|    Apr 25 Wed, 2018 6:41 am
FLASH NEWS

റിയാലിറ്റി ഷോ

Published : 6th March 2016 | Posted By: sdq

കഥ

VeraWangPerfume

  • ജോസ്‌കുമാര്‍

ചേട്ടന്‍ ഡൈ ചെയ്‌തേ പറ്റൂവെന്ന് ഭര്‍ത്താവിനോടു ഭാര്യ കാര്‍ക്കശ്യം പിടിച്ചത് വിവാഹസുദിനം കഴിഞ്ഞ് ആറുമാസം തികഞ്ഞ കരിദിനത്തിലായിരുന്നു. ഭര്‍ത്താവ് വിനുവിന്റെ തിരിച്ചടി ഉടനുണ്ടായി.
‘നീ ഫേഷ്യലു ചെയ്യണം’.
വിനുവിന്റെ ആവശ്യം കേട്ടതും ഭാര്യയായ അനുവിന്റെ മുഖം തിളങ്ങി. ഏറക്കുറേ നവദമ്പതികളും തദ്വാരാ സന്തുഷ്ടരുമായിരുന്ന ഇവരെ മല്‍സരാര്‍ഥി ജോടികളാക്കാന്‍ ഒരു ചാനല്‍ തിരഞ്ഞെടുത്തതോടെയാണ് കുടുംബാന്തരീക്ഷത്തില്‍ സൗന്ദര്യവര്‍ധക പരീക്ഷണങ്ങള്‍ പിച്ചവച്ചു തുടങ്ങിയത്. ഫഌറ്റുമുതല്‍ വില്ലവരെ വിജയികള്‍ക്കു സമ്മാനിക്കുന്ന ഷോയില്‍ കൊട്ടാര-കുടില്‍വാസി ഭേദമില്ലാതെ പുതുദമ്പതികള്‍ മാറ്റുരയ്ക്കുന്നു. സ്വന്തം മാറ്റത്ര പോരെന്ന ആത്മവിമര്‍ശനത്തില്‍ നിന്നാണ് അനുവും വിനുവും മാറ്റത്തിനു ശ്രമിക്കുന്നത്.
ചാനലില്‍ നിന്നുള്ള ആദ്യവിളി എത്തിയയുടന്‍ അനു ഡൈ ആവശ്യമുയര്‍ത്തിയിരുന്നു.
‘അതിനെന്റെ മുടി നരച്ചിട്ടില്ലല്ലോ…’ വിനു സമ്മതിച്ചില്ല.
എന്നാലുമൊരു മുന്‍കരുതല്‍ എന്ന മട്ടില്‍ പറഞ്ഞതിങ്ങനെ. ‘സൂക്ഷിച്ചുനോക്കിയാല്‍ ഇടയ്ക്ക് മൂന്നാലെണ്ണം നരച്ചതുകാണാം. കാമറേം ലൈറ്റുമൊക്കെ ആവുമ്പം നമ്മളെത്രത്തോളം ഒളിക്കുന്നോ അത്രത്തോളം വിളിച്ചുപറയും… അതോണ്ടാ ഞാമ്പറഞ്ഞത്’.
ചാനലുകാരു വിളിച്ച സന്തോഷത്തില്‍ അനു മാതാവിനെ വിളിച്ചു.
‘അമ്മേ, എന്നേം ചേട്ടനേം ടീവീലെ പരിപാടിക്കെടുത്തു. നാളെ രാവിലെയാ ഷൂട്ടിങ്. ഇന്നുതന്നെ എല്ലാരോടും പറയണം.’
‘സമ്മാനമൊന്നും കിട്ടീല്ലെങ്കിലും അതിലൊക്കെ കാണിക്കുന്നതുതന്നെ ഭാഗ്യമാണു മോളെ.’ അമ്മ അഭിനന്ദിച്ചു. ‘എന്നേം നിന്റച്ഛനേം കൂടെ എങ്ങനേങ്കിലും അവരെ കൊണ്ടു കാണിപ്പിക്കണം. അച്ഛനെ ഇനി എത്രനാള്‍ കാണിക്കാന്‍ കിട്ടുമെന്നറിഞ്ഞുകൂടാ അത്രയ്ക്കവശതയാ’.
വളരെ പ്രയാസപ്പെട്ടാണ് അനു ഫോണ്‍ കട്ടുചെയ്തതെങ്കിലും ദമ്പതിമിത്രം ഷോയില്‍ അനുവും വിനുവും വരുന്ന വിവരം നാടെങ്ങും പ്രചരിച്ചു. ഇരുട്ടു വീഴുംമുമ്പ് അനു ബ്യൂട്ടി പാര്‍ലറിലേക്കു പോയി, ഇരുട്ടുവീണു കഴിഞ്ഞ് വിനു ഡൈ വാങ്ങാനും.
അന്നുരാത്രി 10 മണിയോടെ ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍പക്കക്കാര്‍ പൊള്ളി വീര്‍ത്ത മുഖവുമായി പിടഞ്ഞ അനുവിനെയും മാന്തിപ്പൊളിച്ച തലയുമായി ഉരുണ്ട വിനുവിനെയും മുന്തിയ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇരുവര്‍ക്കും സര്‍വാംഗം അലര്‍ജി.
ചാനലില്‍ ഒരുവിധം കാണിക്കാമായിരുന്ന മുഖം പോയല്ലോയെന്ന ആധി ഇരുവരുടെയും മനോനില അവതാളത്തിലാക്കി. ഒരാഴ്ച ആശുപത്രിയില്‍ കിടന്ന് മനോനില മെച്ചപ്പെടുത്തിയെങ്കിലും മുഖനില പൂരി പരുവത്തില്‍ നിന്നു. സാമ്പത്തിക നിലയാവട്ടെ പുതിയ താഴ്ചകള്‍ കണ്ടു.
‘തൊണ്ണൂറല്ല നൂറ്റിപ്പത്തു വയസ്സായാലും ഇവിടെ അഡ്മിറ്റ് ചെയ്താല്‍ മൂന്നുനേരം സ്‌കാനിങ്, ബ്ലഡ് ടെസ്റ്റ് ഒക്കെ നോക്കും. ഐസിയുവിന്റെ വാടക മാത്രമാ ഡെയ്‌ലി 30,000. മരുന്നിനും കണ്‍സള്‍ട്ടന്‍സിക്കുമൊക്കെ വേറെ ചാര്‍ജ് വരും. മരിച്ചശേഷം ഇവിടെ കൊണ്ടുവരുന്നതാ ലാഭം. ഫ്രീസറില്‍ വയ്ക്കാന്‍ മൂവായിരമേ റെന്റുള്ളൂ. ഇവിടെ കിടന്ന് മരിച്ചൂന്നു പറയുന്ന അതേ സ്റ്റാറ്റസും കിട്ടും.”സര്‍ക്കാരാശുപത്രിയിലേക്കു മാറാന്‍ ഇവര്‍ നിര്‍ബന്ധിതരായതിന്റെ തലേ രാത്രി സ്വകാര്യ ആശുപത്രിയിലെ ഒരു നഴ്‌സ് അവരുടെ ഒരു ബന്ധുവിനോട് പറഞ്ഞത്രേ.
സര്‍ക്കാര്‍ ആശുപത്രിയില്‍ ക്യൂവില്‍ കേറാന്‍ തന്നെ ക്യൂവാണ്. എന്നിട്ടും നിന്നു അനു-വിനു ദമ്പതിമാര്‍. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ക്യൂവില്‍ കശപിശ. നുഴഞ്ഞുകയറ്റമാണു പ്രശ്‌നം. അനുവിനെ ആരോ തള്ളി മാറ്റുന്നു. വിനു സഹായിക്കാനോടി.
ബഹളം മൂത്തു, ആരോ വിളിച്ചതനുസരിച്ച് ചാനലുകാരുമെത്തി.
10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഒരു പഴയ ചങ്ങാതിയുടെ ഫോണ്‍. ‘നിന്നേം ഭാര്യേം ദേ ടീവീല്‍ കാണിക്കുന്നു, ലൈവ്. ആശുപത്രീല്‍ അടിയുണ്ടാക്കീന്ന്. വേറേതോ ചാനലിലെ റിയാലിറ്റി ഷോയില്‍ നിങ്ങളു വരുമെന്ന് ആരോ പറഞ്ഞിരുന്നു. സൂക്ഷിച്ചു നോക്കിയാലേ നിന്നേം ഭാര്യേം തിരിച്ചറിയാമ്പറ്റൂ… മുഖത്തിനാകെ ഒരു മാറ്റം’.
കുത്തിവിളിച്ച് കുത്തുവാക്കു പറഞ്ഞവന്റെ ഫോണ്‍ കട്ടാക്കി വിനു സ്വിച്ചോഫ് ചെയ്തു. കാമറകള്‍ ഇല്ലാത്ത ഏതെങ്കിലും നാട്ടില്‍പോയി ജീവിക്കാമെന്ന ആഗ്രഹം അനുവുമായി പങ്കുവച്ചു.
‘കാട്ടിനുള്ളിലും മൂത്രപ്പുരകളിലും വരെ കാമറകള്‍ സ്ഥാപിച്ചിരിക്കുമ്പം അങ്ങനെയൊരു സ്ഥലം എവിടെക്കിട്ടാനാ’.
അനുവിനു സംശയം.
‘കാമറയുള്ളതില്‍ കുഴപ്പമില്ല, പക്ഷേ, അത് ഫോട്ടോ പതിയാത്തതായിരിക്കണമെന്നേയുള്ളു’.
സ്വന്തം മുഖവൈകൃതം തടവി വിനു പറഞ്ഞു. പെട്ടെന്നാണ് അനുവില്‍ ഇങ്ങനെയൊരാശയം മുളപൊട്ടിയത്. രണ്ടാഴ്ചത്തെ ഒളിജീവിതത്തിനിടെ സമയംപോക്കാന്‍ വായിച്ച പത്രവാര്‍ത്തകളായിരുന്നു മുളപൊട്ടലിലെ ഊര്‍ജം.
‘തെളിയാത്ത കാമറകളുള്ള ഒളിസ്ഥലത്തിനു നമ്മുടെ മന്ത്രിമാരുടെ ഓഫിസുകളേയുള്ളൂ.’ ഇതായിരുന്നു അനുവിന്റെ കണ്ടെത്തല്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss