|    Dec 17 Sun, 2017 7:27 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

റിയാദില്‍ 72 ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് 13 മാസമായി ശമ്പളമില്ല

Published : 7th September 2016 | Posted By: SMR

റിയാദ്: സര്‍ക്കാര്‍ മേഖലയില്‍ സാങ്കേതിക അറ്റകുറ്റപ്പണി നടത്തിവന്ന പ്രമുഖ കമ്പനിയിലെ 40 മലയാളികള്‍ ഉള്‍പ്പെടെ 72 ഇന്ത്യന്‍ തൊഴിലാളികള്‍ ഇന്ത്യന്‍ എംബസിയുടെയും സൗദി തൊഴില്‍ മന്ത്രാലയത്തിന്റെയും അടിയന്തര ഇടപെടല്‍ തേടുന്നു.
റിയാദ് എക്‌സിറ്റ് എട്ടില്‍ പ്രവര്‍ത്തിക്കുന്ന ദുബയ് ലൈസന്‍സുള്ള പ്രമുഖ കമ്പനിയിലെ സാങ്കേതികവിഭാഗം തൊഴിലാളികളാണ് 13 മാസമായി ശമ്പളം ലഭിക്കാതെ കഷ്ടപ്പെടുന്നത്. കേരളം, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, ഒറീസ, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവര്‍. കമ്പനിയുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. പ്രതിസന്ധിയിലായതോടെ മാനേജ്‌മെന്റ് പ്രതിനിധികളാരും ഇപ്പോള്‍ വരാറില്ലെന്നു തൊഴിലാളികള്‍ പറയുന്നു. കുടിശ്ശിക ബില്ല് അടയ്ക്കാത്തതിനാല്‍ താമസകേന്ദ്രത്തില്‍ വൈദ്യുതി, ജലം എന്നിവയുടെ വിതരണവും മുടങ്ങി. കഠിനമായ ചൂടില്‍ ഭക്ഷണത്തിനുപോലും വകയില്ലാതെ വിഷമിക്കുകയാണു തൊഴിലാളികള്‍. സ്വദേശി പൗരന്റെ വാടകക്കെട്ടിടത്തിലാണു താമസം. വാടക നല്‍കാത്തതിനാല്‍  തൊഴിലാളികളെ ഇറക്കിവിടാന്‍ ശ്രമിച്ച കെട്ടിടമുടമ ഇവരുടെ ദുരിതം കണ്ടാണ് പിന്‍മാറിയത്. ഭൂരിഭാഗം പേരുടെയും താമസരേഖ കാലാവധി കഴിഞ്ഞതിനാല്‍ ജോലി തേടി പുറത്തിറങ്ങാന്‍ പറ്റുന്നില്ല. നാട്ടിലേക്കു മടങ്ങാന്‍ കഴിയാത്തതിനാല്‍ നിശ്ചയിച്ച വിവാഹം മുടങ്ങിയവരും അമ്മയുടെ മൃതദേഹം പോലും കാണാനാവാതെ വിഷമിക്കുന്നവരും കൂട്ടത്തിലുണ്ട്.
ഒരു വര്‍ഷത്തിലധികമായി പണം അയക്കാന്‍ കഴിയാത്തതിനാല്‍ തങ്ങളെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കുടുംബവും പട്ടിണിയിലാണെന്നു തൊഴിലാളികള്‍ പറയുന്നു. ശമ്പളം മുടങ്ങിയതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ബോധിപ്പിച്ച് ഇന്ത്യന്‍ എംബസിയില്‍ പരാതിനല്‍കിയിരുന്നു.
എംബസി അനുമതിപത്രത്തോടെ പിഎംഎഫ് ഭാരവാഹി കമ്പനി മാനേജ്‌മെന്റുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായി മറുപടി നല്‍കാതെ അവര്‍ ഒഴിഞ്ഞുമാറി. ഇന്ത്യന്‍ എംബസിയും വിദേശകാര്യ മന്ത്രാലയവും സൗദി ഉന്നത നേതൃത്വവുമായി ബന്ധപ്പെട്ടെങ്കില്‍ മാത്രമേ പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിനായി വരുംദിവസങ്ങളില്‍ സൗദി ഉന്നത അധികൃതരെ സമീപിക്കുമെന്നു തൊഴിലാളികള്‍ തേജസിനോട് പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിനും ഇന്ത്യന്‍ എംബസിക്കും മുഖ്യമന്ത്രിമാര്‍ക്കും ദുരിതം വിശദീകരിച്ച് പരാതിനല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss