|    Jun 20 Wed, 2018 1:18 pm
FLASH NEWS
Home   >  Editpage  >  Editorial  >  

റിസര്‍വ് ബാങ്കിന് നഷ്ടമായത്

Published : 4th January 2017 | Posted By: fsq

അസീം ശ്രീവാസ്തവ

ആധുനിക സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയാണ് കറന്‍സി നോട്ടുകള്‍. അതിന്റെ വിശ്വാസ്യതയും ഭദ്രതയും ഒരു രാജ്യത്തിന്റെ ഏറ്റവും സുപ്രധാനമായ ദേശീയ സമ്പത്തുമാണ്. വിവരദോഷികളായ ഏകാധിപതികള്‍ക്കു പന്താടാനുള്ളതല്ല അമൂല്യമായ ഈ ദേശീയ സമ്പാദ്യം. അതുകൊണ്ടാണ് ആധുനിക സമ്പദ്‌വ്യവസ്ഥകളില്‍ ധനപരവും സാമ്പത്തികവുമായ പ്രവര്‍ത്തനങ്ങളും അധികാരങ്ങളും വ്യത്യസ്തമായി നിലനിര്‍ത്തിയത്. അതിന്റെ ഭാഗമായാണ് കേന്ദ്ര ബാങ്കുകള്‍ ശക്തമായ സ്വയംഭരണമുള്ള ഒരു ഭരണഘടനാ സ്ഥാപനമായി ആധുനിക ജനാധിപത്യ വ്യവസ്ഥയില്‍ നിലനില്‍ക്കുന്നത്. യഥാര്‍ഥത്തില്‍ ധന-സാമ്പത്തിക മണ്ഡലത്തിലെ ഈ അധികാര വിഭജനം ജനാധിപത്യസമൂഹത്തില്‍ നിയമനിര്‍മാണം, ഭരണനിര്‍വഹണം, നീതിപാലനം എന്നീ മൂന്നു വിഭജനങ്ങളെപ്പോലെ തന്നെ പ്രധാനമാണ്. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ നാണയ വിനിമയവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ റിസര്‍വ് ബാങ്കിനെ മാറ്റിനിര്‍ത്തി അധികാരങ്ങള്‍ നേരിട്ട് ഏറ്റെടുക്കുന്നത്, നീതിനിര്‍വഹണ വിഭാഗത്തില്‍ ഭരണനിര്‍വഹണ വിഭാഗം കൈകടത്തുന്നതു പോലെ തന്നെ ഗര്‍ഹണീയമായ സംഗതിയാണ്. അതുകൊണ്ടാണ് മറ്റു പല കാര്യങ്ങളിലും വളരെ വലിയ ഭിന്നാഭിപ്രായങ്ങള്‍ പുലര്‍ത്തുന്ന ലോകത്തെ പല പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരും ഇന്ത്യയില്‍ ഭരണനിര്‍വഹണ വിഭാഗം റിസര്‍വ് ബാങ്കിന്റെ നാണയവിനിമയ ചുമതലകള്‍ നേരിട്ട് ഏറ്റെടുത്ത നവംബര്‍ എട്ടിന്റെ നടപടി ലോകചരിത്രത്തില്‍ തന്നെ സമാനതയില്ലാത്ത  സംഭവവികാസമാണെന്നു ചൂണ്ടിക്കാട്ടിയത്. വിമര്‍ശനമുന്നയിച്ച ഈ സാമ്പത്തിക വിദഗ്ധരില്‍ മുന്‍ അമേരിക്കന്‍ ട്രഷറി സെക്രട്ടറിയായ ലാറി ഡമ്മേഴ്‌സ് മുതല്‍ നൊബേല്‍ സമ്മാനിതനായ പണ്ഡിതന്‍ അമര്‍ത്യാ സെന്‍ വരെ ഉള്‍പ്പെടും. ഈ സംഭവവികാസം ദീര്‍ഘകാലമായി നാം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുവന്ന നാണയവിനിമയരംഗത്തെ വിശ്വാസ്യതയുടെ കടയ്ക്കലാണ് കത്തിവച്ചത്. കേന്ദ്ര റിസര്‍വ് ബാങ്കിന്റെ സ്വയംഭരണത്തിനു മേലുള്ള തികഞ്ഞ കടന്നാക്രമണവുമായിരുന്നു ഈ സംഭവം. റിസര്‍വ് ബാങ്ക് അതിന്റെ എട്ടു പതിറ്റാണ്ട് നീണ്ട പ്രവര്‍ത്തനം കൊണ്ടു നേടിയെടുത്ത വിശ്വാസ്യതയെയും സ്വയംഭരണത്തെയുമാണ് അതു തകിടം മറിച്ചത്. ഇനിയങ്ങോട്ടുള്ള കാലം റിസര്‍വ് ബാങ്കിനെയും അത് സ്വന്തം ഉത്തരവാദിത്തത്തില്‍ പുറത്തിറക്കുന്ന കറന്‍സി നോട്ടുകളെയും വിശ്വസിക്കാന്‍ ലോകം മടിക്കുമെന്നു തീര്‍ച്ചയാണ് (നവംബര്‍ എട്ടിന് ശേഷം ഏതാണ്ട് 600 കോടി ഡോളര്‍ വിദേശ നിക്ഷേപം ഇന്ത്യയില്‍ നിന്നു പിന്‍വലിക്കപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ ഒരുപങ്കിനെങ്കിലും കാരണമായത് നോട്ട് റദ്ദാക്കല്‍ ഉയര്‍ത്തിയ വിശ്വാസത്തകര്‍ച്ചയാണെന്നു തീര്‍ച്ച). അതിനാല്‍ കേന്ദ്ര ഭരണകൂടം നടത്തിയ ഈ അസാധാരണ നീക്കത്തിന്റെ നിയമപരവും ഭരണഘടനാപരവുമായ സാധുത ചോദ്യം ചെയ്യപ്പെടുകയെന്നത് സ്വാഭാവികമാണ്. ചിലരെങ്കിലും ഇതിനു പിന്നില്‍ എന്തെങ്കിലും അട്ടിമറിയുണ്ടോ എന്ന് സംശയിക്കുന്നതിലും തെറ്റില്ല. സാധാരണനിലയില്‍ സാമാന്യബോധമുള്ള ഏത് ഗ്രാജ്വേറ്റ് തലത്തിലുള്ള സാമ്പത്തിക വിദ്യാര്‍ഥിയും ധനവിപണിയില്‍ നിന്ന് 80 ശതമാനം നോട്ടുകള്‍ ഒറ്റയടിക്കു പിന്‍വലിച്ചാല്‍ അതു സമ്പദ്ഘടനയെ മരവിപ്പിലേക്ക് നയിക്കും എന്ന് ചൂണ്ടിക്കാണിക്കുമെന്ന് തീര്‍ച്ച. അതിന്റെ ആഘാതം ദീര്‍ഘകാലത്തേക്കു നിലനില്‍ക്കുമെന്നതും തര്‍ക്കമറ്റ കാര്യമാണ്. സത്യത്തില്‍ പലിശനിരക്കില്‍ 100-200 പോയിന്റുകളുടെ വര്‍ധന ഒറ്റയടിക്ക് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചാല്‍ എന്തായിരിക്കും അവസ്ഥ? നാട് ഞെട്ടും. നോട്ട് നിരോധനത്തിലും തത്തുല്യമായ ആഘാതമാണ് സംഭവിച്ചത്. ഒരു ഗ്രാമത്തിലെ കിണറ്റില്‍ അല്‍പം പായലോ മറ്റു വസ്തുക്കളോ ഉണ്ടെങ്കില്‍ അതിലെ വെള്ളം പൂര്‍ണമായി വറ്റിച്ച് പിന്നീട് നിറയ്ക്കാമെന്ന് ഒരാളും കരുതില്ല. വിശേഷിച്ചും കൊടും വേനല്‍ക്കാലത്ത് വെള്ളത്തിനു വേറെ വഴിയില്ലാത്ത സമയത്ത് ആരും അങ്ങനെ ചിന്തിക്കുക പോലുമില്ല. പകരം, പായല്‍ എടുത്തുകളയാന്‍ മറ്റു വഴികളാണ് സാമാന്യബോധമുള്ളവര്‍ സ്വീകരിക്കുക. കാരണം, ജലമില്ലാതെ ജനത്തിന് ഒരുദിവസം പോലും കഴിഞ്ഞുകൂടാനാവില്ല. ഈ സാമാന്യബോധമാണ് നമ്മുടെ പ്രധാനമന്ത്രിക്ക് ഇല്ലാതെ പോയത്. അതിന്റെ ആഘാതം ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ വ്യക്തമായി തെളിഞ്ഞുവരുകയാണ്. നാണയക്കൈമാറ്റത്തെ ആശ്രയിച്ചു വന്ന വിപുലമായ തൊഴില്‍-വ്യാപാര മേഖലകള്‍ പറ്റെ തകര്‍ന്നടിഞ്ഞിരിക്കുന്നു. സ്വാഭാവികമായി അസംഘടിത മേഖലയിലെ ഈ തകര്‍ച്ചയുടെ ആഘാതം സംഘടിത വ്യാവസായികരംഗത്തേക്കും പടര്‍ന്നുകയറും. ഉപഭോക്താക്കളില്ലാതെ ഒരു സമ്പദ്ഘടനയിലും ഉല്‍പാദനം അധികകാലം തുടര്‍ന്നുകൊണ്ടുപോവാന്‍ ആവില്ല. അതിനാല്‍ കള്ളപ്പണത്തിനെതിരായ ആഘാതം യഥാര്‍ഥത്തില്‍ ജനസാമാന്യത്തിനു നേരെയുള്ള ഒരു കാര്‍പറ്റ് ബോംബിങ് ആയി പരിണമിക്കുന്നതില്‍ അസ്വാഭാവികതയില്ല. അത് സ്വന്തം സര്‍ക്കാരില്‍ നിന്നു തന്നെയാവുമ്പോള്‍ വേദനാജനകവുമാണ്. സത്യത്തില്‍ ജനകീയ പ്രശ്‌നങ്ങളില്‍ ഇത്തരത്തിലുള്ള സൈനികാക്രമണ ചിന്താശൈലി തന്നെ രാജ്യത്തിന്റെ ശ്രേയസ്സിന് അനുഗുണമായിരിക്കില്ല. സര്‍ക്കാര്‍ തുടക്കത്തില്‍ പ്രതീക്ഷിച്ചത് 3-4 ലക്ഷം കോടി രൂപയെങ്കിലും തിരിച്ചു ബാങ്കുകളില്‍ എത്തില്ലെന്നായിരുന്നു. അങ്ങനെ സമ്പദ്ഘടനയിലെ മൂന്നിലൊന്ന് വരുന്ന കറന്‍സി കള്ളപ്പണമായി മാറ്റിനിര്‍ത്തപ്പെടും എന്നായിരുന്നു പ്രതീക്ഷ. അതോടെ റിസര്‍വ് ബാങ്കിന്റെ ബാധ്യതകള്‍ അത്രയും കുറയും. സര്‍ക്കാരിന് അത്രയും പണം സ്വന്തം ഇഷ്ടപ്രകാരം ചെലവഴിക്കാനുമാവും. തിരഞ്ഞെടുപ്പുകാലത്ത് അത് ഉപയോഗിച്ചു വന്‍ നേട്ടം കൊയ്യാമെന്നും ബാക്കി വരുന്ന പണം കൊണ്ട് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചു സമ്പദ്ഘടന ശക്തമാക്കാമെന്നും ഒക്കെയായിരുന്നു മനപ്പായസം. എന്നാല്‍ അങ്ങനെയൊന്നുമല്ല സംഭവിച്ചത് എന്ന് ഡിസംബര്‍ 30ന് വന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു. വിപണിയിലുണ്ടായിരുന്ന നോട്ടുകളില്‍ മഹാഭൂരിപക്ഷവും ബാങ്കുകളില്‍ തിരിച്ചെത്തിയിട്ടുണ്ട്. അതോടെ സര്‍ക്കാരിന്റെ അജണ്ട പൊളിഞ്ഞു. ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത് പണം ബാങ്കിലെത്തിയാലും അതു കള്ളപ്പണമല്ല എന്ന് ഉറപ്പിച്ചുപറയാന്‍ ആവില്ലെന്നാണ്. അവരുടെ മേല്‍ പിഴപ്പലിശയും ഭാവിയില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡും ഒക്കെയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതേസമയം, ഇന്ത്യന്‍ സമ്പദ്ഘടനയുടെ വിവിധ മേഖലകളില്‍ ഇതിന്റെ ആഘാതം കൂടുതല്‍ വെളിപ്പെട്ടുവരുകയാണ്. ഗ്രാമീണ-അസംഘടിത മേഖലയിലെ തിരിച്ചടി വളരെ വ്യക്തമായി വെളിവായിക്കഴിഞ്ഞു. സംഘടിത മേഖലയിലെ കണക്കുകളും വളരെ നിഷേധാത്മകമായ ചിത്രമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. നോട്ട് റദ്ദാക്കലിന്റെ മുഖ്യ ഗുണഭോക്താക്കള്‍ നോട്ട്‌രഹിത സമ്പദ്‌വ്യവസ്ഥ കൊണ്ടുവരുന്ന കച്ചവടക്കാരാണ്. പേടിഎം പോലെയുള്ള സംവിധാനങ്ങളുടെ ബിസിനസ് കുതിച്ചുയര്‍ന്നു. പേടിഎമ്മിന്റെ പ്രതിദിന ഇടപാടുകള്‍ അഞ്ചുലക്ഷം വരെയായി ഉയര്‍ന്നുകഴിഞ്ഞു. കഴിഞ്ഞമാസത്തെ അവരുടെ വരുമാനം 400 കോടി കവിഞ്ഞതായാണ് കണക്കുകള്‍ കാണിക്കുന്നത്. കമ്പനിയുടെ പരസ്യങ്ങളില്‍ ഇപ്പോള്‍ പ്രധാനമായി പ്രത്യക്ഷപ്പെടുന്ന താരം നമ്മുടെ പ്രധാനമന്ത്രി തന്നെ ആണെന്നത് സ്വാഭാവികം മാത്രമാണല്ലോ. ചുരുക്കത്തില്‍, നോട്ട് റദ്ദാക്കലിന്റെ ഇപ്പോഴത്തെ ചിത്രം ഇങ്ങനെയാണ്: അതിന്റെ താല്‍ക്കാലിക ആഘാതവും തിരിച്ചടിയും അതീവ ഗുരുതരവും രാജ്യവ്യാപകവുമാണ്; അതേസമയം, അതു നല്‍കാന്‍ പോവുന്ന നേട്ടങ്ങള്‍ സംശയാസ്പദവും. രാജ്യത്തെ സാധാരണ ജനങ്ങളും റിസര്‍വ് ബാങ്കിന്റെ വിശ്വാസ്യതയുമാണ് ഈ പരീക്ഷണത്തിന്റെ ഏറ്റവും വലിയ ഇരകള്‍.               ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss