|    Oct 18 Thu, 2018 1:33 pm
FLASH NEWS
Home   >  Editpage  >  Editorial  >  

റിസര്‍വ് ബാങ്കിന് പുതിയ നേതൃത്വം

Published : 23rd August 2016 | Posted By: SMR

മൂന്നു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി വിരമിക്കുന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് പകരക്കാരനായി ഇപ്പോഴത്തെ ഡെപ്യൂട്ടി ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെയാണ് കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. ലോകത്ത് വികസ്വരമേഖലയില്‍ ഏറ്റവും കരുത്തുള്ള സമ്പദ്ഘടനയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ വളരെ നിര്‍ണായകമായ ഉത്തരവാദിത്തങ്ങളാണ് പുതിയ ഗവര്‍ണറെ കാത്തിരിക്കുന്നത്. ഉര്‍ജിത് പട്ടേലിന്റെ അക്കാദമികവും തൊഴില്‍പരവുമായ പരിചയവും ബന്ധങ്ങളും വിപുലമാണ്. റിസര്‍വ് ബാങ്കിലെ അദ്ദേഹത്തിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളും ധനമന്ത്രാലയവും സ്വകാര്യമേഖലയുമായുള്ള ബന്ധങ്ങളും അദ്ദേഹത്തിന് തന്റെ ചുമതലകള്‍ ഫലപ്രദമായി നിറവേറ്റുന്നതിന് സഹായകമാവും എന്ന് പ്രതീക്ഷിക്കാവുന്നതാണ്.
ധനകാര്യ അച്ചടക്കത്തിന്റെ കാര്യത്തില്‍ കണിശക്കാരനാണ് ഉര്‍ജിത് പട്ടേല്‍. വിലക്കയറ്റം നാലുശതമാനത്തില്‍ പിടിച്ചുനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ രഘുറാം രാജന്റെ കാലത്ത് റിസര്‍വ് ബാങ്ക് ആവിഷ്‌കരിച്ച നയങ്ങള്‍ നടപ്പാക്കിയത് പട്ടേലിന്റെ നേതൃത്വത്തിലാണ്. വിലക്കയറ്റം മൊത്തം സമ്പദ്ഘടനയെയല്ല, മറിച്ച് ഉപഭോക്തൃ വിലസൂചികയെയാണ് പ്രധാനമായും ബാധിക്കുക എന്ന നിലപാടാണ് ഇപ്പോള്‍ റിസര്‍വ് ബാങ്ക് സ്വീകരിക്കുന്നത്. അതായത്, മൊത്തം സാമ്പത്തികവളര്‍ച്ചയ്ക്ക് സഹായകമായ തരത്തില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതോടൊപ്പം സാധാരണക്കാരുടെ ഉപഭോഗവസ്തുക്കളുടെ അമിത വിലക്കയറ്റം തടഞ്ഞുനിര്‍ത്തുക എന്നതാണ് ബാങ്ക് ലക്ഷ്യമിടുന്നത്. വായ്പാ പലിശനിരക്ക് കുറയ്ക്കാനുള്ള ധനകാര്യമന്ത്രാലയത്തിന്റെയും രാഷ്ട്രീയ-സാമ്പത്തിക മേഖലയിലെ പ്രമുഖരുടെയും സമ്മര്‍ദം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി ബാങ്കിനുമേല്‍ വര്‍ധിച്ചുവരുകയായിരുന്നു. രഘുറാം രാജന്‍ പലിശനിരക്ക് കുറയ്ക്കുന്നതില്‍ അമിതോല്‍സാഹം കാണിക്കാതിരുന്നതിനു കാരണം അദ്ദേഹം രാജ്യത്തോടു കൂറില്ലാത്ത ആളാണെന്നു വരെ ചില സംഘപരിവാര പ്രമാണിമാര്‍ പറഞ്ഞുനടക്കുകയുണ്ടായി. വായ്പാനിരക്ക് ഒരു പരിധിയിലധികം കുറച്ചാല്‍ നാണ്യപ്പെരുപ്പവും കടുത്ത വിലക്കയറ്റവുമായിരിക്കും ഫലം എന്നതാണു യാഥാര്‍ഥ്യം. സ്വകാര്യമേഖലയിലെ നിക്ഷേപകര്‍ക്കും കോര്‍പറേറ്റുകള്‍ക്കും ചുരുങ്ങിയ നിരക്കില്‍ വായ്പ കിട്ടുന്നതില്‍ താല്‍പര്യമുണ്ട്. അത്തരക്കാരില്‍ വിജയ് മല്യയെപ്പോലുള്ളവര്‍ ബാങ്കുകള്‍ക്ക് വന്‍ തുക കിട്ടാക്കടബാധ്യത ബാക്കിവച്ച് മുങ്ങിയിരിക്കുകയുമാണ്. സുബ്രഹ്മണ്യന്‍ സ്വാമിയെപ്പോലുള്ള ആളുകള്‍ ആര്‍ക്കുവേണ്ടിയാണ് വിടുവേല ചെയ്യുന്നത് എന്ന് ഈ അനുഭവങ്ങളില്‍നിന്ന് ആര്‍ക്കും തിരിച്ചറിയാനാവും.
ഉര്‍ജിത് പട്ടേല്‍ ഇത്തരം സ്ഥാപിത താല്‍പര്യക്കാരുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങും എന്നു പ്രതീക്ഷിക്കാന്‍ വയ്യ. അദ്ദേഹത്തിന്റെ മുന്‍കാല പ്രവര്‍ത്തനം സൂചിപ്പിക്കുന്നത് പണനയത്തിലും വായ്പാനയത്തിലും രഘുറാം രാജന്റെ നിലപാടുകള്‍ തന്നെ തുടരുമെന്നാണ്. തീര്‍ച്ചയായും രാഷ്ട്രീയസമ്മര്‍ദങ്ങള്‍ ഉണ്ടാവും. പക്ഷേ, പട്ടേല്‍ അത്തരം പ്രകോപനങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്നു കണ്ടുതന്നെ അറിയണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss