|    Aug 17 Thu, 2017 5:16 am
FLASH NEWS

റാന്നിയില്‍ 200 കോടി രൂപയുടെ പദ്ധതികള്‍; പ്രൊജക്റ്റ് റിപോര്‍ട്ട് സമര്‍പ്പിക്കുന്ന ഏജന്‍സിക്കായി 64.10 ലക്ഷം അനുവദിച്ചു

Published : 3rd August 2017 | Posted By: fsq

 

പത്തനംതിട്ട: റാന്നി നിയോജക മണ്ഡലത്തില്‍ ഒരു ഡസനോളം പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതി. 200 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതികള്‍ക്ക് ഓരോന്നിനും വിശദമായ പ്രൊജക്റ്റ് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തുന്ന ഏജന്‍സിക്കായി 64.10 ലക്ഷം രൂപ അനുവദിച്ചു. മൂന്നു പാലങ്ങളും എട്ട് റോഡുകളുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിശദമായ രൂപരേഖകളോടെ തയ്യാറാക്കുന്ന പ്രൊജക്റ്റുകള്‍ മാത്രമേ കിഫ്ബിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കാനാവു. റോഡുകളുടെ നിലവിലുള്ള വീതി വര്‍ധിപ്പിക്കുന്നതും റോഡുകളുടെ പ്രതലങ്ങള്‍ ഏത് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിക്കണം എന്നതിന്റേത് ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ സഹിതമാണ് ഓരോ പ്രൊജക്റ്റും തയ്യാറാക്കുന്നത്. ഇന്‍വെസ്റ്റിഗേഷനായി ഓരോ പ്രവൃത്തിക്കും നിശ്ചയിക്കപ്പെട്ട തുക ചുവടെ കൊടുക്കുന്നു.  പെരുനാട്-പെരുന്തേനരുവി റോഡ് നിര്‍മാണം (6.77 ലക്ഷം), മണിയാര്‍ പാലം (7.36 ലക്ഷം), പുതുക്കട-ചിറ്റാര്‍ റോഡ് (5.45 ലക്ഷം), ഇട്ടിയപ്പാറ-ഒഴുവന്‍പാറ-വടശേരരിക്കര റോഡ് (5.20 ലക്ഷം), തിരുവാഭരണപ്പാത (3.47 ലക്ഷം), ചാക്കപ്പാലം പി ഐ പി കനാലിനു കുറുകെ പാലം (1 ലക്ഷം), ചെത്തോംകര-അത്തിക്കയം റോഡ് (6.30 ലക്ഷം), മുക്കട-ഇടമണ്‍-അത്തിക്കയം റോഡ് (7.44 ലക്ഷം), എഴുമറ്റൂര്‍ -ശാസ്താംകോയിക്കല്‍ റോഡ് (5 ലക്ഷം), മാടമണ്‍ വള്ളക്കടവ് പാലം (8 ലക്ഷം), ചെറുകോല്‍പ്പുഴ-റാന്നി റോഡ് (8.10  ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.  ഇതില്‍ ചെറുകോല്‍പ്പുഴ-റാന്നി റോഡിന്റെ വീതി 11 മീറ്ററായി വര്‍ധിപ്പിക്കുന്നതിന് നാട്ടുകാര്‍ ഇപ്പോള്‍തന്നെ ഭൂമി സൗജന്യമായി വിട്ടുനല്‍കിയിട്ടുണ്ട്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റൂബി സോഫ്റ്റ്‌ടെക് എന്ന ഏജന്‍സി ഇതിനോടകംതന്നെ ചില പ്രവൃത്തികളുടെ സാങ്കേതിക പഠനം ആരംഭിച്ചിട്ടുണ്ട്. എസ്റ്റീം ഡവലപേഴ്‌സ് എന്ന ഏജന്‍സിയും ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സപ്തംബര്‍ മാസത്തോടെ വിശദമായ പ്രൊജക്റ്റ് റിപോര്‍ട്ടുകള്‍ കിഫ്ബിയ്്ക്ക് സമര്‍പ്പിക്കും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഡോ. തോമസ് ഐസക്ക്, ജി സുധാകരന്‍ എന്നിവരുമായി രാജു ഏബ്രഹാം എംഎല്‍എ നടത്തിയ ചര്‍ച്ച നടത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക