|    Jan 21 Sat, 2017 5:49 am
FLASH NEWS

റിസര്‍വ് ബാങ്കിന്റെ വായ്പാ നിരക്കില്‍ മാറ്റമില്ല

Published : 10th August 2016 | Posted By: SMR

മുംബൈ: സപ്തംബറില്‍ കാലാവധി അവസാനിക്കാനിരിക്കെ ബാങ്ക്‌നിരക്കുകളില്‍ മാറ്റംവരുത്താതെ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാമത്തെ ധനനയപ്രഖ്യാപനം നടത്തി. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്നു സ്വീകരിക്കുന്ന പണത്തിനുള്ള പലിശ നിരക്കായ റിപോ നിരക്ക് ആറര ശതമാനമായി തുടരും. അഞ്ചു വര്‍ഷത്തെ കുറഞ്ഞ റിപോ നിരക്കാണിത്.
ബാങ്കുകള്‍ കരുതല്‍ ധനമായി ആര്‍ബിഐയില്‍ സൂക്ഷിക്കേണ്ട പണത്തിന്റെ നിരക്കായ കരുതല്‍ ധനാനുപാതത്തിലും മാറ്റം വരുത്തിയിട്ടില്ല. ഇതു നാലു ശതമാനമായി തുടരുമെന്നാണ് രഘുറാം രാജന്‍ അറിയിച്ചിരിക്കുന്നത്. പണപ്പെരുപ്പം രണ്ട് വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍ തുടരുന്നതിനാല്‍, രഘുറാം രാജന്‍ അവസാന നയപരിശോധനയില്‍ പലിശനിരക്ക് കുറയ്ക്കില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നു. മാര്‍ച്ച് 2017ഓടെ അഞ്ച് ശതമാനമായി പണപ്പെരുപ്പനിരക്ക് നിയന്ത്രിക്കുക എന്ന ലക്ഷ്യം നിലവിലെ സാഹചര്യത്തില്‍ കഠിനമാണെന്ന് രാജന്‍ സൂചിപ്പിച്ചു. ഭക്ഷ്യോല്‍പന്നങ്ങളുടെ വിലക്കയറ്റവും ഏഴാം ശമ്പള കമ്മീഷന്റെ ശമ്പളപരിഷ്‌കരണവും പണപ്പെരുപ്പത്തെ ഉയര്‍ത്തിയേക്കുമെന്ന് രാജന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജൂണ്‍ മാസത്തെ റിസര്‍വ് ബാങ്ക് കണക്കുകള്‍ പ്രകാരം ചില്ലറ പണപ്പെരുപ്പം 5.77 ശതമാനമായി തുടരുകയാണ്.
2013ല്‍ ചുമതലയേല്‍ക്കുമ്പോള്‍ രണ്ടക്കം കടന്നിരുന്ന പണപ്പെരുപ്പനിരക്കിനെ കുറച്ചുകൊണ്ടുവന്ന രഘുറാം രാജന്റെ നിലപാടുകള്‍ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്കു പുതിയ പാഠങ്ങളാണ് നല്‍കിയത്. ഒക്ടോബര്‍ നാലിനു നടക്കേണ്ട അടുത്ത നയപരിശോധന മോണിറ്ററി പോളിസി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടക്കുകയെന്ന് രഘുറാം രാജന്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക