|    Mar 25 Sat, 2017 3:24 pm
FLASH NEWS

റസാഖിനോട് സിനിമാലോകം അനാദരവ് കാട്ടിയെന്ന് ആരോപണം

Published : 17th August 2016 | Posted By: SMR

കോഴിക്കോട്: അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ടി എ റസാഖിനോട് സിനിമാലോകം അനാദരവ് കാട്ടിയതായി ആരോപിച്ച് ഒരുവിഭാഗം ചലച്ചിത്രപ്രവര്‍ത്തകര്‍ രംഗത്ത്. ആഗസ്ത് 15ന് കോഴിക്കോട് സരോവരത്തില്‍ അരങ്ങേറിയ ‘മോഹനം എന്ന പരിപാടിയുടെ വിജയത്തിനായി റസാഖിന്റെ മരണവാര്‍ത്ത പുറംലോകത്തെ അറിയിക്കാതെ മൂടിവച്ചുവെന്നാണ് ആരോപണം.
തിങ്കളാഴ്ച ഉച്ചയ്ക്ക് മുമ്പ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ റസാഖിന്റെ മരണം സംഭവിച്ചിരുന്നു. എന്നാല്‍, ദൃശ്യമാധ്യമങ്ങളില്‍ പോലും മരണവാര്‍ത്ത വന്നതു വളരെ വൈകിയാണ്. സരോവരത്തില്‍ അവശതയനുഭവിക്കുന്ന കലാകാരന്‍മാര്‍ക്കുവേണ്ടി സംഘടിപ്പിച്ച ‘മോഹനം’ പരിപാടിക്കിടയില്‍ പോലും ഇത്രയും പ്രശസ്തനായൊരു തിരക്കഥാകൃത്തിന്റെ മരണവിവരം അറിയിച്ചില്ലായെന്ന കൊടും അപരാധവും മലയാളസിനിമയുടെ ഗ്ലാമര്‍ പരിവേഷം ചാര്‍ത്തിയ സിനിമാക്കൂട്ടം കാണിച്ചുവെന്നും ആരോപണമുണ്ട്.
എറണാകുളത്തു നിന്നു വൈകുന്നേരം മാത്രമാണ് റസാഖിന്റെ ഭൗതികശരീരം വഹിച്ചുള്ള വാഹനം കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. അത് കോഴിക്കോട്ടെത്തുന്നത് ‘മോഹനം’ പരിപാടി കഴിഞ്ഞശേഷമാണ്. ആംബുലന്‍സ് വഴിയില്‍ നിര്‍ത്തിയിട്ടുവെന്നാണ് സംവിധായകന്‍ അലി അക്ബര്‍ കുറ്റപ്പെടുത്തിയത്. കോഴിക്കോടിന്റെ സ്വന്തം റസാഖിന്റെ മരണം കോഴിക്കോട്ടുകാര്‍ അറിയുന്നത് അര്‍ധരാത്രിയിലായിരുന്നു. ഇത്രയും വലിയൊരു എഴുത്തുകാരന്റെ മരണത്തില്‍ അനുശോചിക്കാന്‍ പരിപാടി നിര്‍ത്തിവയ്ക്കുകയായിരുന്നു വേണ്ടത്. അതല്ലെങ്കില്‍, പരിപാടിക്കിടയില്‍ ചലച്ചിത്രപ്രേമികളായ പ്രേക്ഷകരെ ആ ദുഃഖവാര്‍ത്ത അറിയിക്കുകയെങ്കിലും ‘മോഹനം’ സംഘാടകര്‍ക്കു ചെയ്യാമായിരുന്നുവെന്നും അലി അക്ബര്‍ അഭിപ്രായപ്പെട്ടു.
അര്‍ധരാത്രിയില്‍ ടൗണ്‍ഹാളിലെത്തിച്ച മൃതദേഹം ഏറ്റുവാങ്ങാന്‍ എ പ്രദീപ്കുമാര്‍ എംഎല്‍എ മാത്രമായിരുന്നു ഉണ്ടായത്. അഭിനയ-സംവിധാന മഹാരഥന്‍മാര്‍ അപ്പോഴും ‘മോഹനം’ പരിപാടിയില്‍ മുഴുകി ഇരിപ്പായിരുന്നുവെന്നാണു മറ്റൊരു ആരോപണം. മോഹന്‍ലാല്‍, മമ്മൂട്ടി, ഐ വി ശശി, കമല്‍ തുടങ്ങി നിരവധി ചലച്ചിത്ര സാംസ്‌കാരിക പ്രവര്‍ത്തകര്‍ ടൗണ്‍ഹാളിലെത്തി രാത്രിയില്‍ അന്ത്യോപചാരമര്‍പ്പിച്ചു. രാത്രി രണ്ടോടെയാണു ഭൗതികശരീരം കൊണ്ടോട്ടിയിലേക്കു കൊണ്ടുപോയത്.
കോഴിക്കോട്ടെ റസാഖിന്റെ വസതിയിലേക്കു മൃതദേഹം കൊണ്ടുപോവാത്തതിനെച്ചൊല്ലിയും വാഗ്വാദങ്ങളുയര്‍ന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍കൂടിയായ സംവിധായകന്‍ കമലിന്റെ നേരെയാണ് ഏറ്റവും കൂടുതല്‍ ആരോപണം ഉയര്‍ന്നുവന്നിട്ടുള്ളത്.

(Visited 27 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക