|    Mar 21 Wed, 2018 2:43 pm
FLASH NEWS

റിട്ട. ഡെപ്യൂട്ടി തഹസില്‍ദാരുടെ കൊലപാതകം: പ്രതിക്കു ജീവപര്യന്തം

Published : 30th September 2016 | Posted By: Abbasali tf

കിളിമാനൂര്‍: മോഷണത്തിനായി വീട്ടില്‍ അതിക്രമിച്ചു കടന്നു കിളിമാനൂരില്‍ റിട്ട. ഡെപ്യൂട്ടി തഹസില്‍ദാരെ കൊലപ്പെടുത്തുകയും ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതിയെ ജീവപര്യന്തം കഠിനതടവിനും വിവിധ കുറ്റങ്ങള്‍ക്ക് 20 വര്‍ഷത്തെ തടവിനും 70,000 രൂപ പിഴ ചുമത്തിയും കോടതി ഉത്തരവായി. ഇന്നലെ തിരുവനന്തപുരം രണ്ടാം ജില്ലാ അഡീഷനല്‍ സെഷന്‍സ് ജഡ്ജി വി കെ രാജനാണു കിളിമാനൂര്‍ പുല്ലയില്‍ കടമുക്ക് ദിലീപ് ഭവനില്‍ ദിലീപ് കുമാര്‍ (43) കുറ്റക്കാരന്‍ ആണെന്നു കണ്ട് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിനു പുറമെ കൊലപാതകശ്രമത്തിന് അഞ്ചുവര്‍ഷവും കവര്‍ച്ചയ്ക്കു 10 വര്‍ഷവും അതിക്രമിച്ചുകടന്നതിന് അഞ്ചുവര്‍ഷം വീതം തടവിനും ശിക്ഷിച്ചിട്ടുണ്ട്. ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. കിളിമാനൂര്‍ പുല്ലയില്‍ പേഴുവിളയില്‍ 2014 ഒക്ടോബര്‍ ഒമ്പതിനാണു കൊലപാതകവും കവര്‍ച്ചയും നടന്നത്. നാടിനെ അക്ഷരാര്‍ഥത്തില്‍ നടുക്കിയ സംഭവമായിരുന്നു പട്ടാപകല്‍ നടന്ന കൊലപാതകവും കവര്‍ച്ചയും. മോഹന്‍ കുമാര്‍ വീടിനോടു ചേര്‍ന്ന് എംഎസ് ഫൈനാന്‍സിയേഴ്‌സ് എന്ന പണമിടപാട് സ്ഥാപനം നടത്തിവരുന്നുണ്ട്. കൊല്ലപ്പെട്ട ശൈലജയും മോഹന്‍കുമാറും മാത്രമെ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ഇവര്‍ക്കു മക്കളില്ല. ആറ്റിങ്ങല്‍ താലൂക്ക് ഓഫിസില്‍ നിന്നു വിരമിച്ചവരാണു ശൈലജ. സംഭവദിവസം രാവിലെ 11ഓടെ വിവാഹം ക്ഷണിക്കാന്‍ വന്ന രണ്ടു പേരാണു ദമ്പതികള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നതു കാണുന്നത്. തുടര്‍ന്ന് വിവരം പോലിസിലും നാട്ടിലും അറിയിക്കുകയായിരുന്നു. ശൈലജ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മോഹന്‍ കുമാറിന് മാസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പോലിസ് പിടികൂടി. കേസിലെ 91 സാക്ഷികളില്‍ 38 പേരെ വിസ്തരിച്ചു. 293 തൊണ്ടിമുതലുകളും 63 രേഖകളും ഹാജരാക്കി. 70000 രൂപയും 738 ഗ്രാം സ്വര്‍ണാഭരണവും പ്രതി കവര്‍ന്നെടുത്തിരുന്നു. കൊല ചെയ്യുന്ന സമയത്തു ധരിച്ചിരുന്ന കൈയുറയും പണയ ഉരുപ്പടികളുടെ ലേബലുകളും തെളിവു നശിപ്പിക്കാനായി പ്രതി സമീപത്തെ കശുമാവിന്‍ തോട്ടത്തില്‍ കൊണ്ടിട്ട് കത്തിച്ചുകളയുകയായിരുന്നു. കമ്മല്‍ പണയം വയ്ക്കാനെന്ന വ്യാജേന എത്തിയ പ്രതി ബാഗില്‍ കരുതിയിരുന്ന ചുറ്റിക കൊണ്ടാണു ദമ്പതിമാരെ തലയ്ക്കടിച്ചത.് ആദ്യം മോഹന്‍ കുമാറിനെയും പിന്നീട് കിടപ്പുമുറിയില്‍ ഉണ്ടായിരുന്ന ശൈലജയെയും ആക്രമിക്കുകയായിരുന്നു. പ്രതിയുടെ വീട്ടില്‍ നിന്നു മുഴുവന്‍ സ്വര്‍ണാഭരങ്ങളും പോലിസ് കണ്ടെടുത്തിരുന്നു. കവര്‍ച്ച, അതിക്രമിച്ചുകടക്കല്‍, കൊലപാതകശ്രമം, കൊലപാതകം എന്നീ കുറ്റങ്ങളാണു പ്രതിക്കുമേല്‍ ചുമത്തിയിരുന്നത്. എല്ലാ കുറ്റങ്ങളും കോടതി മുമ്പാകെ സംശയമില്ലാതെ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു. എല്ലാ കുറ്റങ്ങള്‍ക്കും ശിക്ഷ ലഭിച്ചു. ആറ്റിങ്ങല്‍ ഡിവൈഎസ്പി ആയിരുന്ന പ്രതാപന്‍ നായരുടെ നേതൃത്വത്തില്‍ കിളിമാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന എസ് അമ്മിണിക്കുട്ടനും എസ് ഷാജിയുമാണു കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എം ഹാഷിം ബാബുവും ഡി ജി റെക്‌സും കോടതിയില്‍ ഹാജരായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss