|    Jun 21 Thu, 2018 4:00 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ കൊല്ലപ്പെടുന്നതിനു മുമ്പ് മുഖ്യമന്ത്രിക്ക് എഴുതിയ കത്തിന്റെ കോപ്പി പുറത്ത്‌

Published : 1st October 2017 | Posted By: fsq

 

കൊച്ചി: കഴിഞ്ഞ ദിവസം ക്വട്ടേഷന്‍ സംഘം കൊലപ്പെടുത്തിയ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെടുന്നതിനു മുമ്പായി മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്തിന്റെ കോപ്പി പുറത്ത്. അഭിഭാഷകന്‍ സി പി ഉദയഭാനുവിനെതിരേ ജൂണ്‍ 16ന്  രാജീവ് മുഖ്യമന്ത്രിക്ക് എഴുതിയ കത്തിന്റെ കോപ്പിയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനായ തനിക്ക് സി പി ഉദയഭാനുവുമായി അടുത്ത ബന്ധമാണുള്ളതെന്നും താന്‍ കക്ഷിയായിട്ടുള്ള പല കേസുകളും അദ്ദേഹത്തെ ഏല്‍പ്പിച്ചിട്ടുള്ളതാണെന്നും രാജീവ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.  ആദായനികുതി വെട്ടിക്കുന്നതിനായി റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ നിക്ഷേപിക്കാന്‍ താ ല്‍പര്യമുണ്ടെന്നും അതിനായി പറ്റിയ സ്ഥലങ്ങള്‍ കണ്ടുപിടിച്ചു നല്‍കാന്‍ അദ്ദേഹം തന്നോട് ആവശ്യപ്പെടുകുയും  ഇതിന്റെ അടിസ്ഥാനത്തില്‍ താ ന്‍ കാണിച്ചു നല്‍കിയിട്ടുള്ള വലിയ വിസ്തൃതിയുള്ള ധാരാളം സ്ഥലങ്ങള്‍ വാങ്ങുന്നതിനായി ഇദ്ദേഹം വസ്തുവില്‍പന കരാറില്‍ ഒപ്പുവച്ചിട്ടുണ്ടെന്നും രാജീവ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.  കോളിളക്കം സൃഷ്ടിച്ച പല ക്രിമിനല്‍ കേസുകളിലും സര്‍ക്കാര്‍ ഇദ്ദേഹത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചതിനാല്‍ ഇദ്ദേഹത്തിന്റെ നീക്കങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലായതിനാല്‍ ഇദ്ദേഹവുമായി വസ്തുവ്യാപാരത്തിനുണ്ടാക്കിയ കരാറുകള്‍ അനുസരിച്ച് സമയബന്ധിതമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. വസ്തുവില്‍പന കരാറുകള്‍ അനുസിച്ച്  അദ്ദേഹം പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ കരാറില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റില്‍ ബാക്കിയുള്ള പണം മുടക്കണമെന്ന് തന്നോട് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഏര്‍പ്പെട്ടിട്ടുള്ള വസ്തുവില്‍പന കരാര്‍ അനുസരിച്ച് കോടിക്കണക്കിന് രൂപ ബാക്കി നല്‍കേണ്ടിവരുന്നതിനാല്‍ തനിക്ക് കഴിയില്ലെന്ന് അദ്ദേഹത്തെ അറിയിച്ചതോടെ തന്നോട് വൈരാഗ്യം വച്ചുപുലര്‍ത്തുകയാണെന്നും തനിക്കെതിരേ പല അധികാരികളുടെയും മുന്നില്‍ വ്യാജ പരാതികള്‍ നല്‍കുകയാണെന്നും  കത്തില്‍ പറയുന്നു. ഒരു പോലിസ് ഉദ്യോഗസ്ഥനും തനിക്കെതിരെ നടപടിയെടുക്കില്ലെന്ന് ഇദ്ദേഹം വെല്ലുവിളി നടത്തിയിട്ടുള്ളതാണെന്നും രാജീവ് പരാതിയില്‍ പറയുന്നു. ഉദയഭാനുവിന്റെ സ്വാധീനത്തിന് വഴങ്ങി തന്നെയും കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കി തകര്‍ക്കാനാണ് പോലിസ് ശ്രമിക്കുന്നത്. തന്റെയും കുടുംബത്തിന്റെയും ജീവന്‍ അപകടത്തിലാണെന്നും ഉദയഭാനുവിന്റെ നി ര്‍ദേശപ്രകാരം ചെറുമഠത്തില്‍ ജോണി, പൈനാടത്ത് രഞ്ജിത് എന്നിവര്‍ തന്നെ ഭീഷണിപ്പെടുത്തുകയാണ്. ഉദയഭാനുവിനെതിരായ പരാതി പിന്‍വലിച്ചില്ലെങ്കില്‍  ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും രാജീവ് മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കുന്നു. പോലിസില്‍ പരാതിപ്പെട്ടാല്‍ തനിക്കും കുടുംബത്തിനും നീതി ലഭിക്കില്ലെന്നു മാത്രമല്ല തന്നെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുകയും ചെയ്യും. സത്യസന്ധനായ എതെങ്കിലും പോലിസ് ഉദ്യോഗസ്ഥനെ ഉപയോഗിച്ച് അന്വേഷണം നടത്തിയാല്‍ ഉദയഭാനുവിന്റെ നിയമവിരുദ്ധമായ പ്രവര്‍ത്തികള്‍ പുറത്തുവരും. ഇത്തരത്തിലുള്ള ഏതുവിധ അന്വേഷണത്തോടും സഹകരിക്കാനും ആവശ്യമായ രേഖകളും തെളിവുകളും നല്‍കാന്‍ താന്‍ തയ്യാറാണെന്നും ആവശ്യമായ നടപടി സ്വീകരിച്ച് തന്നെയും കുടുംബത്തെയും രക്ഷിക്കണമെന്നും രാജീവന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss