|    May 29 Mon, 2017 5:25 pm
FLASH NEWS

റിയോ ഒളിംപിക്‌സ് ഫുട്‌ബോള്‍: കോപയിലെ നാണക്കേട് മായ്ക്കാന്‍ നെയ്മറുമായി ബ്രസീല്‍

Published : 1st July 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: കഴിഞ്ഞ കോപ അമേരിക്കയിലേറ്റ നാണക്കേട് മായ്ക്കാനുറച്ച് ബ്രസീല്‍ റിയോ ഒളിംപിക്‌സിനു തയ്യാറെടുക്കുന്നു. സൂപ്പര്‍ താരവും ക്യാപ്റ്റനുമായ നെയ്മറെ ഉള്‍പ്പെടുത്തി ഒളിംപിക്‌സിനുള്ള ബ്രസീല്‍ ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. ബയേണ്‍ മ്യൂണിക്കിന്റെ സ്റ്റാര്‍ വിങര്‍ ഡഗ്ലസ് കോസ്റ്റയാണ് ടീമിലെ മറ്റൊരു മിന്നുംതാരം.
ബ്രസീലിന്റെ അണ്ടര്‍ 23 ടീം കോച്ചായ റൊജേരിയോ മിക്കാലെയാണ് ഒളിംപിക്‌സിനുള്ള ടീമിനെ പരിശീലിപ്പിക്കുന്നത്. 23 വയസ്സില്‍ താഴെയുള്ള താരങ്ങളാണ് ഒളിംപിക്‌സ് ഫുട്‌ബോളില്‍ മല്‍സരിക്കുന്നത്. 23 വയസ്സിനു മുകളിലുള്ള മൂന്നു താരങ്ങളെ ടീമിലെടുക്കാന്‍ ഓരോ ടീമിനും അര്‍ഹതയുണ്ട്. 37കാരനായ പാല്‍മെയ്‌റസ് ഗോള്‍കീപ്പര്‍ ഫെര്‍ണാണ്ടോ പ്രാസാണ് ടീമിലെ ഏറ്റവും മുതിര്‍ന്ന താരം.
കോപയിലെ ആദ്യറൗണ്ടിലെ പുറത്താവലിനു ഒളിംപിക്‌സ് സ്വര്‍ണത്തിലൂടെ പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുകയാണ് മഞ്ഞപ്പട.
ഒളിംപിക്‌സില്‍ ആഗസ്ത് നാലിന് ബ്രസീലിയയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ബ്രസീലിന്റെ ആദ്യമല്‍സരം. ഏഴിനു ബ്രസീലിയയില്‍ തന്നെ ഇറാഖുമായും മൂന്നു ദിവസത്തിനുശേഷം സാല്‍വദോറില്‍ ഡെന്‍മാര്‍ക്കുമായും ബ്രസീല്‍ ഏറ്റുമുട്ടും. ഒളിംപിക്‌സിനു മുമ്പ് ഈ മാസം 30നു ജപ്പാനുമായി ബ്രസീല്‍ സന്നാഹമല്‍സരം കളിക്കുന്നുണ്ട്.
ബ്രസീല്‍ ടീം
ഗോള്‍കീപ്പര്‍മാര്‍-ഫെര്‍ണാ ണ്ടോ പ്രാസ്, യുല്‍സന്‍.
ഡിഫന്‍ഡര്‍മാര്‍-വില്ല്യന്‍, ഡഗ്ലസ് സാന്റോസ്, സെക്ക, റോഡ്രിഗോ കെയോ, ലുവാന്‍, മാര്‍ക്വിഞ്ഞോസ്.
മിഡ്ഫീല്‍ഡര്‍മാര്‍-തിയാഗോ മെയ, റോഡ്രിഗോ ഡ്വറാഡോ, ഫ്രെഡ്, റഫീഞ്ഞ, ഫെലിപ്ലെ ആന്‍ഡേഴ്‌സന്‍.
സ്‌ട്രൈക്കര്‍മാര്‍-നെയ്മര്‍, ഡഗ്ലസ് കോസ്റ്റ, ലുവാന്‍, ഗബ്രിയേല്‍ ബാര്‍ബോസ, ഗബ്രിയേല്‍ ജീസസ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day