|    Oct 23 Tue, 2018 3:25 pm
FLASH NEWS
Home   >  Kerala   >  

റിയാസ് മൗലവി വധം: മെയ് 20ന് എഡിജിപി ഓഫീസിലേക്ക് ബഹുജനമാര്‍ച്ച് നടത്തുമെന്ന് എസ്ഡിപിഐ

Published : 8th May 2017 | Posted By: mi.ptk

കാസര്‍കോട്: മദ്രസ അധ്യാപകനും ചൂരി ജുമുഅത്ത് പള്ളി പരിപാലകനുമായ റിയാസ് മൗലവിയെ പള്ളിയില്‍ കയറി മൃഗീയമായി വെട്ടി കൊന്ന കേസിലെ ഗൂഡാലോചനക്കാരെയടക്കം മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട്  മെയ് 20 ന് കോഴിക്കോട് ഉത്തരമേഖല എ.ഡി.ജി.പി.ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എ.കെ.അബ്ദുല്‍ മജീദ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കൊലപാതകത്തിന് പിന്നില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സംഘപരിവാരത്തിന്റെ ഉന്നത നേതാക്കന്‍മാരടക്കമുള്ളവരുടെ പങ്കാളിത്തം പകല്‍ പോലെ വ്യക്തമാണ്. എന്നാല്‍ അന്വേഷണ സംഘം തുടക്കം മുതല്‍ സംഭവവുമായി ബന്ധപ്പെട്ട് അപസര്‍പ്പക കഥകള്‍ മെനഞ് കുറ്റം മദ്യത്തിന് അടിമപ്പെട്ട മൂന്ന് യുവാക്കളിലൊതുക്കി സംഘ പരിവാരത്തിന്റെ പങ്കാളിത്തം മറച്ചുവെക്കാനുള്ള ശ്രമമാണ് നടത്തി വരുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

പോലീസും ചില തല്‍പര കേന്ദ്രങ്ങളും ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥയനുസരിച്ചുള്ള അന്വേഷണ പ്രഹസനമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിലുടെ പോലീസ് ജനങ്ങളെ വിഡ്ഡികളാക്കുകയാണ്. റിയാസ് മൗലവി വധം സംസ്ഥാനത്ത് കലാപം സൃഷ്ടിക്കുന്നതിനുള്ള ആര്‍.എസ്.എസിന്റെ ആസുത്രിത നീക്കം എന്നാണ് മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഗുഢാലോചനയിലും ആസൂത്രണത്തിലും കൊല നടത്തുന്നതിലും പ്രതികളെ സംരക്ഷിക്കുന്നതിലും നടന്ന ശ്രമങ്ങള്‍ പുറത്തു കൊണ്ടുവരാനുള്ള നീക്കം പോലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ല.മാത്രമല്ല കേസ് അട്ടിമറിക്കാനുളള ശ്രമമാണ് നടന്നത്.പ്രത്യേക അന്വേഷണ സംഘത്തെ ഏര്‍പ്പെടുത്തിയത് തന്നെ ലോക്കല്‍ പോലീസിനെ മാറ്റിനിര്‍ത്തി അന്വേഷണം അട്ടിമറിക്കാനായിരുന്നുവെന്ന് പോലീസ് സേനക്കകത്ത് തന്നെ അഭിപ്രായമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ താല്‍പര്യമെന്താണെന്ന് വ്യക്തമാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായ സമീപനമാണോ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത് അതല്ല മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളുടെ കണ്ണില്‍ പൊടിയുടുന്നതിലും കേവല രാഷ്ട്രീയ മുതലെടുപ്പ് ഉദ്ദേശിച്ചുള്ളതുമാണോ എന്നും അദ്ദേഹം ചോദിച്ചു.  ഭരണപ്രതിപക്ഷത്തെ പ്രമുഖ പാര്‍ട്ടികള്‍ കേസ് ഒതുക്കി തീര്‍ക്കുന്നതിന് പ്രത്യക്ഷമായും പരോക്ഷമായും പങ്ക് വഹിച്ചതായി കാണാന്‍ കഴിയും. റിയാസ് മൗലവി വധത്തിന് പിന്നില്‍ നടന്നതിനേക്കാള്‍ ക്രൂരമായ ഗൂഢാലോചനയാണ് യഥാര്‍ത്ഥ പ്രതികളെയും സംഘപരിവാര നേതൃത്വത്തേയും സംരക്ഷിക്കുന്നതിന് നടന്നതായി കാണാനാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഘ പരിവാര താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പിണറായി സര്‍ക്കാര്‍ തുടര്‍ന്നു പോരുന്ന നിലപാടിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പ്രകടമാകുന്നത്. അതിനാല്‍ റിയാസ് മാലവി വധത്തിന് പ്രേരണ നല്‍കുകയും ഗൂഢാലോചന നടത്തുകയും കുറ്റകൃത്യത്തില്‍ പങ്കെടുക്കുകയും പ്രതികളെ രക്ഷിക്കുകയും ചെയ്ത മുഴുവന്‍ ആളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും, അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ഈ വിഷയത്തില്‍ ജില്ലക്ക് പുറത്ത് നടക്കുന്ന പ്രക്ഷോഭത്തിന്റെ തുടക്കമാണിത്. അനുകൂല തീരുമാനവും നടപടിയും ഉണ്ടായില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

എ.ഡി.ജി.പി ഓഫീസ് മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി പി.അബ്ദുല്‍ ഹമീദ് (കണ്‍വീനര്‍), എം.കെ.മനോജ് കുമാര്‍, എ.കെ.അബ്ദുല്‍ മജീദ്, കെ.കെ.അബ്ദുല്‍ ജബ്ബാര്‍, എന്‍.യു.സലാം, എം.എ.സലീം, നജീബ് അത്തോളി എന്നിവര്‍ അടങ്ങിയ സംഘാടക സമിതിയെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ഉത്തരവാദപ്പെടുത്തിയിട്ടുണ്ട്. വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാന സമിതിയംഗം പി.ആര്‍.കൃഷ്ണന്‍കുട്ടി, ജില്ലാ പ്രസിഡന്റ് എന്‍.യു. അബ്ദുല്‍ സലാം, സെക്രട്ടറി ഖാദര്‍ അറഫ സംബഡിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss