|    Jun 20 Wed, 2018 2:00 am
Home   >  Todays Paper  >  Page 4  >  

റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊല : പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ്;അന്വേഷണത്തിന് പ്രത്യേക സംഘം

Published : 2nd October 2017 | Posted By: fsq

 

ചാലക്കുടി: പരിയാരം തവളപ്പാറയില്‍ അങ്കമാലി സ്വദേശിയുടെ കൊലപാതകക്കേസില്‍ ഒളിവിലായ പ്രതികള്‍ക്കു വേണ്ടി പോലിസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അങ്കമാലി സ്വദേശികളായ ചക്കര ജോണി, രഞ്ജിത്ത് എന്നിവര്‍ക്കായുള്ള ലുക്ക്ഔട്ട് നോട്ടീസാണ് പുറപ്പെടുവിച്ചത്. കേസില്‍ മുരിങ്ങൂര്‍ സ്വദേശി രാജന്‍, ആറ്റപ്പാടം സ്വദേശി ഷൈജു, പരുമ്പി സ്വദേശി സത്യന്‍, ചാലക്കുടി സ്വദേശി സുനില്‍ എന്നിവരെ കഴിഞ്ഞദിവസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ആരോപണ വിധേയനായ എറണാകുളത്തെ ഒരു അഭിഭാഷകന്റെ പങ്കും പോലിസ് അന്വേഷിക്കുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ഷംസുദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.  ചാലക്കുടി മജിസ്‌ട്രേറ്റ് അവധിയായതിനാല്‍ പിടിയിലായ പ്രതികളെ കുന്ദംകുളം മജിസ്‌ട്രേറ്റിന് മുന്നിലാണു ഞായറാഴ്ച ഹാജരാക്കിയത്. അങ്കമാലി നായത്തോട് സ്വദേശി വീരംപറമ്പില്‍ അപ്പുവിന്റെ മകന്‍ രാജീവ് (46) ആണ് കൊല്ലപ്പെട്ടത്. പരിയാരം തവളപ്പാറയില്‍ പാട്ടത്തിനു സ്ഥലമെടുത്തു കൃഷി നടത്തുകയായിരുന്നു മരിച്ച രാജീവ്. ഈ തോട്ടത്തിനു സമീപത്തെ കെട്ടിടത്തിലാണു രാജീവിനെ മരിച്ചനിലയില്‍ കണ്ടത്. പണം കടം കൊടുത്തതിനുള്ള രേഖകള്‍ കൈവശപ്പെടുത്താനുള്ള ശ്രമമാണു മരണത്തില്‍ കലാശിച്ചതെന്നാണു പ്രാഥമിക നിഗമനം. മരിച്ച രാജീവും ഒളിവില്‍ പോയിട്ടുള്ള പ്രതി ചക്കര ജോണിയും വസ്തു ഇടപാടുകളില്‍ കൂട്ടുകച്ചവടക്കാരായിരുന്നു. പണമിടപാടു സംബന്ധിച്ച തര്‍ക്കത്തില്‍ ഇരുവരും പിരിഞ്ഞു. ജോണി, രാജീവിനെതിരേ അങ്കമാലി പോലിസ് സ്റ്റേഷനില്‍ നിരവധി കള്ളക്കേസുകള്‍ ഉണ്ടാക്കിയതായും പറയുന്നു. കേസ് ആവശ്യത്തിനായാണ് രാജീവ് എറണാകുളത്തെ പ്രമുഖനായ അഭിഭാഷകന്റെ അടുത്തെത്തുന്നത്. പിന്നീട് അഭിഭാഷകന്റെ വസ്തു ഇടപാടുകാരനായി രാജീവ് മാറി. സാമ്പത്തിക ഇടപാടില്‍ കൃത്രിമം നടത്തിയെന്ന പേരില്‍ രാജീവും അഭിഭാഷകനും തെറ്റി. പൊതുശത്രുവായ രാജീവിനെ നേരിടാനായാണ് അഭിഭാഷകനും ചക്കര ജോണിയും ഒന്നിച്ചത്. ഭീഷണിപ്പെടുത്തിയും അല്ലാതെയും രേഖകളില്‍ ഒപ്പിട്ടു നല്‍കാന്‍ പലവട്ടം ആവശ്യപ്പെട്ടെങ്കിലും രാജീവ് തയ്യാറായില്ല. തുടര്‍ന്നു രേഖകള്‍ ശേഖരിക്കാനായി ജോണിയുടെ ബന്ധുവായ കൊരട്ടി സ്വദേശി ഷാജുവിനു ക്വട്ടേഷന്‍ നല്‍കി. കൃത്യം നടന്ന ദിവസം ഷാജുവും സംഘവും രാജീവിന്റെ തോട്ടത്തിലെത്തി. രേഖകള്‍ നല്‍കുന്നതു സംബന്ധിച്ച തര്‍ക്കം വാക്കേറ്റത്തിലും കൈയാങ്കളിയിലുമെത്തി. പിടിവലിക്കിടെ രാജീവ് ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്നാണു സൂചന. കഴിഞ്ഞദിവസം തൊഴിലാളികള്‍ തോട്ടത്തിനു സമീപം രാജീവിന്റെ സ്‌കൂട്ടര്‍ മറിഞ്ഞു കിടക്കുന്നതു കണ്ടു. രാജീവിനെ കണ്ടെത്താനാവാത്തതോടെ മകന്‍ അഖില്‍ പോലിസില്‍ പരാതി നല്‍കി. പരാതിയെ തുടര്‍ന്നു പോലിസ് നടത്തിയ തിരച്ചിലിലാണ് ആളൊഴിഞ്ഞ കെട്ടിടത്തില്‍ മൃതദേഹം കണ്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss