|    Nov 18 Sun, 2018 9:58 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

റാങ്കുകാര്‍ക്ക് എന്‍ജിനീയറാവേണ്ട ; ഒന്നാം റാങ്കുകാരന് കണക്കും അഞ്ചാം റാങ്കുകാരന് ഫിസിക്‌സും മതി

Published : 21st June 2017 | Posted By: fsq

കെ  അഞ്ജുഷ

കോഴിക്കോട്: ഇത്തവണത്തെ സംസ്ഥാന എന്‍ജിനീയറിങ് എന്‍ട്രന്‍സ് ഫലം പ്രഖ്യാപിച്ചപ്പോള്‍ ഒന്നും അഞ്ചും റാങ്ക് നേടിയവര്‍ പറയുന്നു തങ്ങള്‍ക്ക് എന്‍ജിനീയറാവേണ്ടെന്ന്. എന്‍ജിനീയറാവുന്നതിനേക്കാള്‍ ഇഷ്ടങ്ങള്‍ക്കനുസരിച്ചു പഠിക്കാനാണു താല്‍പര്യമെന്ന് തുറന്നുപറയാനും ഈ മിടുക്കര്‍ മടിച്ചില്ല. ഒന്നാം റാങ്ക് നേടിയ ഷാഫില്‍ മാഹീന് താല്‍പര്യം കണക്ക് പഠിക്കാനാണെങ്കില്‍ അഞ്ചാം റാങ്ക് നേടിയ എം നന്ദഗോപാലിന് താല്‍പര്യം ഫിസിക്‌സില്‍ റിസര്‍ച്ച് ചെയ്യാനാണ്. ഇരുവരും ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ (ഐഐഎസ്്‌സി) ഇതിനകം സീറ്റും ഉറപ്പാക്കിക്കഴിഞ്ഞു.കിഷോര്‍ വൈജ്ഞാനിക് പ്രോല്‍സാഹന്‍ യോജന(കെവിപിവൈ) പരീക്ഷയില്‍ ദേശീയതലത്തില്‍ നേടിയ 41ാം റാങ്കിന്റെ ബലത്തിലാണ് ഷാഫില്‍ അവിടെ പ്രവേശനം നേടിയത്. ഇതേ പരീക്ഷയില്‍ 44ാം റാങ്ക് കരസ്ഥമാക്കിയാണ് നന്ദഗോപാല്‍ ഐഐഎസ്‌സിയില്‍ അഡ്മിഷന്‍ നേടിയത്. 360ല്‍ 331 മാര്‍ക്ക് നേടി ഇന്ത്യയിലെ ഏറ്റവും കഠിനമായ എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയായ ജെഇഇ അഡ്വാന്‍സ്ഡില്‍ നാലാം റാങ്കും കരസ്ഥമാക്കിയ ഷാഫില്‍ ദക്ഷിണേന്ത്യയില്‍ തന്നെ ഒന്നാമനാണ്.സംസ്ഥാന സര്‍ക്കാരിന്റെ എന്‍ട്രന്‍സില്‍ ഒന്നാം റാങ്ക് നേടിയപ്പോള്‍ മധുരം ഇരട്ടിയായി. പിതാവ് കെ നിയാസ് തിരൂര്‍ എസ്എസ്എം പോളിടെക്‌നിക് കോളജില്‍ അധ്യാപകനും മാതാവ് ഷംജിദ കാവൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ഡോക്ടറുമാണ്. കോഴിക്കോട് നഗരത്തില്‍ അരയിടത്തുപാലത്തിനു സമീപത്തെ സൗഭാഗ്യ അപാര്‍ട്ട്‌മെന്റിലാണ് താമസം.ഒന്നാം റാങ്കിനെ കുറിച്ച് ഷാഫിലിന് പറയാനുള്ളത് കുറച്ച് വാക്കുകള്‍ മാത്രം. സന്തോഷം, ഒപ്പം ഭാഗ്യവും. ശരിക്കും എന്‍ട്രന്‍സില്‍ എന്നെക്കാള്‍ സ്‌കോര്‍ ചെയ്‌തൊരു കുട്ടിയുണ്ടായിരുന്നു. പക്ഷേ, എന്റെ പ്ലസ്ടു മാര്‍ക്ക് കൂടി പരിഗണിച്ചപ്പോഴാണ് ഒന്നാം റാങ്കായത്. ഒട്ടും പ്രതീക്ഷിച്ചതല്ല.’എന്‍ജിനീയറിങിലേക്കില്ല. ഗണിതശാസ്ത്രത്തിലാണു താല്‍പര്യം. അതില്‍ ഗവേഷണം നടത്തണം. വീട്ടുകാര്‍ക്ക് താല്‍പര്യം കംപ്യൂട്ടര്‍ സയന്‍സിനോടും മറ്റുമായിരുന്നു. പക്ഷേ, എന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ സീറ്റ് വാങ്ങിയത്. നാലുവര്‍ഷത്തെ ബാച്ചിലര്‍ ഓഫ് സയന്‍സ് (റിസേര്‍ച്ച്) പ്രോഗ്രാമാണ് കോഴ്‌സ്. തിരൂര്‍ എംഇഎസിലാണ് 10ാം ക്ലാസ് വരെ പഠിച്ചത്. തുടര്‍ന്ന് കോഴിക്കോട് റെയ്‌സില്‍ നിന്ന് പ്ലസ്ടു. അവിടെ തന്നെയായിരുന്നു എന്‍ട്രന്‍സ് പരിശീലനവും.ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ 93ാം റാങ്ക് നേടിയ എം നന്ദഗോപാല്‍ ഭാരതീയ വിദ്യാഭവനിലാണ് 10ാം ക്ലാസ് വരെ പഠിച്ചത്. പ്ലസ്ടു ചെന്നൈ ശ്രീപെരുമ്പത്തൂര്‍ മഹര്‍ഷി ഇന്റര്‍നാഷനല്‍ സ്‌കൂളില്‍. കോവൂര്‍ എംഎല്‍എ റോഡില്‍ നന്ദാലയത്തിലാണ് താമസം. കണ്ണൂര്‍ ആകാശവാണിയില്‍ സീനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ് മനോജ്കുമാറിന്റെയും കോഴിക്കോട് എല്‍ഐസി ജീവനക്കാരി ശ്രീജ ശ്രീധരന്റെയും മകനാണ്. സഹോദരി നന്ദിത തിരുവനന്തപുരം സിഇടി കാംപസില്‍ ആര്‍കിടെക്റ്റ് വിദ്യാര്‍ഥിയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss