|    Oct 22 Mon, 2018 10:52 am
FLASH NEWS

റിയല്‍ എസ്റ്റേറ്റ് മാഫിയക്കെതിരെ കിടപ്പാട മാര്‍ച്ച്

Published : 31st October 2017 | Posted By: fsq

 

കൊച്ചി: കടത്തില്‍ വീണവരുടെ വസ്തു ചുളുവിലയ്ക്ക് തട്ടിയെടുക്കുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയ സംഘത്തിനെതിരേ സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനവും മാനാത്തുപാടം പാര്‍പിട സംരക്ഷണസമിതിയും കിടപ്പാടമാര്‍ച്ച് നടത്തി. പാനായിക്കുളം ജങ്ഷനില്‍ നിന്നാരംഭിച്ച് റിയല്‍ എസ്റ്റേറ്റ് മാഫിയാ സംഘങ്ങളുടെ കേന്ദ്രമായ കൊടുവഴങ്ങയിലേക്ക് നടത്തിയ മാര്‍ച്ച് പുതുവൈപ്പ് ഐഒസി സമരനേതാവ് മാഗ്ലിന്‍ ഫിലോമിന ഉദ്ഘാടനം ചെയ്തു. സുഹൃത്തിന് രണ്ടുലക്ഷംരൂപ വായ്പയെടുക്കാന്‍ ഈടുനല്‍കിയ ഇടപ്പള്ളി മാനാത്തുപാടത്തെ ഡ്രൈവര്‍ ഷാജിയുടെ രണ്ടരകോടി വിലവരുന്ന കിടപ്പാടം ആലുവ എച്ച്ഡിഎഫ്‌സി ബാങ്ക് രണ്ടുകോടിമുപ്പതുലക്ഷംരൂപ കുടിശ്ശിഖയായെന്ന് അവകാശപ്പെട്ട് ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിലെ റിക്കവറി ഓഫിസര്‍ മുഖാന്തിരം മുപ്പത്തിയെട്ട് ലക്ഷംരൂപയ്ക്ക് റിയല്‍എസ്റ്റേറ്റ് കച്ചവടസംഘത്തിന് ഓണ്‍ലൈന്‍ ലേലത്തില്‍ വില്‍ക്കുകയായിരുന്നു. കടത്തില്‍ വീണവരുടെ വസ്തു ചുളുവിലയ്ക്ക് ലേലം ചെയ്യാന്‍ കോഴവാങ്ങിയതിന് അറസ്റ്റിലായ എം രംഗനാഥെന്ന റിക്കവറി ഓഫിസറാണ് ഈ ലേലം നടത്തിയിട്ടുള്ളത്. ഡിആര്‍ടി കേന്ദ്രീകരിച്ച് വസ്തുകച്ചവടം നടത്താന്‍ വന്‍ റിയല്‍ എസ്റ്റേറ്റ് സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വ്യാപകമായ പരാതി വളരെക്കാലമായി ഉയര്‍ന്ന് വന്നിട്ടും അധികാരസ്ഥാനങ്ങളില്‍ നിന്നും ഒരു നടപടിയുമുണ്ടാകുന്നില്ല. കൊടുവഴങ്ങയിലെ കെട്ടിടപണിക്കാരനായ രതീഷ് നാരായണനെന്ന ആളെ മുന്നില്‍ നിര്‍ത്തിയാണ് വിവാദലേലം നടത്തിയിട്ടുള്ളത്. ബാങ്കിങ് മൂലധനശക്തികള്‍ക്കു വേണ്ടി നവലിബറല്‍ അജണ്ടയുടെ ഭാഗമായി നിര്‍മിക്കപ്പെടുന്ന സര്‍ഫാസി അടക്കമുള്ള നിയമങ്ങള്‍ അതിസമ്പന്നരായ കോര്‍പറേറ്റുകളെ സംരക്ഷിക്കുന്നതിനും കടങ്ങള്‍ എഴുതിത്തള്ളുന്നതിനും ഉപയോഗപ്പെടുത്തുമ്പോള്‍ നിസ്വരും നിസ്സഹായരുമായ നിര്‍ധനരായ ജനങ്ങളുടെ ഉടുതുണിവരെ പറിച്ചെടുത്ത് തെരുവിലെറിയുന്നതിനെ ചെറുത്തുതോല്‍പിക്കണമെന്ന് മാഗ്ലിന്‍ ഫിലോമിന പറഞ്ഞു. കൊടുവഴങ്ങയില്‍ പൊതുസമ്മേളനം സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം ജനറല്‍ കണ്‍വീനര്‍ വി സി ജെന്നി അധ്യക്ഷത വഹിച്ചു. കിടപ്പാട മാര്‍ച്ചിന് അഭിവാദ്യമര്‍പിച്ച് ഡോ. പി ജി ഹരി, സി എസ് മുരളി(കെഡിഎംഎസ്), പുരുഷന്‍ ഏലൂര്‍(പരിസ്ഥിതി ഏകോപനസമിതി), ഹാഷിം ചേന്ദംമ്പിള്ളി, വി എം ഫൈസല്‍(എസ്ഡിപി ഐ), കെ എച്ച് സദഖത്ത്(വെല്‍ഫെയര്‍ പാര്‍ട്ടി), ഷിഹാബ് ചേലക്കുളം(പിഡിപി), രാജു സേവ്യര്‍(മലയോര കര്‍ഷകസംഘം), എന്‍ പി അയ്യപ്പന്‍കുട്ടി(ദലിത് ഭൂഅവകാശ സമരമുന്നണി), പി കെ വിജയന്‍(ദൃശ്യതാളം), ബിന്ദു സുനില്‍, ജയകുമാര്‍ കുട്ടനാട്, ഏലൂര്‍ ഗോപിനാഥ്(പരിസ്ഥിതി സെല്‍), ലിനറ്റ് ജയിന്‍, സതീഷ് ഭാസ്‌കരന്‍, ജോയ് പവേല്‍(ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം), പി ജെ മാനുവല്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss