|    Oct 19 Fri, 2018 6:53 pm
FLASH NEWS

റിയാസ് മൗലവി വധം; പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തണമെന്നാവശ്യപ്പെട്ട് ലീഗ് പ്രക്ഷോഭത്തിന്

Published : 23rd September 2017 | Posted By: fsq

 

കാസര്‍കോട്: ചൂരി ഇസ്സത്തുല്‍ ഇസ്്‌ലാം മദ്‌റസ അധ്യാപകന്‍ കുടകിലെ റിയാസ് മൗലവിയെ പള്ളിയിലെ കിടപ്പുമുറിയില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നാവശ്യപ്പെട്ട് മുസ്്‌ലിംലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. ആദ്യപടിയായി ഇന്ന് വൈകിട്ട് നാലിന് കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ ലീഗ് അനുകൂല അഭിഭാഷകരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. നിയമപരമായി കേസില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തുന്നതിനെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ജനതാദള്‍, ആര്‍എസ്പി തുടങ്ങിയ കക്ഷികളെ സഹകരിപ്പിച്ച് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സായാഹ്ന ധര്‍ണ നടത്താനും ലീഗ് ശ്രമം ആരംഭിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ കേസില്‍ കക്ഷി ചേര്‍ന്ന് പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ നടപടി സ്വീകരിക്കുമെന്ന് മുസ്്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ തേജസിനോട് പറഞ്ഞു. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്ന് ആവശ്യപ്പെടും. നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ മുഹമ്മദ് സിനാന്‍ വധക്കേസില്‍ പ്രതികളെ വെറുതെവിടാനായ സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ ഇനിയുണ്ടാകരുതന്ന് മുന്‍കൂട്ടികണ്ടാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് സിനാന്‍ വധക്കേസില്‍ പ്രതികളെ വെറുതെവിട്ടയക്കാന്‍ കാരണമായത്. ജഡ്ജി വിധിന്യായത്തില്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. കാസര്‍കോട്ടെ സാമൂദായിക കൊലപാതക കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാനും ശാശ്വത സമാധാനം എന്ന സ്വപ്‌നം തകരുകയും ചെയ്യുകയാണ്. അടുത്തുതന്നെ വിചാരണ ആരംഭിക്കുന്ന മുഹമ്മദ് സാബിത്, സൈനുല്‍ ആബിദീന്‍ കേസുകളിലും ഇത്തരം സ്ഥിതി ആവര്‍ത്തിക്കാതിരിക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഇരകള്‍ക്ക് നീതി ലഭിക്കണം. അതിന് ഏതറ്റംവരെയുള്ള പോരാട്ടത്തിനും പാര്‍ട്ടി സജ്ജമാണെന്നും കാസര്‍കോടിന്റെ സമാധാന പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി മുന്‍പന്തിയിലുണ്ടാവുമെന്നും ഖമറുദ്ദീന്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 21ന് പുലര്‍ച്ചെയാണ് ചൂരി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിലെ താമസസ്ഥലത്ത് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊന്നത്. ഈ കേസില്‍ മൂന്ന് പ്രതികള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം അടുത്തമാസം 17ന് വായിച്ചുകേള്‍പ്പിക്കും. 90 ദിവസത്തിന് മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നില്ല.വിവിധ സംഘടനകളും ഈ കേസില്‍ യുഎപിഎ ചുമത്തണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനിറങ്ങുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss