|    Jan 17 Tue, 2017 12:49 pm
FLASH NEWS

റിപബ്ലിക്കന്‍മാരുടെ കത്ത്; ട്രംപിനുള്ള ധനസഹായം നിര്‍ത്തലാക്കണം

Published : 13th August 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കായുള്ള ധനസഹായം നിര്‍ത്തണമെന്നാവശ്യപ്പെട്ട് റിപബ്ലിക്കന്‍ പാര്‍ട്ടിക്കാരുടെ കത്ത്.
പാര്‍ട്ടിയുടെ ദേശീയ സമിതിക്കാണ് 70ലധികം റിപബ്ലിക്കന്‍ നേതാക്കള്‍ ഒപ്പിട്ട കത്തു സമര്‍പ്പിച്ചത്. ട്രംപിന്റെ വിഭാഗീയതയും സാമര്‍ഥ്യമില്ലായ്മയും നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി ഉണ്ടാകുമെന്ന്  കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ട്രംപിനെയല്ല പാര്‍ട്ടി ശ്രദ്ധിക്കേണ്ടതെന്നും സെനറ്റിലേക്കും പ്രതിനിധി സഭയിലേക്കുമുള്ള സ്ഥാനാര്‍ഥികളെയാണെന്നും കത്തില്‍ വ്യക്തമാക്കുന്നു. യുഎസ് കോണ്‍ഗ്രസ് മുന്‍ അംഗങ്ങളും കത്തില്‍ ഒപ്പുവച്ചവരില്‍ ഉള്‍പ്പെടും. ട്രംപിന്റെ കാര്യഗൗരവമില്ലാത്ത പ്രസംഗങ്ങളും മറ്റും തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേട്ടമുണ്ടാക്കുന്നതിലേക്ക് നയിക്കുമെന്ന് അവര്‍ ആശങ്ക രേഖപ്പെടുത്തി.
ഇതൊരു ബുദ്ധിമുട്ടേറിയ തീരുമാനമല്ലെന്നും ട്രംപ് വിജയിക്കാനുള്ള സാധ്യത ദിവസം ചെല്ലുന്തോറും കുറയുകയാണെന്നുമാണ് കത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍, തനിക്ക് സ്ഥാനാര്‍ഥിത്വം നഷ്ടമാകുമെന്ന് ഭയമില്ലെന്നാണ് ട്രംപിന്റെ പ്രതികരണം.
റിപബ്ലിക്കന്‍ പാര്‍ട്ടിക്കുള്ള ധനസഹായം നിര്‍ത്തലാക്കാന്‍ തനിക്ക് സാധിക്കുമെന്നും ട്രംപ് പ്രതികരിച്ചു. ട്രംപിനുള്ള ധനസഹായം തിരിച്ചെടുക്കുമെന്ന് ആര്‍എന്‍സി ചെയര്‍മാര്‍ റെയ്ന്‍സ് പ്രീബസ് കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, ഇത്തരത്തിലൊരു സംഭാഷണം നടന്നിട്ടില്ലെന്നാണ് ട്രംപിന്റെ പക്ഷം. വിവാദപരമായ പ്രസ്താവനകളെത്തുടര്‍ന്ന് സുപ്രധാന റിപബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ ട്രംപിനെ തള്ളിപ്പറഞ്ഞിരുന്നു. ട്രംപിനുള്ള സാധ്യത കുറഞ്ഞു വരുകയാണെന്നാണ് അടുത്തിടെ പുറത്തുവന്ന സര്‍വേ ഫലങ്ങളും കാണിക്കുന്നത്.
പ്രസിഡന്റായാല്‍ യുഎസില്‍ നിന്നും മുസ്‌ലിംകളെ പുറത്താക്കുമെന്നതുള്‍പ്പെടെയുള്ള ട്രംപിന്റെ പ്രസ്താവനകള്‍ വിവാദമായിരുന്നു. അഭയാര്‍ഥികള്‍ക്കെതിരേയും മെക്‌സിക്കോയ്‌ക്കെതിരേയും പ്രകോപനപരമായ പ്രസ്താവനകള്‍ ട്രംപ് നടത്തിയിരുന്നു.
പാര്‍ട്ടിയിലെ ട്രംപ് വിരുദ്ധരുടെ നിര്‍ദേശങ്ങള്‍
ട്രംപ് തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുന്നതാണ് ഏറ്റവും ഉചിതം. എന്നാല്‍, അദ്ദേഹമതിന് തയ്യാറാവുന്നില്ല.
പകരക്കാരനെ തിരഞ്ഞെടുക്കുക. ട്രംപ് പിന്മാറാന്‍ തയ്യാറാവുന്നില്ലെങ്കില്‍ പാര്‍ട്ടി നിയമമനുസരിച്ച് പകരക്കാരനെ തിരഞ്ഞെടുക്കുക അസാധ്യമാണ്. സ്വതന്ത്രസ്ഥാനാര്‍ഥി ഗാരി ജോണ്‍സണെ ട്രംപിന്റെ പകരക്കാരനായി മിക്കവരും നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍, ഇത് റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാക്കും.
ബലപ്രയോഗത്തിലൂടെ പുറത്താക്കുക. പിന്തുണയില്ലാത്ത വ്യക്തിത്വമെന്ന മറയുണ്ടാക്കി ട്രംപിനെ പുറത്താക്കുകയാണെങ്കില്‍ 10 ലക്ഷത്തോളം റിപബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ തിരഞ്ഞെടുത്ത ഒരാളെ പുറത്താക്കുകയെന്ന പ്രശ്‌നമുദിക്കും. അത് പാര്‍ട്ടിയുടെ അന്തസ്സിന് ചേര്‍ന്നതല്ല. ഇത്തരത്തിലൊരു നടപടി മുമ്പുണ്ടായിട്ടുമില്ല.
ട്രംപിന് അടുത്ത തിരഞ്ഞെടുപ്പില്‍ അവസരം കൊടുക്കുക. ട്രംപ് ഇപ്പോള്‍ പിന്മാറുകയും പകരം അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അവസരം കൊടുക്കുക എന്നുമാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത്.
ഇതൊന്നുമല്ലെങ്കില്‍ തല താഴ്ത്തിപ്പിടിച്ച് ട്രംപ് വിജയിക്കുമെന്ന് കരുതി മുന്നോട്ടു പോവുക. ട്രംപ് വിജയിക്കുമെന്ന പ്രതീക്ഷ ഒട്ടുമില്ലെന്ന് നേതാക്കള്‍ കത്തില്‍ വ്യക്തമാക്കുന്നു.
ട്രംപിനു പകരം റിപബ്ലിക്കന്‍ ദേശീയ സമിതി (ആര്‍എന്‍സി) സെനറ്റിലേക്കും പ്രതിനിധി സഭയിലേക്കും ശ്രദ്ധ മാറ്റുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക