|    Oct 17 Tue, 2017 11:41 am
Home   >  Todays Paper  >  page 9  >  

റിയാദ്: പ്രമുഖ കമ്പനികളില്‍ 1000ത്തിലേറെ ഇന്ത്യന്‍ തൊഴിലാളികള്‍ ദുരിതത്തില്‍; മാസങ്ങളായി ശമ്പളവും ഭക്ഷണവുമില്ല

Published : 19th October 2016 | Posted By: SMR

റിയാദ്: റിയാദ് കേന്ദ്രമായ രണ്ടു പ്രമുഖ കമ്പനികളിലെ 1000ല്‍ അധികം ഇന്ത്യന്‍ തൊഴിലാളികള്‍ മാസങ്ങളായി ശമ്പളമോ ഭക്ഷണമോ ഇല്ലാതെ വലയുന്നു. നിര്‍മാണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ മലാസിലും മറ്റുമുള്ള ക്യാംപുകളിലായി 700ല്‍ അധികം തൊഴിലാളികളാണുള്ളത്. മറ്റൊരു കമ്പനിയുടെ എക്‌സിറ്റ് 18ലുള്ള ലേബര്‍ ക്യാംപില്‍ 300 തൊഴിലാളികള്‍ 10 മാസമായി ശമ്പളം ലഭിക്കാതെ ഭക്ഷണത്തിനു പോലും വകയില്ലാതെ വിഷമിക്കുന്നു. എക്‌സിറ്റ് 18ലെ ലേബര്‍ ക്യാംപിലെ തൊഴിലാളികളില്‍ 70 ശതമാനവും ഇന്ത്യക്കാരാണ്. നേപ്പാള്‍, പാകിസ്താന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് പൗരന്‍മാരാണു മറ്റുള്ളവര്‍. ക്യാംപിലെ മൂന്നു കെട്ടിടങ്ങളില്‍ സ്ഥലമില്ലാത്തതിനാല്‍ 30 പേര്‍ ടെറസിനു മുകളിലാണു കഴിയുന്നത്. ഏതാനും മാസം മുമ്പ് കമ്പനി നല്‍കിയ 200 റിയാല്‍ ഉപയോഗിച്ചു വാങ്ങിയ ഭക്ഷണവസ്തുക്കളുമായാണു കഴിഞ്ഞത്. അതു തീര്‍ന്നതോടെ തൊഴിലാളികളില്‍ ഭൂരിഭാഗവും പട്ടിണിയില്‍ കഴിയുകയാണ്.
ഫിലിപ്പീന്‍സ് എംബസിയുടെ നേതൃത്വത്തില്‍ ഫിലിപ്പീനോ തൊഴിലാളികള്‍ക്കു ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം ക്യാംപ് സന്ദര്‍ശിച്ച ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ വിഭാഗം പ്രവര്‍ത്തകര്‍ ഭക്ഷണവസ്തുക്കള്‍ എത്തിച്ചു നല്‍കിയിരുന്നു. വരുംദിവസങ്ങളില്‍ പ്രവാസി സമൂഹത്തിന്റെ പിന്തുണയോടെ ഭക്ഷണവും മറ്റു സഹായവും എത്തിക്കാനുള്ള ശ്രമം നടന്നുവരുന്നതായി വെല്‍ഫെയര്‍ കോ-ഓഡിനേറ്റര്‍ മുനീബ് പാഴൂര്‍ അറിയിച്ചു. ഭൂരിഭാഗം പേര്‍ക്കും ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ ചികില്‍സയും ലഭിക്കുന്നില്ല. ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍ ഉണ്ടായെങ്കില്‍ മാത്രമേ തൊഴിലാളികളുടെ പ്രശ്‌നത്തില്‍ പരിഹാരം കണ്ടെത്താനാവൂ. തൊഴിലാളികളുടെ പരാതി ലഭിക്കുന്ന പക്ഷം ആവശ്യമായ നടപടി സ്വീകരിക്കാമെന്നാണ് എംബസിയുടെ നിലപാട്. എംബസിക്കും തൊഴില്‍ കാര്യാലയത്തിനും പരാതി നല്‍കുമെന്നും 10 മാസത്തിലധികമായി ശമ്പളം ലഭിക്കാതെ കഷ്ടപ്പെടുകയാണെന്നും തൊഴിലാളികള്‍ പറയുന്നു.
1000ല്‍ അധികം തൊഴിലാളികളുള്ള പ്രമുഖ കമ്പനിയിലെ 700 ഓളം ഇന്ത്യന്‍ തൊഴിലാളികള്‍ വിവിധ ക്യാംപുകളിലാണ്. നിയമനടപടികളുമായി മുന്നോട്ടുപോവുന്നതിന് ഇതു പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പരാതിനല്‍കിയാല്‍ ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ടേക്കുമെന്നും മിക്കവരും ഭയക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക