|    Oct 20 Sat, 2018 5:53 am
FLASH NEWS

റിയാസ് മൗലവി വധം: കുറ്റപത്രം ഒക്ടോബര്‍ 17ന് വായിച്ചുകേള്‍പ്പിക്കും

Published : 20th September 2017 | Posted By: fsq

 

കാസര്‍കോട്്: ചൂരി ഇസ്സത്തുല്‍ ഇസ്്‌ലാം മദ്‌റസ അധ്യാപകനും പള്ളി മുഅദ്ദിനുമായ കുടക് എരുമാടിലെ റിയാസ് മൗലവി(32)യെ കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതികള്‍ക്കുള്ള കുറ്റപത്രം ഒക്ടോബര്‍ 17ന് വായിച്ചുകേള്‍പ്പിക്കാന്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. തിങ്കളാഴ്ച പ്രതികളുടെ റിമാന്റ് കാലാവധി നീട്ടാന്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കുറ്റപത്രം വായിച്ചുകേള്‍പ്പിക്കാന്‍ കോടതി തീരുമാനിച്ചത്. കഴിഞ്ഞ മാര്‍ച്ച് 21ന് പുലര്‍ച്ചെയാണ് മൗലവിയെ പള്ളിയിലെ താമസമുറിയില്‍ കയറി കഴുത്തറുത്ത് കൊന്നത്. സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ കേളുഗുഡ്ഡെയിലെ അപ്പു എന്ന അജേഷ്(20), നിഥിന്‍ റാവു(19), അഖിലേഷ്(25) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസില്‍ അന്വേഷണം നടത്തി 90 ദിവസത്തിന് മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നില്ല. കേസില്‍ കസ്റ്റഡി വിചാരണ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നാംപ്രതി കൂഡ്‌ലുവിലെ ഒരു സ്‌കൂളില്‍ ബിജെപിയുടെ ബൂത്ത് ഏജന്റായിരുന്നു. ഇയാളും മുസ്്‌ലിംകളും തമ്മില്‍ ചില വാക്ക് തര്‍ക്കമുണ്ടായി. ഈ തര്‍ക്കത്തില്‍ നിന്നും ഉടലെടുത്ത വിരോധത്തില്‍ നിന്നാണ് മുസ്്‌ലിംകളെ കൊല്ലണമെന്ന് തീരുമാനിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കടുത്ത മുസ്്‌ലിം വിരോധം മനസ്സിലുണ്ടായതിനാല്‍ നാല് കിലോമീറ്ററോളം മാരകായുധങ്ങളുമായി നടന്നുപോയാണ് പള്ളിയിലെ മുറിയില്‍ കയറി മുഅദ്ദിനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കലാപം ഇളക്കിവിടാനായിരുന്നു പ്രതികളുടെ ശ്രമമെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കാസര്‍കോട്ട് ഏറെ പ്രമാദമായ ഈ കേസില്‍ യുഎപിഎ ചുമത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സിനാന്‍ വധക്കേസില്‍ പ്രതികളെ വെറുതെ വിട്ട സാഹചര്യത്തില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്ന് നിയമവൃത്തങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി കോഴിക്കോട് നിന്നുള്ള അഡ്വ. കെ അശോകനെ നിയോഗിച്ചിരുന്നു. അഡ്വ. സി ഷുക്കൂര്‍ ഇദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സിനാന്‍ വധക്കേസില്‍ പോലിസ് അന്വേഷണത്തിലെ വീഴ്ചയാണ് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമായതെന്ന് കോടതി കഴിഞ്ഞ ദിവസം വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സിനാന്‍ വധക്കേസ് അന്വേഷിച്ചത് അന്നത്തെ കുമ്പള സിഐയായിരുന്ന ഇപ്പോഴത്തെ ഹൊസ്ദുര്‍ഗ് ഡിവൈഎസ്പി കെ ദാമോദരനായിരുന്നു.അന്നത്തെ കാസര്‍കോട് എസ്‌ഐക്കും കോടതിയുടെ വിമര്‍ശനമുണ്ട്. ഈ സാഹചര്യത്തില്‍ യുഎപിഎ ചുമത്തി റിയാസ് മൗലവി വധം വിചാരണ ചെയ്യണമെന്നാണ് ആവശ്യം. കേസില്‍ ഗൂഢാലോചന നടന്നതായി പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മതത്തിന്റെ പേരില്‍ നിരപരാധിയായ മൗലവിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുഎപിഎ ചുമത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss