|    Nov 18 Sun, 2018 10:34 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

റിയാസ് മൗലവി വധം: പ്രദേശത്തെ അന്തരീക്ഷം കലുഷിതമെന്ന് കോടതി

Published : 2nd August 2018 | Posted By: kasim kzm

കൊച്ചി: ഓള്‍ഡ് ചൂരി ജുമാമസ്ജിദിലെ ഉസ്താദായ റിയാസ് മൗലവിയെ കഴുത്തറുത്തു കൊന്ന പ്രദേശത്തെ അന്തരീക്ഷം കലുഷിതമാണെന്നു ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെയും റിയാസ് മൗലവിയുടെ ഭാര്യ എം ഇ സൈദയുടെയും വാദങ്ങളില്‍ നിര്‍ണായകമായ നിരവധി കാര്യങ്ങളുണ്ടെന്നാണ് കേസ് ഡയറി പരിശോധിച്ചപ്പോള്‍ മനസ്സിലായതെന്ന് ഹൈക്കോടതി വ്യക്തമാക്കി. റിയാസ് മൗലവിയെ കൊന്ന കേസിലെ മൂന്നാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ആര്‍എസ്എസ് പ്രവര്‍ത്തകനും കേളുഗുഡ കേശവ കുടീരത്തില്‍ സുരേശന്റെ മകനുമായ അഖിലേഷിന്റെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.
പ്രതിക്ക് ജാമ്യം നല്‍കാത്തത് അയാളെ ശിക്ഷിക്കാനല്ല. മറിച്ച് ആരോപണവിധേയനായ വ്യക്തിയുടെയും കുറ്റകൃത്യം ബാധിച്ച സമൂഹത്തിന്റെയും താല്‍പര്യം സംരക്ഷിക്കാനാണെന്നു വ്യക്തമാക്കിയ കോടതി ജാമ്യഹരജി തള്ളുകയായിരുന്നു. വിചാരണാ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ കീഴ്‌ക്കോടതിക്കു നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 2017 മാര്‍ച്ച് 20നാണ് പള്ളിയില്‍ അതിക്രമിച്ചു കയറിയ സംഘം റിയാസ് മൗലവിയെ കൊലപ്പെടുത്തിയത്. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട അഖിലേഷ് മാര്‍ച്ച് 22 മുതല്‍ ജയിലിലാണെന്ന് അഭിഭാഷകന്‍ വാദിച്ചു.
ജാമ്യാപേക്ഷയെ എതിര്‍ത്ത സര്‍ക്കാര്‍ അഭിഭാഷകന്‍ റിയാസ് മൗലവി കൊല്ലപ്പെട്ട സ്ഥലം വര്‍ഗീയ സംഘര്‍ഷസാധ്യതയുള്ള പ്രദേശമാണെന്നും ഇരു മതവിഭാഗങ്ങളും തമ്മില്‍ നിരന്തരമായി സംഘര്‍ഷമുണ്ടാവുന്നുവെന്നും ചൂണ്ടിക്കാട്ടി. മൗലവി കൊല്ലപ്പെട്ടതിനു ശേഷം പ്രദേശത്തിന് മൂന്നു കിലോമീറ്റര്‍ പരിധിയില്‍ മാത്രം മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചുവെന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പു പ്രകാരം നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റിയാസ് മൗലവിയോട് യാതൊരുവിധ ശത്രുതയുമില്ലാത്ത പ്രതികള്‍ മുസ്‌ലീംകളില്‍ ഭീതി വളര്‍ത്തണമെന്ന ലക്ഷ്യത്തോടെയാണ് പള്ളിയില്‍ കയറി കൊല നടത്തിയത്. പ്രതിക്കു ജാമ്യം ലഭിച്ചാല്‍ ദൃക്‌സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. പ്രതികള്‍ പുറത്തിറങ്ങുന്നത് സംഘര്‍ഷത്തിനും കാരണമാവും. കേസില്‍ യുഎപിഎ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സിംഗിള്‍ ബെഞ്ച് വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. ഹരജിയില്‍ ഒമ്പതിന് വിധി പറയും.
ഈ മാസം രണ്ടാം വാരം കേസില്‍ വിചാരണ തുടങ്ങാമെന്നാണ് വിചാരണക്കോടതി കണക്കുകൂട്ടുന്നത്. ഈ പശ്ചാത്തലത്തില്‍ ജാമ്യം അനുവദിക്കരുതെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss