|    Oct 20 Sat, 2018 12:33 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

റിയോ ഒളിംപിക്‌സ്: പ്രതീക്ഷയോടെ ഖത്തര്‍

Published : 2nd August 2016 | Posted By: sdq

ദോഹ: അഞ്ചിന് ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ആരംഭിക്കുന്ന ഒളിംപിക്സില്‍ ഖത്തറിന് പ്രതീക്ഷകളേറെ. 10 വിഭാഗങ്ങളിലായി 38 അംഗ ടീമാണ് ഇത്തവണ ഖത്തറിനെ പ്രതിനിധീകരിച്ച് ഒളിംപിക്സില്‍ മല്‍സരിക്കുന്നത്. അത്ലറ്റിക്സിലാണ് ഖത്തര്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മല്‍സരിക്കുന്ന ഖത്തരി ടീമിലെ കായികതാരങ്ങളെല്ലാം ഒളിംപിക് വില്ലേജിലെത്തി പരിശീലനം തുടങ്ങിക്കഴിഞ്ഞു. നീന്തലില്‍ ഖത്തറിനെ പ്രതിനിധീകരിച്ച് രണ്ടുപേരാണ് മല്‍സരിക്കുന്നത്. ്യൂ
ഒളിംപ്യന്‍ നദ മുഹമ്മദ് വഫ അര്‍ഖജിയും ഖത്തര്‍ ടീമിലെ ഏറ്റവും പ്രായംകുറഞ്ഞ താരമായ നൂഹ് അല്‍ ഖുലൈഫിയുമാണ് നീന്തല്‍ ടീമില്‍ ഇടംനേടിയത്. 2012 ലണ്ടന്‍ ഒളിംപിക്സില്‍ പങ്കെടുത്ത നദ രാജ്യത്തെ പ്രതിനിധീകരിച്ച് ആദ്യമായി ഒളിംപിക്സില്‍ പങ്കെടുത്ത വനിതയാണ്. ക്രിസ്റ്റോസ് പാപരോഡോ പൗലോസാണ് ഖത്തര്‍ നീന്തല്‍ ടീമിനെ പരിശീലിപ്പിക്കുന്നത്. ബ്രസീലിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ നേരത്തെയുള്ള പരിശീലനം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തരി താരങ്ങളുടെ മല്‍സരം ആറ്, ഏഴ് തിയ്യതികളിലാണ്. 100 മീറ്റര്‍ ബട്ടര്‍ഫ്ളൈസ്ട്രോക്കിലാണ് നദ അര്‍ഖജി മല്‍സരിക്കുന്നത്. നൂഹ് അല്‍ ഖുലൈഫി 100 മീറ്റര്‍ ബാക്ക്സ്ട്രോക്കില്‍ മല്‍സരിക്കും. നീന്തലില്‍ അനുഭവസമ്പത്തും മല്‍സരപരിചയവും ആവോളമുള്ള നദ മുഹമ്മദ് വഫ നീന്തല്‍കുളത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ്.
നീന്തല്‍ ലോകകപ്പും റിയോഡി ജനീറോ ഒളിംപിക്സ് യോഗ്യതയും ലക്ഷ്യമിട്ട് കടുത്ത പരിശീലനത്തിലായിരുന്നു നദ. ഖത്തര്‍ ടീമിലെ ഏറ്റവുമധികം അനുഭവസമ്പത്തുള്ള താരം മികച്ച ആത്മവിശ്വാസത്തിലാണ്.
രാജ്യത്തിനുവേണ്ടി ഒളിംപിക്സില്‍ മല്‍സരിക്കുന്ന ആദ്യത്തെ വനിതാ നീന്തല്‍ താരം എന്ന നേട്ടവും നദയ്ക്ക് സ്വന്തമാണ്. മെഡല്‍ നേടാനായില്ലെങ്കിലും മികച്ച പ്രകടനത്തിലൂടെ രാജ്യത്തിന്റെ ഖ്യാതി നിലനിര്‍ത്താന്‍ അവര്‍ക്കായി. 50മീറ്റര്‍ ഫ്രീ സ്‌റ്റൈലിലായിരുന്നു നദ മല്‍സരിച്ചത്. 2020 വേനല്‍ക്കാല ഒളിംപിക്സ് വേദിക്കായുള്ള ദോഹ ബിഡ് കമ്മിറ്റിയിലെ അംഗം കൂടിയായിരുന്നു നദ. 2013ല്‍ മാഞ്ചസ്റ്ററിലെ ദേശീയ ഫുട്ബോള്‍ മ്യൂസിയത്തില്‍ കായികമേഖലയിലെ അറബ് വനിതകള്‍ എന്ന പേരില്‍ സംഘടിപ്പിച്ച ആഗോളപ്രദര്‍ശനത്തില്‍ നദയെയും ഉള്‍പ്പെടുത്തിയിരുന്നു. രാജ്യാന്തര നീന്തല്‍ ചാംപ്യന്‍ഷിപ്പുകളില്‍ ഖത്തറിനെ പ്രതിനിധീകരിക്കുന്ന നദ അര്‍ഖജി റിയോ ഒളിംപിക്സിനെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഒളിംപിക്സില്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയെന്നത് അഭിമാനകരമായ മുഹൂര്‍ത്തമാണെന്ന് അവര്‍ പറയുന്നു. കായികകുടുംബത്തില്‍ നിന്നാണ് നദ വരുന്നത്. മുന്‍ ഖത്തര്‍ ദേശീയ ഫുട്ബോള്‍ ടീം ഗോള്‍കീപ്പറും അല്‍ സദ്ദ് ക്ലബ് താരവുമായിരുന്ന മുഹമ്മദ് വഫ അറഖ്ജിയാണ് നദയുടെ പിതാവ്. ദോഹ കോളജ്, കാര്‍നീജ് മെല്ലോണ്‍ യൂണിവേഴ്സിറ്റി ഖത്തര്‍ എന്നിവിടങ്ങളിലായിരുന്നു നദയുടെ പഠനം.
മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന ആത്മ വിശ്വാസത്തിലാണ് നൂഹ് അല്‍ ഖുലൈഫിയും. ഒളിംപിക്സിന് മല്‍സരിക്കുന്ന ഖത്തറിന്റെ ഏറ്റവും പ്രായംകുറഞ്ഞ താരം നൂഹാണ്. ഏറ്റവും മികച്ച വ്യക്തിഗത സമയം കുറിക്കുന്നതിനൊപ്പം ഖത്തറിലോ മിഡിലീസ്റ്റിലോ ഇതുവരെ ആരും കൈവരിക്കാത്ത പ്രത്യേകമായൊരു നേട്ടവും മനസിലുണ്ടെന്ന് നോഹ് അല്‍ ഖുലൈഫി പറയുന്നു.
ഖത്തര്‍ ഷൂട്ടിങ് ടീം നേരത്തെതന്നെ റിയോയിലെത്തിയിട്ടുണ്ട്. തുടര്‍ച്ചയായി ആറാം ഒളിംപിക്സില്‍ മല്‍സരിക്കുന്ന നാസര്‍ അല്‍ അത്തിയ്യയും റാഷിദ് സാലേഹുമാണ് ഷൂട്ടിങില്‍ ഖത്തറിനെ പ്രതിനിധീകരിക്കുന്നത്. റിയോ ഒളിംപിക്സിനായി ഖത്തര്‍ ഷൂട്ടിങ് ടീം സജ്ജമായിട്ടുണ്ടെന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും നാസര്‍ അല്‍ അത്തിയ്യ പറഞ്ഞു.
ഒളിംപിക്‌സില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ലീ പിങും മൊറാദ് സിമൗരിയും. ടേബിള്‍ടെന്നീസ്, ജൂഡോ ഇനങ്ങളില്‍ ഖത്തറിന്റെ പ്രതീക്ഷകളാണ് ഇരുവരും. പുരുഷ വിഭാഗം ടേബിള്‍ ടെന്നീസില്‍ ഇതാദ്യമായാണ് ഖത്തര്‍ ഒളിംപിക്‌സിന് യോഗ്യത നേടുന്നത്. ഇത്തവണ ഒളിംപിക്‌സിന് ലീ പിങ് യോഗ്യത നേടിയതോടെ ഖത്തരി ടേബിള്‍ ടെന്നീസ് ടീം ചരിത്രം സൃഷ്ടിക്കുകയായിരുന്നു. ഏപ്രിലില്‍ ഹോങ്കോങില്‍ നടന്ന ഏഷ്യന്‍ ഒളിംപിക് യോഗ്യതാ ചാംപ്യന്‍ഷിപ്പില്‍ അബ്ദുല്‍ അസീസ് അല്‍ അബാദിനെ 4-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയതോടെയാണ് ലീ പിങിന് യോഗ്യത ലഭിച്ചത്. ഒളിംപിക്‌സില്‍ പങ്കെടുക്കാനായി ലീ പിങ് ബ്രസീലിലെ റിയോ ഒളിംപിക്‌സ് വില്ലേജിലെത്തിയിട്ടുണ്ട്. ഒളിംപിക്‌സിനായി ലീ പിങ് പരിശീലനം തുടങ്ങിയിട്ടുണ്ടെന്നും മികച്ച ആത്മവിശ്വാസത്തിലാണ് അദ്ദേഹമുള്ളതെന്നും ഖത്തര്‍ നാഷണല്‍ ടേബിള്‍ ടെന്നീസ് ടീം ഡയറക്ടര്‍ ഥാനി അല്‍ സറാ വ്യക്തമാക്കി. 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ ടേബിള്‍ ടെന്നീസ് വനിതാവിഭാഗത്തില്‍ ഖത്തറിന്റെ അയ മജ്ദി മല്‍സരിച്ചിരുന്നു. രാജ്യാന്തര ടേബിള്‍ ടെന്നീസ് ഫെഡറേഷനില്‍ നിന്നു വൈല്‍ഡ് കാര്‍ഡ് ലഭിച്ചാണ് അയ മജ്ദി ലണ്ടനില്‍ മല്‍സരിച്ചത്. ഈജിപ്തില്‍ ജനിച്ച അയ മുഹമ്മദ് മജ്ദി ടേബിള്‍ടെന്നീസില്‍ ഖത്തറിനെ നിരവധി രാജ്യാന്തര ചാംപ്യന്‍ഷിപ്പുകളില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. 2010ല്‍ ദോഹയില്‍ നടന്ന ജിസിസി ചാംപ്യന്‍ഷിപ്പില്‍ സിംഗിള്‍സ്, ഡബിള്‍സ്, ടീം ഇനങ്ങളിലായി മൂന്നു സ്വര്‍ണം നേടി ശ്രദ്ധേയയായിരുന്നു.
ജൂഡോയില്‍ 73 കിലോഗ്രാം വിഭാഗത്തില്‍ മല്‍സരിക്കുന്ന മൊറാദ് സമൗരിയും കടുത്ത പരിശീലനത്തിലാണ്. സമീപകാലത്തായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മൊറാദ് സമൗരി അള്‍ജീരിയയില്‍ പരിശീലനക്യാംപില്‍ പങ്കെടുത്തശേഷമാണ് റിയോയിലേക്കെത്തിയത്.
ഇന്റര്‍നാഷണല്‍ ജൂഡോ ഫെഡറേഷന്റെ റാങ്കിങിലെ മുന്നേറ്റമാണ് ഖത്തര്‍ താരത്തിന് ഏഷ്യന്‍ മേഖലയില്‍ നിന്നു യോഗ്യത ലഭ്യമാക്കിയത്. സമൗരി ഒളിംപിക്‌സില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തര്‍ തായ്‌ക്വോണ്ടോ, ജൂഡോ ഫെഡറേഷന്‍ സെക്രട്ടറി ഖലീഫ അല്‍ ഖുബൈസി പറഞ്ഞു.
സമീപകാലപ്രകടനങ്ങളുടെ കരുത്തിലാണ് ദേശീയ ബീച്ച് വോളിബോള്‍ ടീമും ഹാന്‍ഡ്‌ബോള്‍ ടീമും റിയോ ഒളിംപിക്‌സില്‍ മല്‍സരിക്കുന്നത്. ബീച്ച് വോളിബോളില്‍ എവിസി കോണ്‍ടിനെന്റല്‍ കപ്പില്‍ ചൈനയെ പരാജയപ്പെടുത്തിയതോടെയാണ് ഇതാദ്യമായി ഖത്തര്‍ ടീമിന് യോഗ്യത ലഭിച്ചത്.
റിയോയില്‍ സ്‌പെയിന്‍, അമേരിക്ക, ഓസ്ട്രിയ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് എഫിലാണ് ഖത്തര്‍. ജെഫേഴ്‌സണ്‍ പെരേര, ഷെരീഫ് യൂനുസ് സഖ്യമാണ് ബീച്ച് വോളിബോളില്‍ ഖത്തറിനായി മല്‍സരിക്കുന്നത്. റിയോ ഒളിംപിക്‌സില്‍ ഹാന്‍ഡ്‌ബോളില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുകയാണ് ഖത്തര്‍.
ലോക ഹാന്‍ഡ് ബോള്‍ ചാംപ്യന്‍ഷിപ്പില്‍ രണ്ടാമതെത്തി അത്ഭുതം സൃഷ്ടിച്ച ഖത്തര്‍ ഹാന്‍ഡ്‌ബോള്‍ ടീം റിയോയിലും സ്വപ്‌നസമാനമായ നേട്ടമാണ് പ്രതീക്ഷിക്കുന്നത്. അഞ്ചു സൗഹൃദ മല്‍സരങ്ങള്‍ ഒളിംപിക്‌സ് ഒരുക്കങ്ങളുടെ ഭാഗമായി ഖത്തര്‍ കളിച്ചിരുന്നു.
റാഫേല്‍ കപോതെ, അബ്ദുല്ലഹാല്‍ കിര്‍ബി, കമാല്‍ മല്ലാഷ്, മഹമ്മൂദ് സാകി, അബ്ദുല്‍റസാഖ് മുറാദ്, സാര്‍കോ മര്‍കോവിക്, യൂസുഫ് ബിന്‍ അലി, ഗൊരാന്‍ സ്റ്റൊജാനോവിക് എന്നിവരുള്‍പ്പെട്ടതാണ് ഖത്തര്‍ ടീം. റിയോ ഒളിംപിക്‌സില്‍ ലോകത്തെ ഏറ്റവും മികച്ച 12 ടീമുകളാണ് ഹാന്‍ഡ്‌ബോളില്‍ മല്‍സരിക്കുന്നത്. അതിനാല്‍ തന്നെ എല്ലാ ടീമുകളും മികച്ച എതിരാളികളാണ്. ഏഴിന് ക്രൊയേഷ്യയുമായാണ് ഖത്തറിന്റെ ആദ്യ ഹാന്‍ഡ്‌ബോള്‍ മല്‍സരം.
അതേ സമയം, ഒളിംപിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ ഡോ. ഥാനി ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍കുവാരി ബ്രസീല്‍ റിയോ ഡി ജനീറോയിലെ ഒളിംപിക് വില്ലേജിലെ ഖത്തര്‍ സംഘത്തെ സന്ദര്‍ശിച്ചു. ഖത്തര്‍ അഡ്മിനിസ്ട്രേറ്റീവ് സംഘവുമായും കായികതാരങ്ങളുമായും അദ്ദേഹം ആശയവിനിമയം നടത്തി.
കായികതാരങ്ങളുടെ പരിശീലനത്തെക്കുറിച്ചും തയാറെടുപ്പുകളെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കായികോല്‍സവത്തില്‍ ഖത്തരി കായികതാരങ്ങളും പങ്കാളികളാകുന്നുവെന്നത് അഭിമാനകരമായ നിമിഷമാണെന്ന് ഡോ. അല്‍കുവാരി പറഞ്ഞു. ഖത്തരി കായികതാരങ്ങള്‍ക്ക് ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss