|    Jan 24 Tue, 2017 8:43 am
Home   >  Sports  >  Others  >  

റിയോ ഒളിംപിക്‌സിനുള്ള പുരുഷ, വനിതാ ഹോക്കി ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു; ശ്രീജേഷ് ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍

Published : 13th July 2016 | Posted By: SMR

ന്യൂഡല്‍ഹി: മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിനെ ക്യാപ്റ്റനാക്കി ഹോക്കി ഇന്ത്യ റിയോ ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ ചാംപ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ടീമിന് വെള്ളി മെഡല്‍ നേടിക്കൊടുത്ത നായക മികവാണ് ഗോള്‍ കീപ്പര്‍ കൂടിയായ ശ്രീജേഷിന് തുണയായത്.
ടൂര്‍ണമെന്റില്‍ താരം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങിനെ മറികടന്നാണ് ശ്രീജേഷിനെ ഇന്ത്യ നായകനായി തിരഞ്ഞെടുത്തത്. 16 അംഗ ടീമില്‍ സര്‍ദാര്‍ ഇടംപിടിച്ചിട്ടുണ്ട്. പ്ലേമേക്കര്‍ എസ് വി സുനിലാണ് വൈസ് ക്യാപ്റ്റന്‍.
പുരുഷ ടീമിന് പുറമേ 16 അംഗ വനിതാ ടീമിനെയും ഇന്ത്യ ഇന്നലെ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിഫന്റര്‍ സുശീല ചാനുവാണ് വനിതകളില്‍ ഇന്ത്യയെ നയിക്കുന്നത്.
കഴിഞ്ഞ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ശ്രീജേഷിന്റെ മിന്നുന്ന സേവുകളാണ് പാകിസ്താനെ പരാജയപ്പെടുത്തി ജേതാക്കളാവാന്‍ ഇന്ത്യയെ സഹായിച്ചത്. കൂടാതെ 2014ല്‍ ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡലും 2015ല്‍ റായ്പൂരില്‍ അരങ്ങേറിയ ഹോക്കി ലോക ലീഗില്‍ വെങ്കല മെഡലും താരത്തിന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലുകളാണ്.
ശ്രീജേഷ് രവീന്ദ്രന്‍ എന്ന പിആര്‍ ശ്രീജേഷ് എന്നും മലയാളികളുടെ അഭിമാന താരങ്ങളിലൊരാളാണ്. 10 വര്‍ഷത്തോളമായി ദേശീയ ടീമിന്റെ ഗോള്‍വല കാക്കുന്ന ശ്രീജേഷ് രാജ്യത്തിന് വേണ്ടി ഒട്ടനവധി അഭിമാനകരമായ നേട്ടങ്ങളും കൊയ്തു. ഒടുവില്‍ നടക്കാനിരിക്കുന്ന റിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ കപ്പിത്തനായി ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് 30കാരനായ ശ്രീജേഷ്.
ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ നയിക്കുന്ന ആദ്യ മലയാളി താരമാവാനൊരുങ്ങുകയാണ് ശ്രീജേഷ്. രാജ്യത്തിനു വേണ്ടി 121 മല്‍സരങ്ങളില്‍ ഗോള്‍വല കാത്ത ശ്രീജേഷ് പല ഘട്ടങ്ങളിലും ടീമിന്റെ രക്ഷനായി ഉയര്‍ന്നിട്ടുണ്ട്. രണ്ടു വര്‍ഷത്തോളം ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു താരം. ഹോക്കി ഇന്ത്യ ലീഗില്‍ ഉത്തര്‍പ്രദേശ് വിസാര്‍ഡ്‌സിന്റെ താരമാണ് ശ്രീജേഷ്.
ഒളിംപിക്‌സില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. ക്യാപ്റ്റനായി തിരഞ്ഞെടുത്തതില്‍ വളരെയധികം സന്തോഷമുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് റിയോയിലേക്ക് പോവുന്നത്- ശ്രീജേഷ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 84 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക