള്‍ റിസര്‍വ് ബാങ്ക് നിയന്ത്രിക്കുന്ന കരുതല്‍ധനം 3.6 ലക്ഷം കോടി രൂപ വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
നോട്ട് റദ്ദാക്കല്‍ പൂര്‍ണ പരാജയമായതോടെ കുഴപ്പത്തിലായ കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുപ്പുവര്‍ഷം വാരിക്കോരി പണം ചെലവാക്കാന്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ധനത്തില്‍ കൈയിട്ടുവാരാനുള്ള ശ്രമത്തിലാണ്. ചില കേന്ദ്രങ്ങള്‍ പറയുന്നത്, കരുതല്‍ധനത്തില്‍ ചുരുങ്ങിയത് ഒരു ലക്ഷം കോടിയെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ ഖജനാവിലേക്ക് കൈമാറാന്‍ റിസര്‍വ് ബാങ്കിനു മേല്‍ സമ്മര്‍ദമുണ്ടെന്നാണ്. അതായത്, മൊത്തം കരുതല്‍ധനത്തിന്റെ ഏതാണ്ട് മൂന്നിലൊന്ന് തട്ടിയെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്.
അത്രയും ധനം കൈമാറിയാല്‍ സാമ്പത്തികരംഗത്തെ തിരിച്ചടികളില്‍ ബാങ്കുകള്‍ തകരുകയോ മറ്റു പ്രതിസന്ധികള്‍ ഉയര്‍ന്നുവരുകയോ ചെയ്യുമ്പോള്‍ ശക്തമായ നടപടികള്‍ക്ക് റിസര്‍വ് ബാങ്കിനു സാധ്യമല്ലാത്ത അവസ്ഥ വരും. ആ ഒറ്റക്കാരണം കൊണ്ടുതന്നെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങാന്‍ തയ്യാറായില്ല. അങ്ങനെ വഴങ്ങുന്നതിലും നല്ലത് രാജിയാണ് എന്ന തീരുമാനത്തില്‍ അദ്ദേഹം നേരത്തേ എത്തിച്ചേര്‍ന്നതായാണ് ചില കേന്ദ്രങ്ങള്‍ അവകാശപ്പെട്ടത്. ഏതായാലും വളരെ ഗുരുതരമായ പ്രതിസന്ധിയാണ് കേന്ദ്രസര്‍ക്കാരിന്റെ കടന്നാക്രമണങ്ങള്‍ വഴി ഇപ്പോള്‍ റിസര്‍വ് ബാങ്ക് നേരിടുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss