|    Apr 24 Tue, 2018 8:22 pm
FLASH NEWS

റിലയന്‍സിന്റെ കേബിളിടാനുള്ള അനുമതി റദ്ദാക്കി

Published : 15th July 2017 | Posted By: fsq

 

കൊച്ചി: ജില്ലയില്‍ റിലയന്‍സിന്റെ കേബിളിടാനുള്ള അനുമതി റദ്ദാക്കിയതായി പൊതുമരാമത്ത് വകുപ്പു മന്ത്രി ജി സുധാകരന്‍ പറഞ്ഞു. പൊതുമരാമത്തുവകുപ്പിന്റെ കീഴിലുള്ള ജില്ലയിലെ വിവിധ റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണപ്രവൃത്തികള്‍ അവലോകനം ചെയ്യാന്‍ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. റിലയന്‍സ് ജിയോയുടെ കേബിളിടുന്നതിനായി ഷണ്‍മുഖം റോഡടക്കം ജില്ലയിലെ പല റോഡുകളുടെയും ടാറിട്ട ഭാഗം പൊളിച്ചതായി ഹൈബി ഈഡന്‍ എംഎല്‍എ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് മന്ത്രിയുടെ ഈ തീരുമാനം. സര്‍ക്കാരുമായുണ്ടാക്കിയ കരാറിനു വിരുദ്ധമായാണ് കേബിളിടാനായി റിലയന്‍സ് റോഡുകളുടെ ടാറിട്ട ഭാഗം പൊളിക്കുന്നത്. അതിനാല്‍ പുതിയൊരുത്തരവുണ്ടാവുന്നതു വരെ ജില്ലയില്‍ റിലയന്‍സ് കേബിളിടുന്നതിനുള്ള അനുമതി റദ്ദാക്കുന്നതായി മന്ത്രി അറിയിച്ചു. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ബാക്കിയുള്ള പ്രവൃത്തികള്‍ കിഫ്ബിയില്‍ പെടുത്താനും തീരുമാനമായി. റോഡിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനം സംബന്ധിച്ച് എംഎല്‍എമാരായ പി ടി തോമസും ഇബ്രാഹിംകുഞ്ഞും അന്‍വര്‍സാദത്തും പരാതികളുന്നയിച്ചപ്പോഴാണിത്. സീപോര്‍ട്- എയര്‍പോര്‍ട് റോഡിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാവുകയും രണ്ടാം ഘട്ടം എച്ച്എംടി-എന്‍എഡി റോഡിന്റെ പണി നടന്നുവരികയുമാണെന്ന് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അധികൃതര്‍ യോഗത്തില്‍ പറഞ്ഞു. ഇരുമ്പനം മുതല്‍ ഭാരത് മാതാ കോളജുവരെ നാലുവരിപ്പാത നിര്‍മിക്കണം, ചൊവ്വര മുതല്‍ വിമാനത്താവളം വരെ ഭൂമി എറ്റെടുക്കല്‍ മുതലുള്ള പ്രവൃത്തികള്‍ ചെയ്യണം. ഇങ്ങനെ സീപോര്‍ട്- എയര്‍പോര്‍ട് റോഡ് പൂര്‍ത്തീകരിക്കാനാവശ്യമായ ബാക്കി എല്ലാ പ്രവൃത്തികളുടെയും പദ്ധതിരേഖ തയ്യാറാക്കി കിഫ്ബിയില്‍ നല്‍കാന്‍ മന്ത്രി നിര്‍ദേശിച്ചു. എച്ച്എംടി ജങ്ഷന്റെ വികസനത്തിനായി കൂടുതല്‍ ഫണ്ടനുവദിക്കണമെന്ന് ഇബ്രാഹിംകുഞ്ഞ് എംഎല്‍എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുല്ലയ്ക്ക് മന്ത്രി നിര്‍ദേശം നല്‍കി. വാത്തുരുത്തി മേല്‍പ്പാലത്തിനായി കൊച്ചിന്‍ പോര്‍ട് ട്രസ്റ്റ് തരുന്ന സ്ഥലത്തിന് പകരമായി രാമന്‍തുരുത്തിലെ റവന്യു ഭൂമി ആവശ്യപ്പെടുന്നുണ്ടെന്ന് ഹൈബി ഈഡന്‍ എംഎല്‍എയും ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എയും മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി.  ഇതു സംബന്ധിച്ച് കൊച്ചിന്‍ പോര്‍ട് ട്രസ്റ്റ് അധികൃതരുടെ യോഗം വിളിച്ച് തീരുമാനമുണ്ടാക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തി. ഇടപ്പള്ളി അണ്ടര്‍പാസിന്റെ നിര്‍മാണം കഴിയുന്നതും വേഗം പൂര്‍ത്തിയാക്കണമെന്ന് കെ വി തോമസ് എംപിയും എംഎല്‍എമാരായ ഹൈബി ഈഡനും പിടി തോമസും പറഞ്ഞു. മൂവരുടെയും പ്രാദേശിക വികസനഫണ്ടില്‍ നിന്നും തുക അനുവദിച്ചിട്ടുണ്ട്. റയില്‍വേയ്ക്ക് ഇത് നിക്ഷേപിക്കാനുള്ള സാങ്കേതികാനുമതി പൊതുമരാമത്തുവകുപ്പില്‍ നിന്നും നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വൈറ്റില-തൃപ്പൂണിത്തുറ റോഡില്‍ കുന്നറ മുതല്‍ പേട്ട വരെയുള്ള പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡില്‍ ഓടനിര്‍മാണമടക്കമുള്ള റോഡ് നവീകരണപ്രവൃത്തികള്‍ക്കായുള്ള നടപടികളെടുക്കാനും മന്ത്രി നിര്‍ദേശിച്ചു. ഫിഫ അണ്ടര്‍ 17 ലോകകപ്പിനായി പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള പ്രവൃത്തികള്‍ കലക്ടറുമായി ചേര്‍ന്ന് ചര്‍ച്ച ചെയ്ത് നടപ്പാക്കാന്‍ മന്ത്രി പറഞ്ഞു. പശ്ചിമകൊച്ചിയിലെ കല്‍വത്തിപാലം, പുത്തന്‍തോട് പാലം എന്നിവ അപകടാവസ്ഥയിലാണെന്ന് കെ ജെ മാക്‌സി എംഎല്‍ എ പറഞ്ഞു. പരിശോധിച്ച് ഉടന്‍ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥരെ യോഗം ചുമതലപ്പെടുത്തി. കാക്കനാട്-മൂവാറ്റുപുഴ റോഡ് നാലുവരിപ്പാതയാക്കുന്നതുമായി ബന്ധപ്പെട്ട് രൂപരേഖ തയ്യാറായിട്ടുണ്ട്.   വടുതല മേല്‍പ്പാലത്തിനും കിഫ്ബി പണം അനുവദിച്ചിട്ടുണ്ട്. വൈറ്റില, കുണ്ടന്നൂര്‍ ഫ്‌ളൈഓവറുകളും യാഥാര്‍ത്ഥ്യമാവുമെന്നും മന്ത്രി പറഞ്ഞു. അറ്റ്‌ലാന്റിസ് മേല്‍പ്പാലത്തിനായി കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍ റവന്യുവകുപ്പ് സ്ഥലമേറ്റെടുത്തിട്ടുണ്ട്. 24 മീറ്റര്‍ വീതിയിലുള്ള പാലം നിര്‍മാണത്തിനാണ് ഉദ്ദേശിച്ചിരുന്നത്. പാലത്തിന്റെ വീതി കുറച്ചാല്‍ ഇപ്പോഴനുവദിച്ച 50 കോടി രൂപ കൊണ്ട് പാലം പണി പൂര്‍ത്തിയാക്കാം. ഇതിന് നഗരസഭ മുന്‍കൈയെടുക്കണമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു. കുമ്പളം- തേവര പാലം തുടങ്ങുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്ന് എം സ്വരാജ് എംഎല്‍എ പറഞ്ഞു. പാറപ്പുറം- വല്ലംകടവ് പാലത്തിന്റെയും നെടുമ്പാശ്ശേരി- ആലുങ്കക്കടവ് പാലത്തിന്റെയും നിര്‍മാണത്തിനായുള്ള നടപടികളും വേഗത്തിലാക്കണമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എയും ആവശ്യപ്പെട്ടു.  തേവര-ചക്കാലക്കല്‍ ഭാഗത്തേക്ക് കസ്തൂര്‍ബാ റോഡിന്റെ നിര്‍മാണത്തിനായുള്ള ഫണ്ട് മതിയാവുകയില്ലെന്നും പൊതുമരാമത്ത് വകുപ്പ് ഇടപെടണമെന്നും ജിസിഡിഎ ചെയര്‍മാന്‍ സിഎന്‍ മോഹനന്‍ പറഞ്ഞു.  കെ വി തോമസ് എംപി, എംഎല്‍എമാരായ ജോണ്‍ ഫെര്‍ണാണ്ടസ്, ഹൈബി ഈഡന്‍, ഇബ്രാഹിംകുഞ്ഞ്, അന്‍വര്‍സാദത്ത്, എം സ്വരാജ്, കെ ജെ മാക്‌സി, പിടി തോമസ്, ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, ജിസിഡിഎ ചെയര്‍മാന്‍ സി എന്‍ മോഹനന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss