|    Jan 17 Tue, 2017 8:15 am
FLASH NEWS

റിപ്പര്‍ മോഡല്‍ കൊല: ദുരൂഹത നീക്കാനാവാതെ പോലിസ്; മേരിദാസന്റെ ഭാര്യയുടെ മൊഴി നിര്‍ണായകം

Published : 9th July 2016 | Posted By: SMR

കോവളം: പൂങ്കുളത്തെ കോളിയൂരിലെ റിപ്പര്‍ മോഡല്‍ കൊലപാതകത്തിന്റെ ദുരൂഹതയുടെ ചുരുളഴിയണമെങ്കില്‍ കൊല്ലപ്പെട്ട മേരിദാസന്റെ ഭാര്യ ഷീജ അബോധാവസ്ഥയില്‍ നിന്ന് ഉണരണം. അക്രമികളുടെ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷീജയെ അടിയന്തര ശസ്ത്രക്രിയക്കു വിധേയമാക്കിയിരുന്നു. അതിന് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന ഷീജയുടെ മൊഴിയെടുക്കാന്‍ ഇന്നലെയും പോലിസിനായില്ല. സംഭവദിവസം ഉച്ചയോടെ അബോധാവസ്ഥയില്‍ നിന്നുണര്‍ന്ന വീട്ടമ്മയുടെ മൊഴിയെടുക്കാന്‍ ഡോക്ടറുടെ സഹായത്തോടെ പോലിസ് ശ്രമം നടത്തിയിരുന്നെങ്കിലും വീണ്ടും നില വഷളായതോടെ ശ്രമം ഉപേക്ഷിച്ചു.
ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ കടന്നുകളഞ്ഞ അക്രമികളെ തിരിച്ചറിയാന്‍ ഉതകുന്ന എന്തെങ്കിലും വിവരങ്ങള്‍ ഷീജയില്‍ നിന്നും ലഭിക്കുന്നതോടെ കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് പോലിസ് കരുതുന്നത്. ബോധം വീണ്ടുകിട്ടിയാല്‍ ഏതു സമയവും മൊഴിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പോലിസ്. ഷീജയുടെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണ്. തലച്ചോറിനേറ്റ ഗുരുതരമായ പരിക്കാണ് ഷീജയുടെ ആരോഗ്യനില മോശമാകാന്‍ കാരണം. കഴിഞ്ഞ ദിവസം ഏഴു മണിക്കൂറോളം നീണ്ട അതി സങ്കീര്‍ണ ന്യൂറോ സര്‍ജറി ഷീജയ്ക്ക് നടത്തിയിരുന്നു. ഷീജയുടെ തലയോട്ടി പൊട്ടി തലച്ചോറിനും ഗുരുതരമായി മുറിവേറ്റതിനെ തുടര്‍ന്നാണ് അതി സങ്കീര്‍ണ ശസ്ത്രക്രിയ നടത്തിയത്. മുഖത്തും തലയിലുമായി ഷീജയ്ക്ക് 3 വെട്ടുകളാണ് ഏറ്റത്. ഒരു വെട്ട് മുഖത്തും രണ്ടുവെട്ട് തലയിലുമാണ് ഏറ്റത്. ഇടത് ചെവിക്ക് മുകളിലായി തലയ്‌ക്കേറ്റ വെട്ട് ആഴത്തിലുള്ളതായിരുന്നു. ഈ ഭാഗത്താണ് അടിയന്തര ന്യൂറോ സര്‍ജറി നടത്തിയത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പഴുതടച്ചുള്ള അന്വേഷണത്തിനാണ് അധികൃതര്‍ തുടക്കംകുറിച്ചത്. അന്യസംസ്ഥാന തൊഴിലാളികളും നിരീക്ഷണത്തിലാണ്. സംഭവ ദിവസം തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധിപേരെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരെ വിട്ടയച്ചെങ്കിലും പ്രതികളെന്ന് സംശയിക്കുന്നവരെ ചുറ്റിപറ്റിയുള്ള അന്വേഷണം പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. സിറ്റി പോലിസ് കമ്മിഷണര്‍, ഡിസിപി എന്നിവരുടെ നിയന്ത്രണത്തില്‍ ഫോര്‍ട്ട് എസി സുധാകരപിള്ളയ്ക്കാണ് അന്വേഷണ ചുമതല. ഷാഡോ പോലിസ്, സൈബര്‍ സെല്‍ എന്നിങ്ങനെ 5 വിഭാഗങ്ങളിലായി സിഐമാരുടെ 5 ഗ്രൂപ്പാണ് അനേവേഷിക്കുന്നത്. കൊല്ലപ്പെട്ട പൂങ്കുളം കോളിയൂര്‍ ചാനല്‍ക്കര, ചരുവിള വീട്ടില്‍ മേരിദാസന് ചെറിയ തോതില്‍ സാമ്പത്തിക ഇടപാടുകളുണ്ടെന്നും പറയപ്പെടുന്നു. ഇതിനെ കുറിച്ചും പോലിസ് അന്വേഷിക്കുന്നുണ്ട്. വിഴിഞ്ഞം, കോവളം ഉള്‍പ്പെടെയുള്ള സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളും നിരീക്ഷണത്തിലാണ്. ഇവിടങ്ങളില്‍ തൊഴിലിനായി വന്നിട്ടുള്ളവര്‍ എത്രയെന്ന കണക്ക് പോലിസിനില്ലെങ്കിലും ലേബര്‍ ക്യാംപുകളില്‍ രണ്ട് ദിവസമായി പരിശോധന തുടരുന്നു. അടുത്ത ദിവസങ്ങളില്‍ ആരെങ്കിലും നാട് വിട്ടിട്ടുണ്ടോ എന്ന് ലേബര്‍ ക്യാംപുകള്‍ നടത്തുന്നവരെ കണ്ടാണ് വിവര ശേഖരണം നത്തുന്നത്. തിരുനെല്‍വേലയില്‍ നിന്ന് ഒരു കുടുംബം മേരിദാസന്റെ വീടിന് സമീപം കുറച്ച് കാലം മുമ്പ് താമസിച്ചിരുന്നു.
തസ്‌ക്കര സംഘമെന്ന് നാട്ടുകാര്‍ സംശയിക്കുന്ന ഇവര്‍ കുറച്ചുകാലം മുമ്പ് മാറിപോയെങ്കിലും ഈ സംഘത്തോടൊപ്പം ഉണ്ടായിരുന്ന വീട്ടമ്മ കുറച്ച് ദിവസം മുമ്പ് ഇവിടെ വന്ന് പോയിരുന്നതായും നാട്ടുകാര്‍ പറയുന്നു. ഇതോടെ തിരുനെല്‍വേലിയിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ തീരുമാനമുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് അക്രമികള്‍ സ്ഥലം വിട്ടത്. കേസിന്റെ തുമ്പ് തേടി സിറ്റി പോലിസ് കമ്മിഷണര്‍ സ്പര്‍ജ്ജന്‍ കുമാറും സംഘവും ഇന്നലെയും കൊല നടന്ന സ്ഥലവും പരിസരവും അരിച്ചുപെറുക്കിയെങ്കിലും ലക്ഷ്യം കണ്ടില്ല. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് നിലവില്‍ പോലിസിന്റെ തീരുമാനം.
ഷീജയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
തിരുവനന്തപുരം: വെട്ടേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ന്യൂറോ സര്‍ജറി ഐസിയുവില്‍ കഴിയുന്ന പൂങ്കുളം സ്വദേശിനി ഷീജയുടെ (40) ആരോഗ്യനില ഗുരുതരമായി തന്നെ തുടരുന്നു. വെന്റിലേറ്ററിലുള്ള ഷീജ അബോധാവസ്ഥയിലാണ്.
തലച്ചോറിനേറ്റ ഗുരുതരമായ പരിക്കാണ് ഷീജയുടെ ആരോഗ്യനില മോശമാകാന്‍ കാരണം. കഴിഞ്ഞ ദിവസം ഏഴു മണിക്കൂറോളം നീണ്ട അതി സങ്കീര്‍ണ ന്യൂറോ സര്‍ജറി ഷീജയ്ക്ക് നടത്തിയിരുന്നു. ഷീജയുടെ തലയോട്ടി പൊട്ടി തലച്ചോറിനും ഗുരുതരമായി മുറിവേറ്റതിനെ തുടര്‍ന്നാണ് അതി സങ്കീര്‍ണ ശസ്ത്രക്രിയ നടത്തിയത്. ന്യൂറോ സര്‍ജറി ഐസിയുവില്‍ തീവ്ര പരിചരണത്തിലാണ് ഷീജയിപ്പോള്‍.
മുഖത്തും തലയിലുമായി ഷീജയ്ക്ക് 3 വെട്ടുകളാണ് ഏറ്റത്. ഒരു വെട്ട് മുഖത്തും രണ്ടുവെട്ട് തലയിലുമാണ് ഏറ്റത്. ഇടത് ചെവിക്ക് മുകളിലായി തലയ്‌ക്കേറ്റ വെട്ട് ആഴത്തിലുള്ളതായിരുന്നു. ഈ ഭാഗത്താണ് അടിയന്തര ന്യൂറോ സര്‍ജറി നടത്തിയത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചേയാണ് പൂങ്കുളത്ത് വീട് കയറി ഭര്‍ത്താവിനേയും ഭാര്യയേയും ആക്രമിച്ചത്. വെട്ടേറ്റ ദാസന്‍ (45) മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കും മുമ്പ് മരണമടയുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക